Connect with us

ഇറ്റാലിയന്‍ താര റാണി ജീന ലോലോബ്രിജിഡ അന്തരിച്ചു

News

ഇറ്റാലിയന്‍ താര റാണി ജീന ലോലോബ്രിജിഡ അന്തരിച്ചു

ഇറ്റാലിയന്‍ താര റാണി ജീന ലോലോബ്രിജിഡ അന്തരിച്ചു

ഇറ്റാലിയന്‍ താര റാണി ജീന ലോലോബ്രിജിഡ അന്തരിച്ചു. നീണ്ട കാലമായി ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ജീന ലോലോബ്രിജിഡ തന്റെ 95ാമത്തെ വയസിലാണ് അന്തരിക്കുന്നത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നായിരുന്നു മാധ്യമങ്ങള്‍ ഇവരെ വിശേഷിപ്പിച്ചിരുന്നത്. 1950കളില്‍ ഹോളിവുഡിന്റെ സെക്‌സ് സിമ്പല്‍ കൂടിയായിരുന്നു ജീന ലോലോബ്രിജിഡ.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇറ്റാലിയന്‍ സിനിമയുടെ വളര്‍ച്ചയുടെ ഭാഗമായിരുന്നു ജീന ലോലോബ്രിജിഡ. ഹോളിവുഡിലും ഇവര്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിരുന്നു.ഹോളിവുഡിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നായികയായി തിളങ്ങിയിരുന്ന അഭിനേത്രികളില്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്ന ഒരേയൊരു താരമായിരുന്നു ജീന.

1927 ജൂലൈ നാലിന് ഇറ്റലിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജീന ലോലോബ്രിജിഡ ജനിക്കുന്നത്. കുട്ടിക്കാലം മുതലേ കലാ രംഗത്തിനോട് അഭിനിവേശം ഉണ്ടായിരുന്നു എങ്കിലും സിനിമാ മേഖലയോട് ജീനയ്ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. കൗമാരക്കാലത്ത് ശില്പ കല പഠിക്കാന്‍ തീരുമാനിച്ച ജീന, തന്റെ പഠനത്തിനും മറ്റ് ജീവിത ചെലവുകള്‍ക്കുമുള്ള പണം സ്വയം കണ്ടെത്താന്‍ തുടങ്ങി.

അതിനുവേണ്ടിയാണ് ജീന മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്. 1947 ല്‍ മിസ് ഇറ്റലി കോമ്പറ്റീഷനില്‍ ജീന ലോലോബ്രിജിഡ മൂന്നാം സ്ഥാനം കൈവരിച്ചു. മോഡലിങ് രംഗത്ത് തുടരുമ്പോള്‍ അപ്രതീക്ഷിതമായാണ് ജീന അഭിനയരംഗത്തേക്ക് വരുന്നത്. അദ്യ സിനിമയുടെ ഓഫര്‍ വന്നപ്പോള്‍ ജീന അത് നിരസിച്ചു.

പക്ഷെ വിടാതെ പിന്നാലെ കൂടിയ നിര്‍മ്മാതാക്കളെ ഒഴിവാക്കാന്‍ ജീന ഒരു മില്ല്യണ്‍ ലിറ പ്രതിഫലമായി നല്‍കിയാല്‍ സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ജീനയെ അത്ഭുതപ്പെടുത്തി നിര്‍മ്മാതാക്കള്‍ അതും സമ്മതിച്ചു. അങ്ങനെയാണ് ജീന ലോലോബ്രിജിഡ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റിയലിസ്റ്റിക് സിനിമകളുടെ നിര്‍മ്മാണത്തിലൂടെ ഇറ്റാലിയന്‍ ചലച്ചിത്ര രംഗം വളര്‍ച്ചയുടെ പാതയിലൂടെ പോകുമ്പോഴായിരുന്നു ജീന ലോലോബ്രിജിഡയുടെ വരവ്. ഗ്ലാമറസ് വേഷങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത അവര്‍ വളരെ വേഗം ജനശ്രദ്ധ പിടിച്ചു പറ്റി. ബ്രെഡ് ലവ് ആന്റ് ഡ്രീംസ്, വുമണ്‍ ഓഫ് റോം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ വളരെ വേഗം ഇറ്റലിയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറി.

1953 ല്‍ പുറത്തിറങ്ങിയ ബീറ്റ് ദി ഡെവിളാണ് ജീന ലോലോബ്രിജിഡ യുടെ ആദ്യ ഹോളിവുഡ് ചിത്രം. സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങളിലൂടെ അവര്‍ 1954 ലെ ടൈംസ് മാഗസീനിന്റെ കവര്‍ പേജില്‍ ഇടം പിടിച്ചു. 1955 ല്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍ ബട്ട് ഡെയ്ഞ്ചറസ് എന്ന ഇറ്റാലിയന്‍ ചിത്രത്തിലെ പ്രകടനത്തോടെയാണ് മാധ്യമങ്ങള്‍ ജീന ലോലോബ്രിജിഡയെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്.

എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രശംസകള്‍ കൊണ്ട് മൂടുമ്പോള്‍ മാധ്യമങ്ങള്‍ ഒരു അഭിനേതാവെന്ന നിലയിലുള്ള തന്റെ കഴിവുകളെ നിരാകരിക്കുന്നതില്‍ അവര്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 1961 ല്‍ പുറത്തിറങ്ങിയ കം സെപ്റ്റംബര്‍ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജീന ലോലോബ്രിജിഡയ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു.

1970കള്‍ക്ക് ശേഷം അഭിനയ രംഗത്തില്‍ നിന്ന് പതിയെ അവര്‍ പതിയെ പിന്‍മാറിത്തുടങ്ങി. തുടര്‍ന്ന് ഫോട്ടോഗ്രാഫിയിലും ശില്പ കലയിലും ജീന ശ്രദ്ധ കേന്ദ്രീകരിച്ചു. 1997 ല്‍ പുറത്തിറങ്ങിയ എക്‌സ്എക്‌സ്എല്ലായിരുന്നു അവരുടെ അവസാന ചിത്രം. തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ജീന ലോലോബ്രിജിഡ 1999 ല്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജീന ലോലോബ്രിജിഡയുടെ മരണത്തോടെ നമുക്ക് നഷ്ടപ്പെടുന്നത് ഹോളിവുഡിനെയും ഇറ്റാലിയന്‍ സിനിമയെയും അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നൂറ് കണക്കിന് പ്രതിഭകളില്‍ ഒരാളെയാണ്.

More in News

Trending

Recent

To Top