ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്… ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നതെന്ന് മഞ്ജു വാര്യർ, അജിത്തിനൊപ്പം ബൈക്ക് യാത്ര നടത്തി ലേഡി സൂപ്പർ സ്റ്റാർ
രണ്ടാം വരവിൽ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന മഞ്ജു വാര്യർ വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന് ശേഷം തമിഴ് സിനിമയില്‍ വീണ്ടും അഭിനയിക്കുകയാണ്. വലിമൈയ്ക്ക് ശേഷം എച്ച്. വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ അജിത്തും സംഘവുമായി നടത്തിയ ഒരു ബൈക്ക് യാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് താരം
അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയുടെ ചിത്രങ്ങൾ മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന എകെ 61 എന്ന ചിത്രത്തിന്റെ ഭാഗമായാണ് താരങ്ങൾ ലാഡാക്കിൽ എത്തിയതെന്നാണ് വിവരം.
“ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി! ഒരു തീക്ഷ്ണ യാത്രികൻ ആയതിനാൽ, ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി. ഒത്തിരി സ്നേഹം”, എന്നാണ് മഞ്ജു വാര്യർ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. കാശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പതിനാറ് പേര്‍ അടങ്ങിയ സംഘമായിരുന്നു യാത്ര പുറപ്പെട്ടത്.
വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘എ കെ 61’. ഏപ്രിലിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്.
വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തിയ അസുരനായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ്ചിത്രം. അസുരനിലെ പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരൂപകരുടെയും പ്രേക്ഷകരുടെയും കയ്യടി നേടിയ അസുരന്‍ ബോക്സ് ഓഫീസിലും വന്‍ വിജയമായി.
