അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ പരിഭ്രാന്തയായിരുന്നു… ഒന്ന് എഴുന്നേറ്റ് ഹായ് പറയാന്‍ പോലും സാധിച്ചില്ല! എന്റെ ആദ്യത്തേതും എക്കാലത്തേയും ക്രഷ് ആ നടൻ;തുറന്ന് പറഞ്ഞ് മാളവിക
സിനിമാ മേഖലയിലെ തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മാളവിക മോഹനന്. ഷാരുഖ് ഖാനാണ് തന്റെ ആദ്യത്തെ ക്രഷ് എന്നും വിജയ് ആണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരമെന്നുമാണ് താരം പറയുന്നത്. ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഷാരുഖ് ഖാന് ആണ് എന്റെ ആദ്യത്തേതും എക്കാലത്തേയും ക്രഷ്. ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ഏറെ പരിഭ്രാന്തയായിരുന്നു. എനിക്ക് ഒന്ന് എഴുന്നേറ്റ് ഹായ് പറയാന്‍ പോലും സാധിച്ചില്ല. ഞാന്‍ വിജയ്യെക്കുറിച്ച് ഏറെ പറയുന്നതിനാല്‍ അദ്ദേഹം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന് എല്ലാവര്ക്കും അറിയാം. എന്നാലും ആരെങ്കിലും മറന്ന് പോയാലോ എന്ന് കരുതി പറയുകയാണ്. ഞാന്‍ എവിടെ വര്‍ക്ക് ചെയ്താലും ആരുടെ കൂടെ വര്‍ക്ക് ചെയ്താലും എനിക്ക് അദ്ദേഹം തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്’, മാളവിക പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമയില്‍ ആരാധകരുള്ള മാളവിക മോഹനന് രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തമിഴ് സിനിമാ അരങ്ങേറ്റം. വിജയ് നായകനായെത്തിയ മാസ്റ്റര്‍ ആയിരുന്നു കോളിവുഡിലെ നടിയുടെ രണ്ടാമത്തെ ചിത്രം.
