Social Media
ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്, പങ്കുവെച്ചത് ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്; ടിനി ടോം
ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്, പങ്കുവെച്ചത് ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്; ടിനി ടോം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം നസീറിനെ കുറിച്ച് നടൻ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സിനിമകൾ ഇല്ലാതായപ്പോൾ പ്രേം നസീർ മേക്കപ്പിട്ട് ഇറങ്ങി ബഹദൂറിന്റെ വീട്ടിൽ പോയിരുന്ന് കരഞ്ഞിരുന്നു എന്നാണ് ടിനി ടോം പറഞ്ഞത്.
നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചത്. കാരണം അദ്ദേഹത്തിന്റെ സ്റ്റാർഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറിന്റെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് പറയുന്നു.
ഞാൻ നാളെ ഇവിടെ ഉണ്ടാകണമെന്നില്ല. ഈ പറയുന്ന ഞാൻ പോലും ഡിപ്രസ്ഡ് ആകും. ഏഴ് വർഷം അമ്മ സംഘടനയിൽ നിന്ന് കണ്ടതും പഠിച്ചതും എനിക്ക് തന്നെ ട്രോമയായി. ടിപി മാധവൻ എന്ന നടൻ ഈയടുത്ത് മരിച്ചു. അനാഥനായാണ് മരിച്ചത്. ക്ലബുകളിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ലക്ഷ്വറി ലൈഫ്. അവസാനം ഒരു അനാഥാലയത്തിലായി.
റീത്ത് വെക്കാൻ പോകുമ്പോൾ ബന്ധുക്കൾ ആരുമില്ലായിരുന്നു എന്നാണ് ടിനി ടോം പറഞ്ഞത്. ഈ വാദത്തിനെതിരെ നിരവധി പേർ ടിനി ടോമിനെതിരെ രംഗത്തെത്തിയിരുന്നു. സംവിധായകനും പ്രേം നസീറിന്റെ ബന്ധുവുമായി എംഎ നിഷാദ്, ശാന്തിവിള ദിനേശ്, ഭാഗ്യലക്ഷ്മി, ആലപ്പി അഷ്റഫ് എന്നിവരെല്ലാം രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ പ്രേംനസീറിനെതിരെയുള്ള വിവാദ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം. പ്രേംനസീർ എന്ന മഹാനടനെതിരെ താൻ അറിഞ്ഞുകൊണ്ട് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും തന്റെ സീനിയർ താരങ്ങളിൽ ചിലർ പങ്കുവെച്ച അഭിപ്രായങ്ങളിൽ ചിലതാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വളരെ വൈകിയാണ് ഒരു വാർത്ത ഞാൻ കണ്ടത്. നസീർ സാറിനെ ഞാൻ മോശം പരാമർശം നടത്തി എന്ന് പറഞ്ഞിട്ട്. ദ ഗോഡ് ഓഫ് മലയാളം സിനിമ, ദ ലെജന്റ് ഓഫ് മലയാളം സിനിമ നസീർ സാറിനെ ആരാധിക്കുന്ന ഒരുപാട് പേർ ലോകത്തുണ്ട്. അതിൽ ഉൾപ്പെടുന്ന ചെറിയ ഒരാളാണ് ഞാൻ. നസീർ സാർ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു. അത്രയും വലിയ ഒരു സ്റ്റാറിനെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്.
ഒരു ഇന്റർവ്യൂവിലെ ചെറിയ ഭാഗം അടർത്തി എടുത്ത് തെറ്റായ വ്യാഖ്യാനത്തിലൂടെ പല വാർത്തകളും പുറത്തുവിടുകയാണ് ഉണ്ടായത്. ഞാൻ നസീർ സാറിനെ നേരിട്ട് കണ്ടിട്ടുകൂടി ഇല്ല. ഒരു സീനിയർ തന്ന വിവരം. ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്. അല്ലാതെ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരംവച്ച് ഷെയർ ചെയ്ത കാര്യമാണ്.
അതൊരിക്കലും ആരെയും മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല. കാരണം ഇവരൊക്കെ തിരിച്ചു കിട്ടാത്ത ലെജന്റ്സ് ആണ്. പല സീനിയേഴ്സ് മരിക്കുമ്പോഴും ഞാൻ അവിടെ പോകാറുണ്ട്. എന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അത് നാട്ടുകാരെ കാണിക്കാനല്ല. കാരണം ഇവരെയൊന്നും ഇനി നമുക്ക് തിരിച്ച് കിട്ടില്ല.
അത്രയും ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്. ആരെയും വാക്ക് കൊണ്ടു പോലും വേദനിപ്പിക്കരുതെന്ന് വിചാരിച്ച് അതിനനുസരിച്ച് ജീവിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെ ഒരു സംഭവം ഞാൻ ഉൾപ്പെടെയുള്ളവർക്ക് വേദന ഉണ്ടാക്കുന്നതാണ്.
പ്രത്യേകിച്ച് പ്രേംനസീർ സുഹൃത് സമിതി ലോകം മുഴുവൻ ഉണ്ട്. അതിൽ എന്റെ സുഹൃത്തുകളുണ്ട്. ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന പ്രസിഡന്റ് ഒക്കെ എനിക്ക് അടുത്ത് അറിയാവുന്നവരാണ്. ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും ചോദിക്കാൻ ഞാൻ തയാറാണ്.
അത്രയും വലിയ ലെജന്റിന്റെ കാൽക്കൽ വീഴാനും ഞാൻ തയാറാണ്. അദ്ദേഹത്തിന്റെ മകൻ ഷാനവാസ് ഇക്കയുമായി ഞാൻ സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ട്. ആരാധന കൊണ്ട് തന്നെയാണ്. അതുപോലെ സത്യൻ മാഷിന്റെ മകൻ സതീഷ് സത്യൻ മാഷിനോട് ചോദിച്ചാൽ അറിയാം അദ്ദേഹത്തെ ഓണർ ചെയ്യണം എന്ന് പറഞ്ഞ് വാദിച്ച ഒരാളാണ് ഞാൻ.
ഇത്തവണത്തെ മീറ്റിങ് നസീർ സാറിന്റെ ശബ്ദത്തിൽ തുടങ്ങണമെന്ന് പറഞ്ഞ് വാദിച്ച ഒരാളാണ്. അതിന്റെ ഒരു എഐ ക്രിയേറ്റ് ചെയ്തിട്ടാണ് തുടങ്ങിയത്. അതുകൊണ്ട് മനസാ വാചാ കർമണാ ഇങ്ങനെ വാർത്തയിൽ വന്ന പോലെ വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല എന്നെ കൊണ്ട് പറ്റുകയുമില്ല. എന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് ടിനി ടോം പറഞ്ഞത്.
