Bollywood
‘അവതാർ’ എന്ന പേര് നിർദ്ദേശിച്ചത് ഞാൻ, അവതാറിൽ നായകനാകാൻ 18 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു, കാരണം; വെളിപ്പെടുത്തി നടൻ ഗോവിന്ദ
‘അവതാർ’ എന്ന പേര് നിർദ്ദേശിച്ചത് ഞാൻ, അവതാറിൽ നായകനാകാൻ 18 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു, കാരണം; വെളിപ്പെടുത്തി നടൻ ഗോവിന്ദ
ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ പുറത്തെത്തി ലോകമെമ്പാടും ആരാധകരെ സൃഷ്ടചിച്ച ചിത്രമാണ് അവതാർ. ഇപ്പോഴിതാ ഈ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ഓർമകൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ‍് നടൻ ഗോവിന്ദ.
18 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും താൻ അത് നിരസിക്കുകയാണ് ചെയ്തതെന്ന് താരം പ്രതികരിച്ചു. മുകേഷ് ഖന്നയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ. ജെയിംസ് എന്നോട് സിനിമയെക്കുറിച്ച് വിശദീകരിച്ചപ്പോൾ തന്നെ ‘അവതാർ’ എന്ന പേര് നിർദ്ദേശിച്ചത് ഞാനായിരുന്നു.
നായകൻ ദിവ്യാംഗനാണ്, 410 ദിവസമാണ് ഷൂട്ടിംഗിന് വേണ്ടി വരിക. തയ്യാറാണെങ്കിൽ 18 കോടി പ്രതിഫലം നൽകാം. ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ആദ്യം ഞാൻ ഓകെ പറഞ്ഞു. പിന്നീടാണ് ചിന്തിച്ചത്. ദേഹത്ത് ഇത്രയും നാൾ പെയിന്റ് ചെയ്യേണ്ടി വന്നാൽ ഞാൻ ആശുപത്രിയിലായേക്കും.
ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ശരീരമെന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. ചില കാര്യങ്ങൾ പ്രൊഫഷണലിസത്തോടെ ചെയ്യേണ്ടി വരുമ്പോൾ അത് നമ്മുടെ ശരീരത്തിന് എന്തെല്ലാം പ്രത്യാഘാതം കൂടി സൃഷ്ടിക്കേണ്ടി വരുമെന്നത് കൂടി പരിഗണിക്കണം എന്നുമാണ് നടൻ അഭിമുഖത്തിൽ പറഞ്ഞത്.
അതേസമയം, 2009-ലായിരുന്നു അവതാർ പുറത്തെത്തിയത്. സീക്വലായ അവതാർ: ദി വേ ഓഫ് വാട്ടർ 2022ലും പുറത്തിറങ്ങി. അവതാർ 3 ഈ വർഷം പുറത്തെത്തും. മറ്റു രണ്ടു ഭാഗങ്ങളെ അപേക്ഷിച്ച് അവതാർ 3യുടെ ദൈർഘ്യം കൂടുതലായിരിക്കുമെന്നാണ് ജയിംസ് കാമറൂൺ പറയുന്നത്.
മൂന്നു മണിക്കൂറിൽ അധികമായിരിക്കും അവതാറിൻറെ ദൈർഘ്യം. സാം വെർത്തിങ്ടൺ, സോ സൽദാന എന്നിവരാണ് ജെക്ക് ലുള്ളി, നെയ്തിരി എന്നിവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ 19ന് ചിത്രം റിലീസ് ചെയ്യും. 2.9 ബില്യൺ ഡോളർ ആണ് ആഗോളതലത്തിൽ അവതാർ സ്വന്തമാക്കിയത്. 2022 ൽ പുറത്തിറങ്ങിയ അവതാർ 2.3 2.9 ബില്യൺ ഡോളർ കലക്റ്റ് ചെയ്തു.
