News
സര്‍ജറിക്ക് ശേഷം മരുന്നുകളുടെ ശക്തി മൂലം താന്‍ നേരിടുന്നത് കടുത്ത മാനസികമായി ബുദ്ധിമുട്ടുകള്‍; തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് നടന് അബ്ബാസ്
സര്‍ജറിക്ക് ശേഷം മരുന്നുകളുടെ ശക്തി മൂലം താന്‍ നേരിടുന്നത് കടുത്ത മാനസികമായി ബുദ്ധിമുട്ടുകള്‍; തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് നടന് അബ്ബാസ്
വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അബ്ബാസ് എന്ന നടനെ ഓര്‍ത്തിരിക്കാന്‍. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം ഹിറ്റായെങ്കിലും അബ്ബാസിന് മലയാളത്തില്‍ കൂടുതല്‍ അവസരമൊന്നും ഉണ്ടാക്കികൊടുത്തില്ല.
സുരേഷ്ഗോപിക്കൊപ്പം ഡ്രീംസ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അബ്ബാസിനു നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നില്ല ഇത്. മമ്മൂട്ടി നായകനായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നല്ല വേഷമായിരുന്നു ചെയ്തത്. തമിഴില്‍ നിരവധി ചിത്രത്തില്‍ നായകനായെങ്കിലും അവിടെയും വിജയിച്ച നായകന് എന്ന പേരുണ്ടാക്കാന്‍ അബ്ബാസിന് സാധിച്ചില്ല. സിനിമകളില്‍ നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് അബ്ബാസ് ഇപ്പോള്‍. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ന്യൂസിലാന്റിലേക്ക് താമസം മാറിയ അബ്ബാസ് അവിടെ ജോലി ചെയ്യുകയാണ്.
സോഷ്യല്‍ മീഡിയ വഴി തന്റെ ആരാധകരുമായി അബ്ബാസ് വിശേഷം പങ്കുവെക്കാറുണ്ട്. സിനിമയിലേക്ക് തിരികേ വരൂ എന്ന് അബ്ബാസിനോട് ആവശ്യപ്പെടുന്നവരും നിരവധി ആണ്. എന്നാല്‍ ലൈം ലൈറ്റ് ജീവിതം വിട്ട് തന്റേതായ സ്വകാര്യ ജീവിതത്തിന് ശ്രദ്ധ നല്‍കിയിരിക്കുകയാണ് അബ്ബാസ്. അടുത്തിടെ ആണ് അബ്ബാസിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയത്. ഇതിന്റെ വിവരങ്ങളും അബ്ബാസ് പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള തന്റെ ദിവസങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കയാണ് അബ്ബാസ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ആണ് നടന് ഇതേപറ്റി സംസാരിച്ചത്.
സര്‍ജറിക്ക് ശേഷം മരുന്നുകളുടെ ശക്തി മൂലം തനിക്ക് മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നാണ് അബ്ബാസ് പറയുന്നത്. ആരോടും സംസാരിക്കാന്‍ പറ്റാതെ നെഗറ്റീവ് ചിന്തകളാല്‍ മാനസികമായി തകര്‍ന്നിരുന്നെന്ന് അബ്ബാസ് തുറന്ന് പറഞ്ഞു. ‘മാനസികമായി ഒരുപാട് അപ്സ് ആന്റ് ഡൗണ്‍സിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ നിങ്ങളുമായി സംസാരിക്കാന്‍ പറ്റിയില്ല. ഫോണെടുത്ത് സുഹൃത്തുക്കളോട് സംസാരിക്കാന്‍ പോലും ഒരു തരം പേടി ആയിരുന്നു’
‘ഓപ്പറേഷന് ശേഷം എനിക്ക് ഒരു തരം ആങ്സൈറ്റി ഉണ്ട്. മരുന്നുകള്‍ കാരണം. ഇപ്പോള്‍ ഭേദമായി വരുന്നു. ഒരുപാട് പേര് അവരുടെ പ്രശ്നങ്ങള്‍ പറയാനായി എന്നോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. ക്ഷമിക്കണം. പക്ഷെ ഇപ്പോഴാണ് ഒരാളോട് സംസാരിക്കാനുള്ള ധൈര്യം കിട്ടിയത്’.
‘മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരെക്കുറിച്ച് ഒരുപാട് ചിന്തകള്‍ എന്റെ മനസ്സില്‍ കൂടെ പോവുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടെങ്കിലും ഞാന്‍ മനസ്സിലാക്കിയിടത്തോളം നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും നിങ്ങളെ സഹായിക്കാന്‍ പറ്റില്ല. നമ്മള് മാനസികമായി ശക്തരാവേണ്ടതുണ്ട്. നിങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റന്‍ നിങ്ങള്‍ തന്നെ ആയിരിക്കണം’. ‘പലരും പല തരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ ലോകത്ത് നിന്നും ആളുകളില്‍ നിന്നും ഡിറ്റാച്ച് ചെയ്യാന്‍ പഠിക്കുകയാണ്. ഇമോഷണലി ബാധിക്കാതിരിക്കലാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്’
‘ആളുകളുമായുള്ള ബന്ധം ഒഴിവാക്കലല്ല. ഞാന്‍ എന്റെ മൈന്റ് സെറ്റ് ഒന്ന് മാറ്റാന്‍ വേണ്ടി ആണ് ഇപ്പോള്‍ ഓഫീസില്‍ വന്നിരിക്കുന്നത്. വര്‍ക് ഫ്രം ഹോം സൗകര്യം എനിക്കുണ്ട്. അത് എനിക്ക് മടുത്തു. എനിക്ക് ആളുകളെ കാണണം’. ‘ഇവിടെ ആണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. വീട്ടിലേക്ക് പോവാന്‍ ടാക്സി കാത്തിരിക്കുകയാണ് ഞാന്‍. കാരണം ഇപ്പോള്‍ െ്രെഡവ് ചെയ്യരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്’.
‘മെഡിക്കേഷന്‍ മൂലമാണ് എനിക്ക് ഇങ്ങനെ ഒരു മാനസിക ബുദ്ധിമുട്ട് വന്നത്. നെഗറ്റീവ്, ആത്മഹത്യാ ചിന്തകളും മറ്റും. ഇതും കടന്ന് പോവും,’ അബ്ബാസ് പറഞ്ഞതിങ്ങനെ. അടുത്ത ദിവസം പോസ്റ്റ് ചെയ്ത വീഡിയോയില്‍ തനിക്ക് മാറ്റണ്ടെന്നും പഴയ സന്തോഷത്തിലേക്ക് തിരിച്ച് വരികയാണെന്നും അബ്ബാസ് വ്യക്തമാക്കുന്നുണ്ട്.
അടുത്തിടെയും ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു താനെന്നും സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നും നടന് പറഞ്ഞിരുന്നു. കര്‍ശന സ്വഭാവക്കാരായിരുന്നു എന്റെ മാതാപിതാക്കള്‍. ഞാനാണെങ്കില്‍ പഠനത്തില്‍ മോശവും. എനിക്ക് പരീക്ഷ എഴുതാന്‍ ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞു കൊടുക്കും. പക്ഷേ, എഴുതാന്‍ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമായി.
അതുമൂലം എനിക്ക് നിരന്തരം വഴക്കു കേട്ടുകൊണ്ടിരുന്നു. പലപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. രണ്ടു തവണയൊക്കെ ഞാന്‍ വീടു വിട്ടു പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്കു പറയലില്‍ നിന്നു രക്ഷപ്പെടാന്‍ നുണ പറയുന്നത് ശീലമാക്കി. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലും,’ അബ്ബാസ് പറഞ്ഞു.
തന്റെ ജീവിതാനുഭവങ്ങള്‍ കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രചോദനകരമാകുമെന്ന് അബ്ബാസ് പറയുന്നു. അതുകൊണ്ടാണ് പബ്ലിക് സ്പീക്കിങ്ങില്‍ പരിശീലനം നേടിയതെന്നും താരം പറഞ്ഞു. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍, സിനിമയിലൂടെ കൈവരിച്ച നേട്ടത്തേക്കാള്‍ അതു തന്നെ സന്തോഷിപ്പിക്കുമെന്നും അബ്ബാസ് പറഞ്ഞു. ‘ഈയൊരു കാര്യം കൂടി മനസില്‍ വച്ചാണ് ഞാന്‍ ന്യൂസിലന്‍ഡിലേക്ക് വന്നത്. ഇവിടെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അല്പം കൂടി സ്വാതന്ത്ര്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
