Actor
ഓരോ വര്‍ഷവും മുന്നോട്ടുപോകുമ്പോള്‍ ലഭിക്കുന്ന സ്നേഹവും വളരുന്നു, ഈ കുറിപ്പ് നിങ്ങള്‍ ഓരോരുത്തരോടുമുള്ള എന്‍റെ നന്ദി പറച്ചിലായി കരുതണം; പിറന്നാളാശംകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
ഓരോ വര്‍ഷവും മുന്നോട്ടുപോകുമ്പോള്‍ ലഭിക്കുന്ന സ്നേഹവും വളരുന്നു, ഈ കുറിപ്പ് നിങ്ങള്‍ ഓരോരുത്തരോടുമുള്ള എന്‍റെ നന്ദി പറച്ചിലായി കരുതണം; പിറന്നാളാശംകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
കഴിഞ്ഞ ദിവസമായിരുന്നു നടൻ മമ്മൂട്ടിയുടെ ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. ഇപ്പോഴിതാ തന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലളിതമായ വാചകങ്ങളിലാണ് മമ്മൂട്ടി തന്നെ സ്നേഹിക്കുന്നവരോടുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നത്.
എനിക്ക് സ്നേഹവും പിറന്നാള്‍ ആശംസകളും നല്‍കിയ എല്ലാവരോടും ഒരു വലിയ നന്ദി അറിയിക്കുന്നു. ഓരോ വര്‍ഷവും മുന്നോട്ടുപോകുമ്പോള്‍ ലഭിക്കുന്ന സ്നേഹവും വളരുന്നുവെന്ന് എനിക്ക് തോന്നുന്നു. നിങ്ങളെല്ലാവരുടെയും മുന്നില്‍ വിനയാന്വിതനായി ഞാന്‍ ഇവിടെ നില്‍ക്കുന്നു. ഞാന്‍ ശ്രമിക്കുമെങ്കിലും നിങ്ങള്‍ എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ എനിക്കാവില്ല. അതിനാല്‍ ഈ കുറിപ്പ് നിങ്ങള്‍ ഓരോരുത്തരോടുമുള്ള എന്‍റെ നന്ദി പറച്ചിലായി കരുതണം, മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കി മാറ്റുകയിരുന്നു ആരാധകര്‍. രാത്രി 12 മണിക്ക് എറണാകുളത്ത മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ തടിച്ചുകൂടി. വിവിധ മേഖലകളിലെ മമ്മൂട്ടി ഫാൻസ് അംഗങ്ങളാണ് താരത്തിന്റെ വീടിന് മുന്നിൽ അർദ്ധരാത്രി അണിനിരന്നത്. കരിമരുന്ന് പ്രകടനം നടത്തിയും കേക്ക് മുറിച്ചും പ്രിയതാരത്തിന്റെ പിറന്നാൾ അവര്‍ ആഘോഷമാക്കി.
വീടിനു മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ മെഗാസ്റ്റാര്‍ നിരാശപ്പെടുത്തിയില്ല. 12 മണി കഴിഞ്ഞതോടെ വീടിന്റെ മട്ടുപ്പാവിലെത്തി മമ്മൂട്ടി ആരാധകരെ നോക്കി കൈവീശി. പൊലീസ് എത്തിയാണ് പിന്നീട് ആളുകളെ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നിന്ന് പറഞ്ഞുവിട്ടത്.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന സിനിമയ്ക്ക് ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നീ പ്രോജക്ടുകളാണ് ഉടൻ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ.
