
Malayalam Breaking News
ഓടുന്നതിലാണ് കാര്യം ജയ്ക്കുന്നതിലോ തോൽക്കുന്നതിലോ അല്ല .-ഓട്ടം റിവ്യൂ
ഓടുന്നതിലാണ് കാര്യം ജയ്ക്കുന്നതിലോ തോൽക്കുന്നതിലോ അല്ല .-ഓട്ടം റിവ്യൂ
Published on

By
“ജീവിതമെന്നു പറയുന്നത് ഓട്ടമത്സരമാണ്. ജയപരാജയത്തിലല്ല ഓടുന്നതിലാണ് കാര്യം”. ഓട്ടം എന്ന കൊച്ചു ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകമനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു ടാഗ്ലൈൻ ഇതായിരിക്കും. ലാല്‍ ജോസിന്റെ നായികാനായകന്‍ ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും റോഷന് ഉല്ലാസും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം, പ്രണയത്തിന്റെയും നർമത്തിന്റെയും ഒപ്പം ജീവിത ഓട്ടത്തിന്റെയും വിവിധ തലങ്ങളെ ആവിഷ്കരിക്കുന്ന ഒന്നാണ്.
നിർഭാഗ്യവശാൽ എന്നും പരാജയം മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നേറുന്നത്. യുവാക്കൾ ഒരിക്കലെങ്കിലും കടന്നു പോയേക്കാവുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കാൻ സംവിധായകന് കഴിഞ്ഞു. ഇത് സിനിമയുടെ കഥാതന്തുവിനോട് കൂടുതൽ അടുപ്പം തോന്നാൻ കാരണമാകുന്നു. അതിശയോക്തിയോ അതിഭാവുകത്വമോ ഒന്നും ഉൾപ്പെടുത്താതെ സാധാരണ മനുഷ്യന്റെ കഥ പറഞ്ഞുവെന്നതാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.
സിനിമയിലെ പേര് അന്വർത്ഥമാക്കുന്ന തരത്തിലുള്ള ജീവിത ഓട്ടത്തെ കുറിച്ചാണ് പറയുന്നതെങ്കിലും പ്രണയമാണ് മുഖ്യ പ്രമേയം. യുവാക്കളുടെ പ്രണയം, നഷ്ട പ്രണയം എന്നു തുടങ്ങി ബിസിനസ്സ് സാമ്രാജ്യം കെട്ടിപടുക്കുന്നതിനായുള്ള കപട പ്രണയം പോലും സിനിമയിൽ പ്രമേയമാകുന്നു. നർമങ്ങളും കവിതകളും പാട്ടുമൊക്കെ പ്രേക്ഷകനെ പ്രണയ രംഗങ്ങൾക്കിടയിൽ ചിത്രം ആസ്വദിക്കാനുള്ള വക കൂടി നൽകുന്നു. സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ച ഒരുക്കുന്ന ചിത്രം, ജീവിതത്തിൽ വിജയവും പരാജയവും വേർതിരിക്കാൻ ആകാത്ത രണ്ടു അവസ്ഥകളാണ് എന്ന് പറഞ്ഞു വയ്ക്കുന്നു.
ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്, ലെനിന് രാജേന്ദ്രന് എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. തന്നിലൊരു മികച്ച സംവിധായകൻ ഉണ്ടെന്ന തെളിവു നൽകുന്നതാണ് അവസാനത്തെ രംഗങ്ങൾ. അതുവരെ പ്രണയാർദ്രമായി നീങ്ങിയിരുന്ന ചിത്രം പെട്ടെന്നാണ് ചടുല ഭാവത്തിലേക്ക് എത്തുന്നത്. ഒടുവിൽ ശുഭപര്യവസാനി.
ചിത്രത്തിലെ ഹൈലൈറ്റ് പുതുമുഖങ്ങളാണ്. സംവിധായകൻ മാത്രമല്ല. നായിക നായകൻമാരും തിരക്കഥാകൃത്തും എഡിറ്ററും പുതിയ ആളുകളാണ്. രാജേഷ് കെ. നാരായണനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അലന്‍സിയര്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, മണികണ്ഠന് ആചാരി, രാജേഷ് വര്‍മ, തെസ്നിഖാന്, രജിത മധു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുതുമുഖ നായകനും നായികയും എല്ലാരും തന്നെ തങ്ങളുടെ ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. പുതുമുഖ താരങ്ങളായി എത്തിയ നന്ദു ആനന്ദും റോഷൻ ഉല്ലാസും തുടക്കത്തിന്റെ യാതൊരു പതർച്ചകളുമില്ലാതെ തങ്ങളുടെ ഭാഗങ്ങൾ അഭിനയിച്ചു. നായികമാരും ഒട്ടും മോശമാക്കിയില്ല. ചാച്ചപ്പനായി അലൻസിയർ തകർത്തു. ലോകം ചുറ്റി നടക്കുന്ന ‘കാറ്റ്’ എന്ന കഥപാത്രമായി മണികണ്ഠനും തന്റെ ഭാഗം മികച്ചതാക്കി. ഒരു പിടി മികച്ച അഭിനയ മുഹൂർത്തങ്ങൾ ഒരുക്കുന്ന ചിത്രം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കും. മാസ് പ്രതീക്ഷിച്ച് ആരും പോകരുത്, പ്രണയപൂർവം ചെറുപഞ്ചുറിയോടെ കണ്ടിരിക്കാവുന്ന ഒരു ചിത്രം അതാണ് ഓട്ടം.
ചിത്രത്തിലെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചതാണ്. ശ്രീകുമാരന്‍ തമ്പി, ബി.കെ. ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി, ഫോര്‍ മ്യൂസിക് എന്നിവര്‍ സംഗീതം പകരുന്നു. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റര്‍ വിഷാല്‍ വി എസ്. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രം കൂടിയാണ് ഓട്ടം.
ottam movie review
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...