മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദൻ തിളങ്ങിയിരുന്നു.
മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറിൽ ഏറെ വഴിത്തിരിവായ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദൻ. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകർ കണ്ടിരുന്നു. ഉണ്ണിയുടേതായി പുറത്തെത്തി പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു മാർക്കോ.
ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് ആദ്യം വാർത്തകളുണ്ടായിരുന്നുവെങ്കിലും ചിത്രത്തിലെ വയലൻസ് രംഗങ്ങളെ ചൊല്ലി വിവാദം ഉടലെടുത്തതോടെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകിലെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. എന്നാൽ, ‘മാർക്കോ’ സീരീസ് പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുകയാണ് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്.
സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ കുറിച്ച കമന്റിന് മറുപടി നൽകുകയായിരുന്നു നിർമാതാക്കൾ. ‘മാർക്കോ 2 ഇറക്കി വിട് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്. പറ്റൂല്ലെങ്കി റൈറ്റ്സ് വാങ്ങിച്ച് വേറെ പ്രൊഡക്ഷൻ ടീമിനെ വെച്ചുചെയ്യൂ. നല്ല പടമാണ് മാർക്കോ. അതിന്റെ രണ്ടാംഭാഗം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാവും’, എന്നായിരുന്നു ആരാധകന്റെ കമന്റ്.
മാർക്കോയ്ക്ക് നിങ്ങൾ നൽകിയ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാർക്കോ സീരീസിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിനാണ് മാർക്കോയുടെ പൂർണ്ണ അവകാശം. മാർക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ കൈമാറ്റംചെയ്യാനോ പങ്കുവെക്കാനോ ഞങ്ങൾ തയ്യാറല്ല’, എന്നായിരുന്നു ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ മറുപടി.