
Social Media
ഈ കണ്ണാടി കൂടി ആയപ്പോൾ എന്നെ കാണാൻ മുത്തിശ്ശിപ്പോലെയായി; വൈറലായി വിസ്മയയുടെ പോസ്റ്റ്
ഈ കണ്ണാടി കൂടി ആയപ്പോൾ എന്നെ കാണാൻ മുത്തിശ്ശിപ്പോലെയായി; വൈറലായി വിസ്മയയുടെ പോസ്റ്റ്
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. എന്നാൽ മലയാളികൾക്ക് അത്ര സുപരിചിതയല്ല വിസ്മയ. വളരെ വിരളമായി ചില ഫങ്ഷനുകൾക്ക് കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമാണ് വിസ്മയ ക്യാമറ കണ്ണുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.
വിദേശത്താണ് വിസ്മയ പഠിച്ചതും ജീവിതം ചിലവഴിക്കുന്നതും. അച്ഛനെപ്പോലെ സകലകലവല്ലഭയായ വിസ്മയ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യം ചിത്രരചയും എഴുത്തും യാത്രകളുമാണ്. തന്റെ യാത്ര വിശേഷങ്ങളും യാത്രയിൽ കാണുന്ന കാഴ്ചകളും ഇൻസ്റ്റഗ്രാം പോസ്റ്റുകളായും ഫോട്ടോകളായും പങ്കുവയ്ക്കാറുണ്ടെങ്കിലും വിസ്മയ സ്വന്തം ചിത്രങ്ങൾ അധികം പങ്കുവെയ്ക്കാറില്ല.
ഇപ്പോഴിതാ മുത്തശ്ശിയുമായുള്ള മുഖസാദൃശ്യത്തെ കുറിച്ച് പറയുന്ന വിസ്മയ മോഹൻലാലിന്റെ പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. മുഖത്തൊരു കണ്ണട വച്ച്, തലമുടി പിന്നിലേക്ക് ഒതുക്കിക്കെട്ടിയുളള ചിത്രം പങ്കുവച്ച ശേഷമായിരുന്നു വിസ്മയയുടെ പ്രതികരണം. ‘‘ഈ കണ്ണാടി കൂടി ആയപ്പോൾ എന്നെ കാണാൻ മുത്തിശ്ശിപ്പോലെയായി’’, ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഈ ചിത്രം വിസ്മയ പങ്കുെവച്ചത്. മുത്തശ്ശി ശാന്തകുമാരിയുടെ മുഖത്തേതു പോലൊരു കണ്ണട കൂടിയായപ്പോൾ വിസ്മയ മോഹൻലാൽ, അമ്മൂമ്മയുടെ അതേ പകർപ്പു തന്നെയെന്ന് പറയാതിരിക്കുന്നതെങ്ങനെയെന്നാണ് ആരാധകർ ചോദിക്കുന്നത്. അമ്മ സുചിത്രയുമായുള്ള സാദൃശ്യവും ചൂണ്ടിക്കാട്ടുന്നവരുണ്ട്.
പ്രകൃതിയെ സ്‌നേഹിക്കുന്ന അതിനോടിണങ്ങി ജീവിക്കുന്ന വ്യക്തി കൂടിയാണ് മായ. സർവോപരി എഴുത്തുകാരിയെന്ന് പറഞ്ഞില്ലെങ്കിൽ പൂർണമാവില്ല. ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പേരിൽ വിസ്മയ ഒരു കവിതാസമാഹാരം എഴുതിയിരുന്നു. ഇംഗ്ലീഷിലെ പുസ്തകം നക്ഷത്രധൂളികൾ എന്ന പേരിൽ മലയാളത്തിലുമുണ്ട്.
നാട്ടിൽ കുടുംബം മുഴുവൻ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകം പ്രകാശനം ചെയ്തത്. കോപ്പികളിൽ ഒരെണ്ണം കളിക്കൂട്ടുകാരൻ കൂടിയായ ചാലു ചേട്ടൻ എന്ന് വിളിക്കുന്ന ദുൽഖർ സൽമാന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് തായ്‌ലൻഡിൽ പോയി മോതായ് ചെയ്ത് ശരീരഭാരം കുറച്ച വിശേഷവും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു.
ഈ പുസ്തകത്തിന് മോഹൻലാൽ എഴുതിയ ആമുഖവും ശ്രദ്ധേയമാണ്. ‘എന്റെ ജീവിതത്തിലെ പരമപ്രധാനമായ നിമിഷം രചനയുടെതാണ്. എഴുതാനിരിക്കുമ്പോൾ ഞാൻ തീർത്തും ഏകാകിയാണ്.’ പറയുന്നത് ഗബ്രിയേൽ ഗാർസ്യ മാർകേസ്. ലോകപ്രശസ്തനായ സ്പാനിഷ് എഴുത്തുകാരൻ. എത്ര വാസ്തവം! വാക്കുകൾ ആദ്യം പിറന്നുവീഴുക മനസ്സിന്റെ ഭൂമികയിലാണ്. തുടർന്ന് ഹൃത്തടത്തോട് ഏറ്റം അടുത്തുനില്ക്കുന്ന ചിന്തകളെ സ്വാംശീകരിച്ചുകൊണ്ട് ശൂന്യമായ താളിന്മേൽ ജലപാതം കണക്ക് അവ വന്നു പതിക്കുന്നു. പ്രജ്ഞയുടെ ഉജ്ജ്വലമായ തിളക്കം ആ പ്രവാഹത്തെ പ്രകാശിപ്പിക്കുന്നു. ഏതോ വിദൂരമായ മൂലയിലിരിക്കുന്ന, അജ്ഞാതനായ വായനക്കാരനെ അതു ചെന്നു സ്പർശിക്കുന്നു.
പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളുടെ സൃഷ്ടികളിലൂടെ കടന്നുപോകേ, എന്നിലെ അഭിനേതാവ് ഇതേ അപാരത, വാക്കുകളുടെ വർണനാതീതമായ കരുത്ത് അനുഭവിച്ചറിയാറുണ്ട്. സൃഷ്ടിയുടെ യാമങ്ങളിൽ ഏകാന്തചാരിയായ എഴുത്തുകാരൻ അനുഭവിക്കുന്നതെന്തോ അതിനെ ഞാൻ സ്വാംശീകരിക്കുന്നു. എന്റെതായ കലാരൂപത്തിലൂടെ അതിനെ പുനരാവിഷ്‌കരിക്കുന്നു.
ചിത്രകലയും ഏകാന്തമായ സപര്യതന്നെയാണ്. കുറെക്കൂടി സങ്കീർണമായ യത്‌നം. നിറങ്ങളും രൂപങ്ങളും ചിത്രകാരന്റെ വിരലിനു ചുവട്ടിൽവെച്ച് പ്രണയബദ്ധരായ് ഇഴുകിച്ചേരുമ്പോൾ ആസ്വാദകന്റെയുള്ളിലും ഊഷ്മളവികാരങ്ങളുടെ നിശ്ശബ്ദവിസ്‌ഫോടനം സംഭവിക്കുന്നു. കലയുടെ പ്രതിബിംബസ്വഭാവമാണിതിനു പിന്നിലെന്നു ഞാൻ വിശ്വസിക്കുന്നു. മനുഷ്യാനുഭവങ്ങളുടെ ദർപ്പണത്തിൽ ‘നീ’, ‘അപരൻ’ എന്നൊക്കെയുള്ള സാങ്കല്പിക അതിർവരമ്പുകൾ അലിഞ്ഞില്ലാതാവുന്നു.
കവിതയെന്ന അതിസൂക്ഷ്മമായ സാഹിത്യശാഖയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ ഞാനാളല്ല. വ്യക്തിപരമായി കവിത എനിക്കെന്ത് എന്നു മാത്രം ഞാനിവിടെ പറയാനാഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സൂക്ഷ്മതയും വാക്ചാതുരിയും തമ്മിലുള്ള കമനീയമായ ഒരു മേളനമാണ് കവിത. വാക്കുകളുടെ നിഗൂഢമായ കരുത്തിലേക്ക് ആഴ്ന്നിറങ്ങാൻ അഗാധമായ ധ്യാനം ആവശ്യമാണ്. വളരെ കുറച്ചു വാക്കുകൾകൊണ്ട് വികാരങ്ങളുടെ ഒരു വിസ്തൃതപ്രപഞ്ചം തീർക്കുന്ന മഹാകവികൾ. അതിനാലാണ് ആ വരികൾക്കിത്രമേൽ സാർവലൗകികമായ സ്വീകാര്യത. സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികളെ ഉല്ലംഘിക്കാനവർക്കു കഴിയുന്നതും അതുകൊണ്ടുതന്നെ.
അത്തരം കവികളുടെ ഔന്നത്യമാർന്ന പ്രതിരൂപമാണ് പരമ്പരാഗത ജാപ്പനീസ് ഹൈക്കുവിന്റെ ഉപജ്ഞാതാവ് മറ്റ്‌സുവോ ബാഷോ. അദ്ദേഹത്തിൽനിന്നു പുറപ്പെടുന്ന ഓരോ വരിയും ഐന്ദ്രികമായ ആഹ്ലാദാനുഭൂതിയാണ്. അവ യാത്രയാണ്. അതേസമയം ലക്ഷ്യസ്ഥാനവും.യാത്ര എന്നത് വീടുതന്നെ,’ ബാഷോ പറയുന്നുവെന്നുമാണ് മോഹൻലാൽ കുറിച്ചത്.
പബ്ലിഷ് ചെയ്യാൻ വേണ്ടി എഴുതിയതല്ല, പലപ്പോഴായി എഴുതിവച്ച കവിതകൾ ഒരു പുസ്തകമാക്കുകയായിരുന്നു എന്ന് ഒരു സഹയാത്രികയായ ബ്ലോഗർക്ക് നൽകിയ അഭിമുഖത്തിൽ വിസ്മയ പറഞ്ഞിരുന്നു. ഇപ്പോൾ ഈ പുസ്തകതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണത്രെ വിസ്മയ. അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വരില്ല എന്നുറപ്പുള്ള താരപുത്രിമാരിൽ ഒരാളാണ് വിസ്മയ മോഹൻലാൽ. എഴുത്തും വായനയും വരകളും യാത്രകളും മാർഷ്യൽ ആട്‌സും ക്ലേ ആർട്ടുകളുമൊക്കെയാണ് വിസ്മയയുടെ ഇഷ്ട വിനോദങ്ങൾ. സ്വന്തം ഫോട്ടോകൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളെക്കാൾ വിസ്മയ കൂടുതലും പങ്കുവയ്ക്കുന്നത് ഇത്തരം ഫോട്ടോകളും വീഡിയോകളും ഒക്കെയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ വീഡിയോയിലൂടെ വിസ്മയയെ കാണാതായതിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ലാലും പ്രിയദർശനും കുടുംബമായി ഓസ്ട്രേലിയയിലേയ്ക്ക് പോയി. എന്നാൽ പിന്നെയാണ് കുട്ടികളുടെ കളിപ്പാട്ടം എടുത്തില്ലല്ലോ എന്ന് ലാലിൻറെ ശ്രദ്ധയിൽ പെടുന്നത്. ലാൽ കല്യാണിയോടും പ്രണവിനോടും ചോദിച്ചു മറന്നുപോയി എന്ന മറുപടി നൽകുന്നു.
എന്നാൽ ശ്രദ്ധക്കുറവിനും ഓർമ്മക്കുറവിനും സുചിത്രയെയും ലിസിയെയും വഴക്ക് പറഞ്ഞു. ഒരു ക്ലാസ് തന്നെ എടുത്തു നൽകി. ഇനി നിങ്ങൾ ഒന്നും സൂക്ഷിക്കണ്ട ഞാൻ തന്നെ എല്ലാം സൂക്ഷിച്ചോളാം എന്നുപറഞ്ഞു എല്ലാവരുടെയും വിസയും പാസ്‌പോർട്ടും പണവും എല്ലാം ലാൽ തന്നെ സൂക്ഷിച്ചു. എയർപോർട്ടിന്റെ വെളിയിൽ ഇറങ്ങി അഞ്ചുമണിക്കൂർ യാത്ര. ആ യാത്രയിൽ എല്ലാം എല്ലാരേയും ഉപദേശിച്ച മോഹൻലാൽ പക്ഷെ പിന്നെയാണ് തിരിച്ചറിഞ്ഞത് എല്ലാവരുടെയും പാസ്‌പോർട്ടും വിസയും പണവും അടങ്ങുന്ന പെട്ടി എടുക്കാൻ അദ്ദേഹം മറന്നു എന്ന്.
പെട്ടെന്ന് തന്നെ എയർപോർട്ടിൽ പില്ലറിന്റെ അരികിലേക്ക് എത്തി ഭാഗ്യത്തിന് പെട്ടി അവിടെ ഉണ്ട്. പക്ഷെ ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം എല്ലാവരെയും ഉപദേശിക്കാൻ വളരെ എളുപ്പമാണ് പക്ഷെ പ്രാവർത്തികം ആക്കാനാണ് പാടെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.
പക്ഷേ പിന്നെയാണ് സംഭവബഹുലമായ മറ്റൊരു സംഭവം നടക്കുന്നത്. താമസസ്ഥലത്തുന്നും ലിഫ്റ്റിലേക്ക് കയറുന്നതിന്റെ ഇടയിൽ വിസ്മയെ ഇടക്ക് വച്ച് കാണാതെ പോയി. അവിടെ അവർ താമസിച്ചിരുന്നത് ഹോട്ടലിലെ മുപ്പത്തിനാലാമത്തെ നിലയിലായിരുന്നു. ലിഫ്റ്റിൽ താഴേയ്ക്ക് വരികയാണ് പന്ത്രണ്ടാമത്തെ നിലയിലെത്തിയപ്പോൾ അവിടെയിറങ്ങിയവരുടെ കൂട്ടത്തിൽ മോഹൻലാലിന്റെ മകളും ഇറങ്ങി. കുട്ടി ഇറങ്ങുന്നത് കാണുമ്പോഴേക്ക് ഡോർ അടഞ്ഞ് താഴേക്ക് പോയി. എതിർവശമുണ്ടായിരുന്ന മറ്റൊരു ലിഫ്റ്റ് തുറന്നിരിക്കുന്നത് കണ്ട് കുട്ടി അതിലേക്ക് കയറി. പിന്നീട് കടന്നുപോയ ഓരോ നിമിഷവും ലാൽ അഭിനയിച്ച ക്ലൈമാക്സുകളെ കടത്തിവെട്ടുന്നതായിരുന്നു.
ലാൽ വെപ്രാളപ്പെട്ട് ആകെ പാനിക്കായി. എന്ത് ചെയ്യണമെന്നറിയാതെ, ഓരോരോ ഫ്‌ളോറിലുമിറങ്ങി കുട്ടിയെ തെരഞ്ഞു. ജീവിതത്തിലൊരിക്കൽ പോലും ഇതുപോലൊരു ലാലേട്ടനെ കണ്ടിട്ടില്ലെന്ന് ലിസി സാക്ഷ്യപ്പെടുത്തുന്നു. ഏത് നിമിഷവും നിയന്ത്രണംവിട്ട് പൊട്ടിക്കരയുന്ന രീതിയിലായിരുന്നു ലാൽ. അവസാനം മുപ്പതാമത്തെ നിലയിൽ നിന്ന് തന്റെ മകളെ കണ്ടെത്തിയപ്പോഴാണ് ലാലിന് ജീവൻ വീണത്. എല്ലാവരുടെയും ശ്വാസം നേരെ വീണതും അപ്പോഴായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
അതേസമയം, മോഹൻലാലിന്റെ അമ്മ ശാന്തകുമാരി വർഷങ്ങളായി കിടപ്പിലാണ്. പലപ്പോഴും അമ്മയെ കുറിച്ച് പറയുമ്പോൾ മോഹൻലാൽ വികാരാദീനനാകാറുണ്ട്. അടുത്തിടെയും അമ്മയെ കുറിച്ച് നടൻ പറഞ്ഞിരുന്നു. നല്ല മാതാപിതാക്കൾ തന്നെ ആയിരുന്നു ഇരുവരും. അങ്ങനെ ആണല്ലോ പറയുക നല്ല മാതാപിതാക്കൾക്ക് നല്ല മക്കളും നല്ല മക്കൾക്ക് നല്ല മാതാപിതാക്കന്മാരും ഉണ്ടാകും. എല്ലാവരും നല്ല കുട്ടികളും നല്ല മാതാപിതാക്കന്മാരും ആണ്. എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ജനിക്കാൻ കഴിഞ്ഞതാണ് ഞാൻ ഈ ചെയ്ത ഏറ്റവും വലിയ നന്മ. എല്ലാ ദിവസവും എന്റെ അമ്മയെ ഞാൻ വിളിക്കാറുണ്ട്.
സുഖം ഇല്ലാതെ കിടക്കുമ്പോൾ പോലും എന്നെ കുറിച്ചാണ് എന്റെ അമ്മയുടെ കൺസേൺ, എല്ലാ അച്ഛനമ്മമാരും അങ്ങനെ ആണ്… എനിക്ക് അറിയാം. പക്ഷെ എന്റെ അച്ഛനും അമ്മയും എനിക്ക് വളരെ സ്‌പെഷ്യൽ ആണ്. സ്ട്രോക്കാണ് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്. അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത് എന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്. പത്ത് വർഷമായി അമ്മ കിടപ്പിലാണെന്നും തന്റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നും മോഹൻലാൽ കണ്ണ് നിറഞ്ഞ് പറഞ്ഞിരുന്നു.
ബറോസിന്റെ കഥ അമ്മയെ പറഞ്ഞ് കേൾപ്പിച്ചിരുന്നോ എന്നും അമ്മ എന്താണ് മറുപടി പറഞ്ഞതെന്നുമുള്ള ഒരു ചോദ്യത്തോടാണ് അമ്മയുടെ അസുഖ വിവരം മോഹൻലാൽ വിശദീകരിച്ചത്. ഞാൻ ഇന്നും എന്റെ അമ്മയെ കണ്ടിട്ടാണ് വരുന്നത്. എന്റെ അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണ്. പക്ഷെ ഞാൻ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുവെന്നുള്ളത് അമ്മയ്ക്കറിയാം എന്നുമായിരുന്നു മോഹൻലാൽ പറഞ്ഞിരുന്നത്.
