Connect with us

നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പരാതിയുമായി മുൻ മാനേജർ

News

നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പരാതിയുമായി മുൻ മാനേജർ

നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പരാതിയുമായി മുൻ മാനേജർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ് ഉണ്ണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്ലൂസിംഗ് എന്ന് വൈശാഖ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ഒരു ബ്രേക്ക് കിട്ടിയത്. തന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും തുറന്ന് പറയന്നതിലൂടെ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണങ്ങളും നടക്കാറുണ്ട്.

ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മാനേജർ. കൊച്ചിയിലെ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലാണ് ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ ആയ വിപിൻ കുമാർ പരാതി നൽകിയത്. ഇവർ തമ്മിൽ ഏറെനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.

ഉണ്ണി മുകുന്ദനെ വിവാദത്തിലാക്കിയിരിക്കുകയാണ് വിപിൻ കുമാറിന്റെ പരാതി. നടനെതിരെ ഗുരുതര ആരോപണങ്ങളാണ് വിപിൻ പരാതിയിൽ പറയുന്നത്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഉണ്ണി മുകുന്ദന്റെ ഇമേജിനെ വരെ ബാധിക്കുന്ന ആരോപണങ്ങൾ വിപിൻ കുമാറിന്റെ പരാതിയിലുണ്ട്.

മാർക്കോയ്ക്ക് ശേഷം ഹിറ്റ് സിനിമ ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ഉണ്ണി മുകുന്ദനുണ്ടെന്നാണ് വിപിൻ കുമാർ പറയുന്നുണ്ട്. കൂടാതെ നടി നിഖില വിമലുമായി ഉണ്ണി മുകുന്ദനുള്ള പ്രശ്നവും പരാതിയിൽ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.

വിപിൻ കുമാർ തന്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ;

‘കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രൊഫഷണൽ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടെയും സിനിമാ പ്രൊമോഷൻ പ്രവർത്തനങ്ങളും ചെയ്ത് വരികയാണ്. ഉണ്ണി മുകുന്ദന്റെ കൂടെ പ്രവർത്തിച്ച കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച പലർക്കും മുൻകാലങ്ങളിൽ ഇതേ അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് പുറത്ത് പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായിരുന്ന ചിത്രമാണ് മാർക്കോ. എന്നാൽ അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്ന് മുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്.

ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അസ്വാരസത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന നിലയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നെയും ബാധിച്ചിട്ടുണ്ട്,’ വിപിൻ കുമാറിന്റെ പരാതിയിൽ പറയുന്നതിങ്ങനെ. നിഖില വിമൽ ആണ് ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണി മുകുന്ദന്റെ നായികയായെത്തിയത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 21 നാണ് റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന് നിഖില വിമലുമായി പ്രശ്നമുണ്ടെന്ന വെളിപ്പെടുത്തൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സിനിമാ രംഗത്ത് ഒരു താരത്തോട് ഉണ്ണി മുകുന്ദന് ശത്രുതയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

യാതൊരു പ്രകോപനവും കൂടാതെ എന്നെ മോശമായ ഭാഷയിൽ അസഭ്യം പറയുകയും എന്റെ മുഖത്തിരുന്ന വില കൂടിയ കൂളിംഗ് ഗ്ലാസ് എറിഞ്ഞുട‌യ്ക്കുകയും ചെയ്തു. (ഗ്ലാസ് ഉണ്ണി മുകുന്ദൻ ശത്രുത വെച്ച് പുലർത്തുന്ന മറ്റൊരു പ്രമുഖതാരം എനിക്ക് ഗിഫ്റ്റ് തന്നതാണെന്ന് അദ്ദേഹത്തിന് അറിവുള്ളതാണ്. അതുകൊണ്ട് കൂടിയാണ് എറിഞ്ഞുടച്ചത്).

തന്നെ മർദ്ദിക്കാൻ ശ്രമിക്കുന്ന മറ്റൊരു ഫ്ലാറ്റിലെ താമസക്കാരൻ കാണുകയും ഉണ്ണി മുകുന്ദനെ പിടിച്ച് മാറ്റുകയുമായിരുന്നെന്നും ഇനി മുന്നിൽ കണ്ടാൽ കൊന്ന് കളയുമെന്ന് നടൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ‘മേൽപറഞ്ഞ വ്യക്തി മുമ്പും ഇത്തരം നിരവധി ക്രിമിനൽ കേസുകളിലടക്കം പ്രതിയായിട്ടുള്ളതാണ്. മുൻപും പലരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഒപ്പം പ്രവർത്തിച്ച കാലയളവിൽ ഞാൻ നേരിട്ട് മനസിലാക്കിയിട്ടുള്ളതുമാണ് എന്നുമാണ് പരാതിയിൽ പറയുന്നത്.

പരാതിയിൽ ഉണ്ണി മുകുന്ദൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാർക്കോയുടെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ താരമൂല്യം കുതിച്ചുയർന്നതായിരുന്നു. എന്നാൽ കരിയറിൽ വിജയങ്ങൾ വരുമ്പോഴെല്ലാം ഉണ്ണി മുകുന്ദൻ വിവാദങ്ങളിൽ അകപ്പെടാറുണ്ട്. സംഭവത്തിൽ വ്യാപക വിമർശനമാണ് ഉണ്ണി മുകുന്ദനെതിരെ വരുന്നത്. ഇതാദ്യമായല്ല നടൻ ഇത്തരം വിവാദങ്ങളിൽ അകപ്പെടുന്നത്. തുടരെ വിവാദങ്ങൾ വരുന്നതിന് കാരണം നടന്റെ ഭാഗത്ത് തെറ്റുള്ളത് കൊണ്ട് തന്നെയാണെന്ന് വാദമുണ്ട്. മാർക്കോ എന്ന സിനിമ ചെയ്ത ശേഷം ഉണ്ണി മുകുന്ദൻ ആ കഥാപാത്രത്തിൽ നിന്നും ഇറങ്ങിയില്ലേ എന്നും കമന്റുകളുണ്ട്.

‘മർദ്ദിക്കാനും മാത്രം അപകർഷതയും അരക്ഷിതത്വബോധവും പക്വത ഇല്ലായ്മയും ആണോ മറ്റൊരാളുടെ വിജയത്തിൽ?’ എന്നാണ് ഒരാളുടെ ചോദ്യം. ‘മാർക്കോ മോഡ് ഓൺ’, ‘ഇവൻ ടൊവിനോയുടെ ക്ലോസ് ഫ്രണ്ട് ആണെന്നൊക്കെ തള്ളിയത് വെറുതെ ആണല്ലേ, ഒരാളുടെ പടം നന്നാവുന്നത് കണ്ടിട്ട് അവന് സഹിക്കുന്നില്ല കഷ്ടം’,’ഇത് സത്യമായിരിക്കാം, കാരണം ഉണ്ണി പബ്ലിക്കായി മുൻകോപം പല തവണ കാണിച്ചിട്ടുണ്ട്’, ‘ഉണ്ണിയുടെ ഏറ്റവും വലിയ കോപറ്റീറ്റർ ആണ് ടൊവിനോ അവന്റെ പടം ഹിറ്റായാൽ ഉണ്ണിക്ക് സഹിക്കുമോ’ എന്നിങ്ങനെ കമന്റുകൾ നീളുന്നു. അതേസമയം ഉണ്ണി മുകുന്ദന്റെ ഭാഗം കേൾക്കാതെ വിമർശിക്കരുതെന്ന് പറയുന്നവരുമുണ്ട്.

മുൻപ് ഉണ്ണി മുകുന്ദൻ മേജർ രവിയെ മർദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വിവാദ സംഭവം. സിനിമയുടെ ചിത്രീകരണം കാണാനായിരുന്നു ഉണ്ണി മുകുന്ദനെത്തിയത്. മേജർ രവി സംഘട്ടന രംഗങ്ങളിൽ സഹായിക്കാനും. ഇതിനിടയിൽ സെറ്റിൽ വെച്ച് ഉണ്ണിയെ മേജർ രവി പരിഹസിച്ചത്ര. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ഉണ്ണി അദ്ദേഹത്തെ മർദ്ദിച്ചുവെന്നാണ് വാർത്തകൾ വന്നത്.

ഇരുവരും പ്രശ്നങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇരുതാര്യങ്ങളും വ്യക്തമാക്കിയില്ല. പിന്നീട് മേജർ രവിയുടെ അറുപതാം പിറന്നാളാഘോഷത്തിൽ ഉണ്ണി പങ്കെടുക്കുകയും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. തനിക്ക് ഉണ്ണിയോട് യാതൊരു പരിഭവവും ഇല്ലെന്നും മകന്റ പ്രായമേ ഉള്ളൂ അദ്ദേഹത്തിന് എന്നുമായിരുന്നു അന്ന് മേജർ രവി പ്രതികരിച്ചിരുന്നത്.

തന്റെ ചിത്രത്തിന്റെ റിവ്യൂ ചെയ്ത വ്‌ലോഗറെ വിളിച്ച് ഉണ്ണി മുകുന്ദൻ തെറി പറയുന്നതിന്റെ ഓഡിയോയും മുമ്പ് പുറത്തെത്തിയിരുന്നു. സീക്രട്ട് ഏജെന്റെന്ന് അറിയപ്പെടുന്ന യൂട്യൂബ് ചാനൽ നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്‌ലോഗറിനെ വിളിച്ച് ഉണ്ണി മുകുന്ദൻ തന്റെ രോഷം പ്രകടിപ്പിച്ചിരുന്നതും സോഷ്യൽ മീഡിയയിലെല്ലാം വൈറലായിരുന്നു.

30 മിനിറ്റിലേറെ നീണ്ട തർക്കത്തിന്റെ ഓഡിയോ വ്‌ലോഗർ പുറത്തുവിടുകയായിരുന്നു. ഇതിൽ പലപ്പോഴും ഉണ്ണി മുകുന്ദൻ വ്‌ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്. മാളികപ്പുറം സിനിമയെ വിമർശിച്ചതിനാണ് നടൻ തെറിവിളിച്ചതെന്നാണ് വ്‌ലോഗറുടെ വാദം. എന്നാൽ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമർശിച്ചതിനോടാണ് താൻ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദൻ അഭിപ്രായപ്പെടുന്നത്.

അതേസമയം, ഉണ്ണി മുകുന്ദനെതിരെ നേരത്തെ ഒരു യുവതി പരാതി നൽകിയതും വാർത്തയായിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതി സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ സമ്മതം വാങ്ങി നടന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്നുവെന്നും അവിടെ വെച്ച് നടൻ മോശമായി പെരുമാറിയെന്നുമാണ് യുവതി പരാതിയിൽ പറഞ്ഞിട്ടുള്ളത്.

വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം മോശമായി പെരുമാറിയെന്നാണ് പരാതി. തന്റെ കൈയ്യിലെ സ്‌ക്രിപ്റ്റ് ഉണ്ണി ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് വരുമ്പോൾ കൊണ്ടുവരാമെന്ന് അറിയിച്ച് ഇറങ്ങാൻ നേരം ഉണ്ണി മുകുന്ദൻ തന്നെ കയറി പിടിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചു. എന്നാൽ യുവതിയുടെ പരാതി വ്യാജം എന്നാണ് നടൻ ഉണ്ണി മുകുന്ദൻ ആരോപിച്ചത്. പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും കാണിച്ച് നടൻ പോലീസിൽ യുവതിക്കെതിരെ മറ്റൊരു പരാതിയും നൽകി.

25 ലക്ഷം രൂപ തന്നോട് യുവതി ആവശ്യപ്പെട്ടെന്നായിരുന്നു ഉണ്ണി പരാതിയിൽ പറഞ്ഞത്. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്. പീഡനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഉണ്ണി മുകുന്ദനെതിരെ യുവതി മറ്റൊരു പരാതി കൂടി നൽകിയിരുന്നു.

അടുത്തിടെ ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് ഒത്തുതീർപ്പിലെത്തിയെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം. തിരക്കഥ ചർച്ചയുമായി ബന്ധപ്പെട്ട് കാണാൻ വന്ന യുവതിയോട് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. ൈലംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്.

ഒരുഘട്ടത്തിൽ ഈ കേസ് റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിചാരണ നടത്താനുള്ള ഉത്തരവും കോടതിയിൽനിന്നുണ്ടായതായിരുന്നു. പരാതിക്കാരിയുടേതായി ഒരു വ്യാജ സത്യവാങ്മൂലം വന്നു എന്നതായിരുന്നു ഇതിന് കാരണം. പിന്നീട് പരാതിക്കാരി ഉണ്ണി മുകുന്ദനുമായി കേസ് ഒത്തുതീർപ്പാക്കിയെന്നും കേസുമായി മുന്നോട്ടുപോകാൻ ഉദ്ദേശമില്ലെന്നും കോടതിയെ രേഖാമൂലം തന്നെ അറിയിച്ചു. ഇതോടെയാണ് നടന് ആശ്വാസകരമായ വിധി കോടതിയിൽനിന്ന് ഉണ്ടായത്.

അതേസമയം, ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രമാണ് ഉണ്ണി മുകന്ദന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രം. ഐവിഎഫ് സ്പെഷലിസ്റ്റായ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ സ്റ്റോണർ സിനിമയായ കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.

ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഏറെ നാളുകൾക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആൺ വിദ്യാർത്ഥിയിൽ നിന്ന് തുടങ്ങി അയാൾ ഒരു ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളർച്ചയും അതിനിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെയാണ് ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.

More in News

Trending

Recent

To Top