സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് 9 വർഷങ്ങൾ പിന്നിട്ടു. ഇന്നും ജനഹൃദയങ്ങളിൽ മരണമില്ലാതെ തുടരുകയാണ് മണി. താരപരിവേഷമില്ലാതെ, ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും സാധാരണക്കാരനായി മണി ജീവിച്ചു. മലയാള സിനിമയിലെ ഓൾ റൗണ്ടർ. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെയും കലാഭവൻ മണിക്ക് വഴങ്ങിയിരുന്നു. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്
മദ്യപാനം അടക്കമുള്ള ശീലങ്ങളാണ് താരത്തെ അസുഖത്തിലേക്കും പിന്നീട് മരണത്തിലേക്കും കൊണ്ട് ചെന്നെത്തിച്ചത്. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് മനസ് തുറക്കുകയാണ് പ്രമുഖ ഛായാഗ്രാഹകൻ അളഗപ്പൻ. മണിയുടെ കരിയറിലെ നിർണായക സിനിമയായ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മണിയുമൊത്ത് ചെയ്‌ത രണ്ട് പടങ്ങളും വ്യത്യസ്‌തമായിരുന്നു. വാസന്തിയും ലക്ഷ്‌മിയും എന്ന സിനിമയുടെ പെർഫോമൻസ് ഒക്കെ ആദ്യം പടം തുടങ്ങുന്നതിന് മുൻപ് എനിക്ക് ഡൗട്ട് ഉണ്ടായിരുന്നു. കണ്ണ് എങ്ങനെ ഹോൾഡ് ചെയ്‌ത് അഭിനയിക്കും എന്നായിരുന്നു എന്റെ ആശങ്ക. ഞാൻ ആങ്കിൾസ് ഒക്കെ മാറ്റി പിടിക്കണോ എന്നൊക്കെ ചിന്തിച്ചിരുന്നു. വിനയനോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് മണി അദ്ദേഹത്തിന് ചെയ്‌തു കാണിച്ചുകൊടുത്തു എന്നായിരുന്നു.
കൊച്ചിയിൽ പോയപ്പോൾ മണി അവിടെ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു മണി ഇത്ര സമയം കണ്ണ് ഹോൾഡ് ചെയ്യാൻ പറ്റുമോ എന്ന്. എനിക്ക് വേണ്ടി ഒന്നും കോംപ്രമൈസ് ചെയ്യേണ്ട എന്നാണ് മണി പറഞ്ഞത്. പിന്നീട് പത്ത് മിനിറ്റോളം കണ്ണ് അങ്ങനെ പിടിച്ചുനിൽകുകയും ചെയ്‌തു. രണ്ട് മിനിറ്റ് ആയപ്പോൾ ഞാൻ പറഞ്ഞിരുന്നു മതിയെന്ന്, പക്ഷേ പുള്ളി എനിക്കത് തെളിയിച്ചു തന്നു.
ഇപ്പോൾ മണിയെ പോലെ സാഹസികമായി ചെയ്യുന്ന നടൻമാർ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. അത്രയും സ്‌ട്രെയിൻ ചെയുന്ന നടൻമാർ കുറവാണ്. ആടുജീവിതത്തിന് വേണ്ടി സ്വന്തം ശരീരം എന്തുമാവട്ടെ എന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജ് ചെയ്‌തു. അതുപോലെ ഒക്കെ ചെയ്യാൻ കഴിവുള്ള മനസുള്ളനടൻമാർ ഒക്കെ കുറവാണ് ഇപ്പോൾ.
എല്ലാവരും ശരീരം നന്നായി ഇരിക്കണം എന്ന് മാത്രമേ ആഗ്രഹിക്കുകയുള്ളൂ. അന്ന് കലാഭവൻ മണിക്ക് അവാർഡ് കിട്ടാത്തതിൽ വലിയ നിരാശ ഉണ്ടായിരുന്നു. അവാർഡുകൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കിട്ടിയില്ല, അതിൽ മറ്റെന്തെങ്കിലും സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് അറിവില്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് ഒക്കെ എന്തായാലും ഒരു അംഗീകാരം മണിക്ക് കിട്ടുമെന്ന് ഞങ്ങൾ എല്ലാവരും കരുതിയിരുന്നു എന്നത് തീർച്ചയാണ്. അസാധാരണമായ അഭിനയമായിരുന്നു അതിൽ.
പുള്ളി ഓപ്പൺ ആയി വന്ന് ചോദിക്കുന്ന ആളായിരുന്നു, നൈറ്റ് ഭക്ഷണം കഴിക്കുമ്പോൾ അന്തിക്കള്ള് വേണോ എന്ന് ചോദിക്കുന്ന ആളായിരുന്നു. ശരിക്കും പുള്ളിയുടെ ഫുഡ് ഹാബിറ്റുകൾ എല്ലാം വളരെ മോശമായിരുന്നു. രാത്രി ഒരു മണിക്കൊക്കെ നോൺ വെജ് കഴിക്കുന്നത്. അച്ചടക്കം ഇല്ലാതായി പോയി, ജീവിതശൈലി മൊത്തം കൈയിൽ നിന്ന് പോയി.
ഒരു നടന് പറ്റിയ ജീവിതം അല്ലായിരുന്നു പുള്ളിയുടേത്. ഞാൻ എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു. രാത്രി മുഴുവൻ മുറിയിൽ പത്ത് ഇരുപത് സുഹൃത്തുക്കൾ ഉണ്ടാവും. വെള്ളമടിയും പുലർച്ചെ വരെ പാട്ടും ഒക്കെയായിരിക്കും. വളരെ വൈകിയുള്ള ഭക്ഷണം കഴിപ്പും ഒക്കെ ഉണ്ടായിരുന്നു. ഞാൻ ഉപദേശിക്കുമ്പോൾ ശരി സാർ ഒക്കെ സാർ എന്ന് പറയുന്നതല്ലാതെ അതൊന്നും പാലിക്കാറില്ല എന്നും അളഗപ്പൻ പറയുന്നു.
2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി അപ്രതീക്ഷിതമായി മരണപ്പെടുന്നത്. പിന്നാലെ ഗുരുതര ആരോപണങ്ങളും ഉയർന്ന് വന്നിരുന്നു. അടുത്തിടെ മണിയുടെ മരണത്തെ കുറിച്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉണ്ണിരാജൻ ഐപിഎസ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിയുടെ മരണകാരണം ലിവർ സിറോസിസ് ആയിരുന്നു. ലിവർ പൊട്ടിയിട്ട് കഴുത്തിലുള്ള നേർവ്‌സിന് പലപ്പോഴും ബാൻഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല. മണി രക്തം ഛർദിക്കുമായിരുന്നെങ്കിലും ബിയർ കഴിക്കുമായിരുന്നു.
മരിക്കുന്നതിന്റെ തലേദിവസമായ 4ാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് 5ാം തീയതിയും മണി ബിയർ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബിയർ കുടിച്ചിട്ടുണ്ടാകും. ലിവർ സിറോസിസ് ഉണ്ടെന്ന് അറിഞ്ഞിട്ടും മദ്യപിച്ചിരുന്നത് മരണം വിലകൊടുത്ത് വാങ്ങിയതിന് തുല്യമാണ്. കൃത്യമായ അന്വേഷണമാണ് മണിയുടെ മരണത്തിൽ നടന്നതെന്നും ഉണ്ണിരാജൻ ഐപിഎസ് വ്യക്തമാക്കി.
ബിയറിൽ മീഥൈൽ ആൽക്കഹോളിന്റെ ചെറിയ ഒരംശം ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ ഒരുപാട് ബിയർ കഴിക്കുമ്പോൾ മീഥൈൽ ആൽക്കഹോളിന്റെ അളവ് നമ്മുടെയുള്ളിൽ കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവർ സിറോസിസ് രോഗി ആകുമ്പോൾ ഇത് പെട്ടെന്ന് ട്രിഗർ ചെയ്യും. മണിയുടെ കാര്യത്തിൽ സംഭവിച്ചത് ബിയർ കൂടുതൽ കഴിച്ചതുകൊണ്ടുണ്ടായ മീഥൈൽ ആൽക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മരണപ്പെടുന്നതിന് തലേന്ന് പാഡിൽ സുഹൃത്തുക്കളുമായി മണി ആഘോഷിച്ചിരുന്നു. ഇടുക്കി ജാഫറും സാബുവും നാദിർഷയുമൊക്കെ ഉണ്ടായിരുന്നു. ഇവർ തിരിച്ച് പോകുന്നത് രാത്രി വല്ലാതെ വൈകിയാണ്. മണിയും സുഹൃത്തുക്കളും അത്താഴം കഴിക്കുന്നത് പുലർച്ചെ 1.50 നാണ്. കിടന്ന ശേഷം 5.40 ന് മണി എഴുന്നേറ്റ് ബിയർ കുടിച്ചു. രാവിലെ ഇൻസുലിൻ എടുക്കാൻ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛർദ്ദിക്കുന്നതാണ്.
ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞപ്പോൾ സാരമില്ലെന്ന് പറഞ്ഞു. വീണ്ടും ഛർദ്ദിച്ചു. പിന്നാലെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ട് പോയി. പോകുന്ന വഴിയാണ് മണിയുടെയും സഹോദരൻ രാമകൃഷ്ണന്റെയും വീട്. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടത് കൊണ്ടായിരിക്കണം വീട്ടിലൊന്നും പറയാതിരുന്നതെന്നും ഉണ്ണിരാജൻ ഐപിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.
കുറച്ച് നാളുകൾക്ക് മുൻപ് മണിയുടെ ഭാര്യയും നിമ്മി പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരുന്നു. അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പക്ഷേ ആരെയും വീട്ടിൽ കൊണ്ടു വരാറില്ല. ആ സൗഹൃദത്തിന്റെ ഒരു കാര്യത്തിലും ഞങ്ങൾ ഇടപെടാറില്ലായിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട് ചില കൂട്ടുക്കെട്ടുകൾ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്.
ഇത്രയും മാരകമായ കരൾ രോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. ഞങ്ങളെ അറിയിച്ചിരുന്നുമില്ല. ഒരു രോഗിയായി അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല. മരണ ശേഷം പുറത്ത് വന്ന ചില വാർത്തകൾ കേട്ടാൽ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല. ഇതിനെതിരെ എനിക്കോ എന്റെ കുഞ്ഞിനോ ഒന്നും ചെയ്യാൻ അറിയില്ല. ഞാൻ അദ്ദേഹത്തിന്റെ പോസിറ്റീവ് വശങ്ങൾ മാത്രമേ എന്നും കാണാൻ ശ്രമിച്ചിട്ടുള്ളൂ. നെഗറ്റീവ് വശങ്ങളൊന്നും ത്‌നനെ ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം നടക്കുമ്പോൾ പുറകേ നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഒപ്പം നടക്കാൻ പോലും ശ്രമിച്ചിരുന്നില്ലെന്നാണ് നിമ്മി പറഞ്ഞിരുന്നത്.