ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ 13 വരെ. ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി ആണ് ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോട് ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
നദീ വാസലമുദലി ആരാച്ചി സംവിധാനം ചെയ്ത ശ്രീലങ്കൻ സിനിമയായ പാൻട്രം (PANTRUM) ആണ് ഉദ്ഘാടന ചിത്രം. ചിത്രത്തിന്റെ ആദ്യ അന്താരാഷ്ട്ര പ്രദർശനമാണ് ( world premiere) ഫെസ്റ്റിവലിൽ നടക്കുന്നത്. ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷനിൽ 14 മലയാള സിനിമകൾ, 12 ഇന്ത്യൻ സിനിമകൾ, അഞ്ച് ലോക സിനിമകൾ എന്നിവ പ്രദർശിപ്പിക്കും.
ട്രാൻസ് വുമൺ എ.രേവതിയുടെ ജീവിതത്തെ ആസ്പദമാക്കി പി. അഭിജിത് സംവിധാനം ചെയ്ത ഞാൻ രേവതി ഉൾപ്പെടെ നിരവധി സിനിമകളുടെ ആദ്യ അന്താരാഷ്ട്ര പ്രദർശനത്തിനും ഫെസ്റ്റിവൽ വേദിയാകും. നിധി സക്സേന സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘സാഡ് ലെറ്റേഴ്സ് ഓഫ് ആൻ ഇമാജിനറി വുമൺ’ ആണ് സമാപന ചിത്രം.
സംവിധായകരായ അരുൺ കാർത്തിക്, സുധ കെ.എഫ്, നിരൂപകൻ പി.കെ. സുരേന്ദ്രൻ എന്നിവരാണ് മത്സര വിഭാഗം ജൂറി അംഗങ്ങൾ. ഫെസ്റ്റിവലിൽ ആദ്യമായി ഏർപ്പെടുത്തിയ ഇന്ത്യൻ സിനിമകളുടെ മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിന് 50,000 രൂപയാണ് കാഷ് അവാർഡ്. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രദർശനം.
13ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന അവാർഡ് വിതരണച്ചടങ്ങിൽ തമിഴ് സംവിധായകൻ അരുൺ കാർത്തിക്, സംവിധായിക സുധ പത്മജ ഫ്രാൻസിസ്, നിരൂപകൻ പി.കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. സംവിധായകരും അണിയറ പ്രവർത്തകരുമായുള്ള ചോദ്യോത്തര വേളകൾ, മീറ്റ് ദി ഡയറക്ടർ പരിപാടികൾ എന്നിവ ഉണ്ടാകും.