
Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; ഏഴ് വർഷവും ഒരു മാസവും നീണ്ട വിചാരണ നടപടികൾ പൂർത്തിയായി
നടി ആക്രമിക്കപ്പെട്ട കേസ്; ഏഴ് വർഷവും ഒരു മാസവും നീണ്ട വിചാരണ നടപടികൾ പൂർത്തിയായി
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017 ഫെബ്രുവരി 17 നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്. കൃത്യം നിർവ്വഹിച്ച പൾസർ സുനി, സിനിമാ താരം ദിലീപ് ഉൾപ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇപ്പോഴിതാ കേസിൽ വാദം പൂർത്തിയായിരിക്കുകയാണ്. ഇതുവരെയുള്ള വാദത്തിൽ കോടതിക്ക് ആവശ്യമെങ്കിൽ വ്യക്തത തേടും. ഇതിനായി കേസ് മെയ് 21ന് പരിഗണിക്കുന്നതായിരിക്കും. അതിന് ശേഷം വിചാരണക്കോടതി കേസ് വിധി പറയാൻ മാറ്റും. ഏഴ് വർഷവും ഒരു മാസവും നീണ്ട വിചാരണ നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. ജസ്റ്റിസുമാരായ പി കൃഷ്ണകുമാർ, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതായിരുന്നു വിധി. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സി ബി ഐ അന്വേഷണമെന്ന ആവശ്യം ദിലീപ് ഉയർത്തുന്നതെന്ന നിരീക്ഷണത്തോടെ നടന്റെ ആവശ്യം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയത്.
വിചാരണ അവസാന ഘട്ടത്തിലെത്തിയെന്നത് വിലയിരുത്തിയാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിനെ തുടർന്നാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന് ആവശ്യപ്പെട്ട് നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
കേസിന്റെ നടപടിക്രമങ്ങൾ നീട്ടുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളുകയും ഹർജി തീർപ്പാക്കുകയും ചെയ്തത്.
കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിന്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അവസാനഘട്ടത്തിലാണ്. അന്തിമവാദം പൂർത്തിയാക്കി ജൂണിൽ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.
ഈ വിടുതൽ ഹർജി പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് പിൻവലിക്കുകയായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടർന്ന് കേസിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനത്തിനെതരേയും ദിലീപ് കോടതിയിലെത്തിയിരുന്നു. കേസിൽ വിചാരണ വൈകുന്നുവെന്ന് ആരോപിച്ചടക്കം ദിലീപ് ഹർജി നൽകിയിട്ടുണ്ട്.
എന്നാൽ ഇതെല്ലാം ദിലീപിന്റെ തന്ത്രങ്ങൾ മാത്രമാണെന്നും വിചാരണ വൈകുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയടക്കം മനപ്പൂർവ്വം കേസ് വൈകിപ്പിക്കാനുള്ള നടന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരെ തുടരെയുള്ള ഹർജികളിൽ അതിജീവിതയും നടനെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു ചാനലിന്റെ സ്റ്റിംഗ് ഓപറേഷനിലൂടെ വെളിപ്പെടുത്തിയത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്.
അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ആദ്യമായി ജയിലിൽ നിന്നും ജാമ്യം തേടി പുറത്തെത്തുന്നത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ചും സുനി വെളിപ്പെടുത്തുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി കൂടിയാണ് അപ്പുണ്ണി. നാദിർഷ ബുദ്ധിപരമായി കൈകഴുകിയെന്ന് പൾസർ സുനി പറഞ്ഞു. പുള്ളിക്ക് പേടിയുണ്ട്. ഒന്നും പറയാനും പറ്റുന്നില്ല, തീരുമാനമെടുക്കാനും പറ്റുന്നില്ല എന്ന അവസ്ഥയിലാണ് നാദിർഷ നിൽക്കുന്നത്.
ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ പണത്തിനായി വിളിച്ചിരുന്നുവെന്നും പൾസർ സുനി വെളിപ്പെടുത്തി. വിളിച്ചപ്പോൾ, നീ എന്താണെന്ന് വെച്ചാൽ ചെയ്യ്, നമുക്കൊന്നും അറിയില്ല എന്ന മട്ടിലാണ് അപ്പുണ്ണി സംസാരിച്ചതെന്നും സുനി പറയുന്നു. ഇക്കാര്യം താൻ വിജീഷിനോട് പറഞ്ഞു. ആരുടെ കയ്യിൽ നിന്ന് കാശ് കിട്ടിയാലും ഇനി അവരുടെ കാശ് വേണ്ട എന്ന് അവൻ പറഞ്ഞു. നീ അത് വേണ്ടെന്ന് വെച്ചേക്ക് എന്ന് പറഞ്ഞു. അങ്ങനെ വരെ തീരുമാനിച്ചതാണ്. താനും പറഞ്ഞു അങ്ങനെയെങ്കിൽ ആ പണം പോട്ടെ എന്ന്. അന്ന് പുള്ളിയോടുളള ദേഷ്യവും, ഇങ്ങനെ ചെയ്തല്ലോ എന്നുളളതൊക്കെ കൂടി വന്ന് ഭ്രാന്ത് പിടിച്ചു. നമുക്ക് കോടതിയിൽ പറയാം എന്നൊക്കെ വിജീഷ് പറഞ്ഞു.
അങ്ങനെ ഇരിക്കുമ്പോഴാണ് അന്വേഷണത്തിലൂടെ ഓരോന്ന് ചികഞ്ഞ് ചികഞ്ഞ് പുറത്തേക്ക് വരുന്നത്. പിന്നെ ഞങ്ങൾ പിടിച്ച് നിൽക്കാൻ നോക്കിയില്ല. തന്നോട് പോലീസ് പലതവണ ചോദിച്ചിട്ടുണ്ട്, ഇതിന് പിന്നിൽ അയാളല്ലേ എന്ന്. അപ്പോഴൊക്കെ, ഏയ് അയാളോ എന്ന് പറഞ്ഞ് താൻ ഒഴിവാക്കി വിട്ടതാണ്. ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപ്പിച്ചൊക്കെ ചോദിക്കും. അതൊക്കെ കഴിഞ്ഞിട്ടാണ് ഈ ചതി പറ്റിയത്. അതിന് ശേഷമാണ് ആ കത്ത് വരെ എഴുതിയത്.
ഒരു വാക്ക് നമ്മുടെ കയ്യിൽ നിന്ന് കിട്ടാൻ പോലീസ് ശ്രമിക്കുമ്പോഴും അയാളെ അത്ര സേഫ് ആക്കി. പോലീസ് ഇടിച്ചിട്ടും പറഞ്ഞില്ല. അങ്ങോട്ടും ഇങ്ങോട്ടും നിസ്സാര കാര്യം പറഞ്ഞ് അപ്പുണ്ണിയുമായി തെറ്റിയതാണ്. നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താണെന്ന് വെച്ചാൽ ചെയ്യ്, ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞു. കുറച്ച് നിങ്ങൾ കാത്തിരിക്ക്, നിങ്ങൾ ഇറങ്ങിയിട്ട് നോക്കാം എന്നൊക്കെ പറഞ്ഞാൽ മതിയായിരുന്നു. നമുക്ക് ഒന്നും പറഞ്ഞ് തരാൻ ആരും ഇല്ല.
ഇവരെ അല്ലേ വിളിക്കുന്നുളളൂ. ഇത്രയൊക്കെ ഇവരെ സേഫ് ആക്കിയിട്ടും ഇവർ ഇങ്ങനെ കാണിക്കുമ്പോൾ നമ്മുടെ മനസ്സ് മാറിപ്പോകില്ലേ. അപ്പുണ്ണി സംസാരിക്കുമ്പോൾ ദിലീപ് തൊട്ടടുത്ത് ഇരിക്കുന്നുണ്ടാകും. അല്ലാതെ സ്വന്തം തീരുമാനം പ്രകാരം അപ്പുണ്ണി അങ്ങനെ പറയില്ല. അപ്പുണ്ണിയുടെ കയ്യിൽ 2 ഫോൺ ഉണ്ടെങ്കിൽ ഒന്ന് ദിലീപേട്ടന്റേത് ആയിരിക്കും. അത് അപ്പുണ്ണിയാണ് മാനേജ് ചെയ്യുന്നത്. അത് മഞ്ജുവിനും അറിയില്ല, കാവ്യയ്ക്കും അറിയില്ലെന്നും പൾസർ സുനി പറഞ്ഞു.
ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമവാദം കേൾക്കാൻ ഇരിക്കെയാണ് പൾസർ സുനി ജയിൽ മോചിതനാകുന്നത്. പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, സിം വിവരങ്ങൾ കോടതിയിൽ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ വാദിച്ചു. എന്നാൽ സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം തേടി 10 തവണയാണ് സുനി മേൽക്കോടതിയെ സമീപിച്ചത്. ആറ് തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും ഹർജി നൽകി. ഈ സമയത്തെല്ലാം സുനിക്ക് വേണ്ടി ഹാജരായത് പ്രമുഖരായ അഭിഭാഷകരായിരുന്നു. നേരത്തെ തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് സുനിയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യാൻ സാമ്പത്തിക സഹായവുമായി ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വർഷങ്ങളായി ജയിലിൽ കഴിയുന്ന പ്രതി ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല ജാമ്യഹർജി ഫയൽ ചെയ്യുന്നത്. സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകർ വഴിയാണെന്നതും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.
