
Malayalam
കുട്ടികൾക്ക് ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോൾ ലാലേട്ടന്റെ സിനിമയിലെ ഡയലോഗുകൾ പറയും; അതോടെ ജോലി പോയി; ഡോ. നിഷ റാഫേൽ
കുട്ടികൾക്ക് ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോൾ ലാലേട്ടന്റെ സിനിമയിലെ ഡയലോഗുകൾ പറയും; അതോടെ ജോലി പോയി; ഡോ. നിഷ റാഫേൽ
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
ഇപ്പോഴിതാ ടീച്ചറും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ഡോ. നിഷ റാഫേൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മോഹൻലാൽ കാരണം തന്റെ പണി പോലും പോയെന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിഷ പറയുന്നത്. മാത്രമല്ല ഇന്നത്തെ വിദ്യാഭ്യാസ രീതികൾ മാറണമെന്നും അല്ലെങ്കിൽ സംഭവിക്കുന്നതെന്താണെന്നും നിഷ വ്യക്തമാക്കുന്നു.
ഡോ. നിഷ എന്ന് കാണുമ്പോൾ ഞാൻ ഡോക്ടറാണെന്ന് കരുതി ചില രോഗികൾ എന്റെ അടുത്ത് വരാറുണ്ട്. കൂടുതലും മാനസിക രോഗികളാണ്. ഞാൻ ശരിക്കും ടീച്ചറാണ്. വെറും ടീച്ചറല്ല, പണി പോയ ടീച്ചറാണ്. പണി പോകാൻ കാരണമുണ്ട്. ലാലേട്ടനാണ് എന്റെ ജോലി പോകാൻ കാരണമായത്. അതെന്താ സംഭവമെന്ന് വെച്ചാൽ ഞാൻ മോഹൻലാലിന്റെ കട്ട ആരാധികയാണ്. അങ്ങനെ ആരാധനയുള്ള ഒത്തിരി ആളുകളുണ്ടാവും.
പക്ഷേ കുട്ടികൾക്ക് ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോൾ ലാലേട്ടന്റെ സിനിമയിലെ ഡയലോഗുകൾ പറയും. ആ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറഞ്ഞോണ്ടിരിക്കും. ഞാൻ എക്കണോമിക്‌സാണ് പഠിപ്പിക്കുന്നത്. 2016 ൽ എനിക്കതിന് ഡോക്ടറേറ്റ് കിട്ടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി റാങ്ക് ഹോൾഡറുമാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോൾ ഞാൻ സിനിമയുമായി ബന്ധപ്പെടുത്തി തിയറികൾ പറയും. ഓട്ടോമാറ്റിക്കായി സംസാരത്തിനിടയിൽ ചിലപ്പോൾ സിനിമയുടെ കഥയും പറഞ്ഞെന്ന് വരും.
ക്ലാസിൽ ഇരിക്കുന്നവർക്ക് നല്ല മാർക്ക് കിട്ടും. പക്ഷേ ഇത് കറങ്ങി തിരിച്ച് മറ്റ് അധ്യാപകരുടെ ചെവിയിലെത്തും. നിഷ മിസ് അവിടെ പഠിപ്പിക്കുകയൊന്നുമല്ല. സിനിമാക്കഥ പറഞ്ഞോണ്ടിരിക്കുകയാണെന്ന്. സ്വഭാവികമായിട്ടും മലയാളികൾക്ക് പൊട്ടുന്ന കുരു അവിടെ പൊട്ടും. വിദ്യാർഥികളാണെങ്കിൽ നമ്മുടെ കൂടെ കട്ട നിൽക്കുകയും ചെയ്യും. അപ്പോൾ മാനേജ്‌മെന്റ് പറയും ഇത്രയും അനുസരണ ഇല്ലാത്ത ടീച്ചറെ നമുക്ക് ഇവിടെ ആവശ്യമില്ല. നിങ്ങൾ കുടുംബത്തിലിരുന്നോളാൻ.
കരിക്കുലത്തിലുള്ള കാര്യം മാത്രം പഠിപ്പിച്ച് ഒരു ചട്ടക്കൂടിനുള്ളിൽ മാത്രം നിൽക്കുന്ന ടീച്ചറാവാൻ എനിക്ക് താൽപര്യമില്ല. അതോണ്ട് പണിക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചുവെന്ന് നിഷ പറയുന്നു. എന്ന് കരുതി വീട്ടിൽ വെറുതേ ഇരിക്കുകയല്ല. ഇപ്പോൾ ഭയങ്കര എക്‌സ്‌പോർഷറാണ്. മുൻപാണെങ്കിൽ ഏതേലും ഒരു കോളേജിൽ പത്തോ അറുപതോ പിള്ളേരെ പഠിപ്പിക്കുന്ന ടീച്ചർ മാത്രമായി അറിയപ്പെട്ടേനെ. ഇപ്പോൾ അങ്ങനെയല്ലല്ലോ. കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ഒരുപാട് കുട്ടികൾക്ക് കുറച്ചെങ്കിലും നല്ല കാര്യങ്ങൾ പറഞ്ഞ് കൊടുക്കാൻ സാധിക്കുന്നുണ്ട്.
മലയാളികൾ വളരെ ആലോചിച്ച ശേഷം മാത്രം ബഹുമാനം കൊടുക്കുന്നവരാണ്. എന്നിട്ടും പുറത്തിറങ്ങുമ്പോൾ അഭിനന്ദനങ്ങളും ബഹുമാനവുമൊക്കെ കിട്ടുന്നുണ്ട്. അതൊക്കെ വലിയ കാര്യമാണ്. അതെനിക്ക് ആവോളം കിട്ടാറുണ്ടെന്നും ടീച്ചർ പറയുന്നു. സിനിമയെ വെച്ച് പഠിപ്പിക്കുന്നതിന്റെ ഉദ്ദാഹരണവും ടീച്ചർ വ്യക്തമാക്കി. ഫാക്ടേഴ്‌സ് ഓഫ് ഫിക്ഷൻ എന്ന ക്ലാസ് ആണ് എടുക്കുന്നതെങ്കിൽ മിഥുനം സിനിമയെ കുറിച്ചായിരിക്കും പറയുക. അതിൽ ദാക്ഷായണി ബിസ്‌കറ്റ് എന്ന കമ്പനിയാണ് ലാലേട്ടൻ നടത്തുന്നത്. അവിടെ ഒരു പ്രൊഡ്യൂസറുണ്ട്, ക്യാപിറ്റലുണ്ട്, എന്നൊക്കെ പറഞ്ഞ് വരുമ്പോൾ അതിലെ ബാക്കി കഥ കൂടി പറയും. പിന്നെ പണി പോകാൻ വേറൊരു കാര്യം കൂടിയുണ്ട്.
നമ്മുടെ നാട്ടിലെ ടീച്ചർമാർ പഠിപ്പിക്കാൻ വന്നാൽ പഠിപ്പിച്ചിട്ട് പോകണമെന്ന ലൈനിലുള്ളവരാണ്. അവിടെ ഡാൻസ് കളിക്കാനോ പാട്ട് പാടാനോ അഭിനയിക്കാനോ പാടില്ല. സ്‌ക്രീനിലൊക്കെ വന്നാൽ കഴിഞ്ഞു. ടീച്ചറുടെ ഉത്തരവാദിത്തമെന്ന് പറഞ്ഞാൽ പഠിപ്പിക്കുക എന്നതാണ്. അതിലൊരു മാറ്റം വരണമെങ്കിൽ ആരെയെങ്കിലും എവിടെയെങ്കിലും തല്ലികൊല്ലണം. നാലഞ്ച് ദിവസം കൊടിയും പൊക്കി പിടിച്ച് ആളുകൾ അങ്ങനെ മാറ്റം വരണമെന്ന് പറയും. അത് കഴിയുമ്പോൾ നിങ്ങൾ പഠിപ്പിച്ചാൽ മാത്രം മതിയെന്ന് പറഞ്ഞ് രക്ഷിതാക്കൾ വരും.
സ്‌കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികളാണെങ്കിൽ പോലും പലർക്കും ബാങ്കിൽ പോയി ഒരു ഫോം ഫിൽ ചെയ്യാൻ പോലും അറിയില്ല. വെറുതേ കാണാപാഠമിരുന്ന് പഠിക്കും. എന്നിട്ട് അതെല്ലാം പേപ്പറിൽ പോയി ഛർദ്ദിക്കും. അതാണ് ഇവിടുത്തെ വിദ്യാഭ്യാസം. നമ്മുടെ നാട് നന്നാവാത്തതിന്റെ കാരണവും ഇതാണ്. പതിനെട്ടായിരം രൂപയ്ക്ക് കേരളത്തിൽ ഒരു ടീച്ചർക്ക് ജോലി എടുക്കാം. ബിഎഡ് പഠിക്കുന്നവരോട് ഞാൻ പറയുകയാണ്, നിങ്ങൾ വേറെ എന്തെങ്കിലും പണിയ്ക്ക് പോയിക്കോ.
നേഴ്‌സിങ് പഠിച്ചവരെക്കാളും കഷ്ടമാണ് ബിഎഡ് പഠിച്ചിറങ്ങുന്നവരുടെ അവസ്ഥ. ഒരുപാട് ടീച്ചർമാരുടെ ദീനരോധനം ഞാനിവിടെ ഇരുന്ന് കേൾക്കാറുണ്ട്. പതിനെട്ടായിരം രൂപയ്ക്ക് വേണ്ടി ഇത്രയധികം സർട്ടിഫിക്കറ്റുകൾ വാങ്ങി കൂട്ടിയിട്ട് എന്ത് കാര്യം? സ്വന്തമായി ട്യൂഷൻ സെന്ററിട്ടാൽ നാല് കാര്യം നമ്മുടെ ഇഷ്ടത്തിന് പഠിപ്പിക്കാം.
പ്രളയം വന്നാൽ രക്ഷിക്കാൻ വരുന്നത് ആരാണ്. ലോക്കൽസ് എന്ന് പലരും വിളിക്കുന്ന പിള്ളേരാണ്. അവർ മുണ്ടും മടക്കി കുത്തി വന്ന് കിട്ടുന്ന ചെമ്പിലും ചെരുവത്തിലുമൊക്കെ ആളുകളെ രക്ഷിക്കും. എന്നാൽ വൈറ്റ് കോളറിട്ട് നടക്കുന്നവർ എന്താ ചെയ്യുക. അവർക്കൊന്നും ചെയ്യാൻ അറിയില്ല. അവർക്കാകെ അറിയുന്ന കാര്യം പഠിച്ച കാര്യം പേപ്പറിൽ എഴുതാൻ മാത്രമാണ്. വിദ്യാഭ്യാസനയം മാറണമെങ്കിൽ ടീച്ചർമാർ ചിന്തിക്കുന്ന രീതികളും രക്ഷിതാക്കളുടെ രീതികളുമൊക്കെ മാറണം. അപ്പോഴാണ് കുട്ടികൾക്ക് മാറ്റം വരിക.
എന്റെ അടുത്ത് മോശമായി പെരുമാറാനുള്ള ധൈര്യം ആരിലും കണ്ടിട്ടില്ല. കാരണം അങ്ങനെയുള്ളവരെ ഞാൻ പബ്ലിക്കായിട്ട് തേച്ചൊട്ടിക്കും. പബ്ലിക്കായി നമ്പർ വെക്കാൻ എങ്ങനെ സാധിക്കുന്നെന്ന് എല്ലാവരും എന്നോട് ചോദിക്കും. ഒത്തിരി ഞരമ്പ് രോഗികൾ എനിക്ക് മെസേജ് അയക്കാറുണ്ട്. എങ്ങനെയാണ് അവരോട് പ്രതികരിക്കേണ്ടത് എന്നൊന്നും പല സ്ത്രീകൾക്കും അറിയില്ല. അയ്യോ അവൻ എന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് അവരൊക്കെ നിലവിളിച്ച് കൊണ്ടിരിക്കുകയാണ്. മോശമായി പെരുമാറുന്ന പുരുഷന്മാർക്ക് കുറച്ചൂടി തീറ്റയിട്ട് കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത് സ്ത്രീകൾ തന്നെയാണ്. അവരെയാണ് ആദ്യം തല്ലേണ്ടത്.
കാരണം സ്ത്രീകളുടെ പ്രൊഫൈൽ ഫോട്ടോ കണ്ട് മെസേജ് അയച്ചോണ്ട് ആണുങ്ങൾ വരും. അവരോട് ചേട്ടന്റെ വീട് എവിടെയാണ് എന്നൊക്കെ ചോദിക്കാൻ പോകുന്നത് തിരിച്ചിങ്ങോട്ട് മോശമായി പെരുമാറാനുള്ള അനുവാദം കൊടുക്കുന്നത് പോലെയാണ്. എന്നിട്ട് കിടന്ന് കരഞ്ഞത് കൊണ്ട് എന്താണ് കാര്യം. റോഡിൽ കൂടി പോകുമ്പോൾ പോലും ഒരാളുടെ നോട്ടം കണ്ടാൽ അയാളുടെ നോട്ടം വശപിശകാണല്ലോ, അയാളുടെ ഉദ്ദേശം എന്താണെന്നും മനസിലാകും.
അത് സ്ത്രീകൾക്ക് ദൈവം പ്രത്യേകമായി കൊടുത്തൊരു കഴിവാണ്. പക്ഷേ അവിടെ പലരും ഇത്തരം നോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മളെ ഒരാൾ നോക്കുന്നത് സ്ത്രീകൾക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ എന്തേലും അനാവശ്യം വരുമ്പോഴാണ് അവർ പ്രതികരിക്കുക. അവിടംവരെ കാര്യങ്ങൾ കൊണ്ടെത്തിക്കേണ്ട കാര്യമുണ്ടോ? എന്നാണ് നിഷ ചോദിക്കുന്നത്.
അതേസമയം, എമ്പുരാൻ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്തിയ ചിത്രം. കൃത്യമായ രാഷ്ട്രീയ പ്രമേയ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിനെതിരെ സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ വലിയ പ്രചരണമാണ് നടത്തുന്നത്. സംഘപരിവാറിന്റെ വിമർശനങ്ങൾക്കൊടുവിൽ എഡിറ്റ് ചെയ്ത പതിപ്പാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
ഇതിന് ശേഷം തുടരും എന്ന ചിത്രമാണ് ലാലേട്ടന്റേതായി പുറത്തെത്താനുള്ള ചിത്രം. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായ എമ്പുരാൻ തിയറ്ററുകളിൽ എത്തുന്നതിൻറെ തലേ ദിവസമാണ് തുടരും എന്ന ചിത്രത്തിന്റെ ട്രെയിലറും പുറത്തെത്തിയിരുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
പ്രശസ്ത ഫോട്ടോഗ്രാഫർ കെ ആർ സുനിലിന്റെ കഥയ്ക്ക് സുനിലും തരുൺമൂർത്തിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആർ സുനിൽ എഴുത്തുകാരൻ കൂടിയാണ്. ഷാജി കുമാർ ആണ് ഛായാഗ്രഹണം.
