Connect with us

നായകന് വേണ്ടി പൂച്ചയെ അയയ്‌ക്കുന്ന ആ പെൺകുട്ടി ആര്?; വൈറലായി മഞ്ജു വാര്യരുടെ മറുപടി

Malayalam

നായകന് വേണ്ടി പൂച്ചയെ അയയ്‌ക്കുന്ന ആ പെൺകുട്ടി ആര്?; വൈറലായി മഞ്ജു വാര്യരുടെ മറുപടി

നായകന് വേണ്ടി പൂച്ചയെ അയയ്‌ക്കുന്ന ആ പെൺകുട്ടി ആര്?; വൈറലായി മഞ്ജു വാര്യരുടെ മറുപടി

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും നമ്മെ വിസ്മയിപ്പിച്ച മഞ്ജു വാര്യർക്ക് ഇന്ന് നാൽപ്പത്തിയാറാം പിറന്നാൾ ആണ്. അഭിനയത്തിന്റെ അമൂർത്തമായ ഭാവങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കയറിയ മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. ഇന്ന് മലയാളത്തിൽ ഏറ്റവും മൂല്യമുള്ള നായികയാണ് മഞ്ജു വാര്യർ.

തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറിൽ തന്നെ വഴിത്തിരിവായത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടെ വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.

അതുപോലെ നടയിടുെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു സമ്മർ ഇൻ ബെത് ലഹേം. മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട സിനിമകളിലൊന്ന് കൂടിയാണിത്. ജയറാം, മഞ്ജു വാര്യർ, സുരേഷ് ​ഗോപി, മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആസ്വാദകർ ഏറെയാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഈ ചിത്രത്തെ കുറിച്ച് നടി മഞ്ജു വാര്യർ പറഞ്‍ വാക്കുകളാണ് വൈറലായി വാങ്ങുന്നത്. പുതിയ സിനിമയു‍ടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ചിത്രത്തിൽ നായകന് വേണ്ടി പൂച്ചയെ അയയ്‌ക്കുന്ന പെൺകുട്ടി ആരെന്ന് വെളിപ്പെടുത്താതെ ഒരു സസ്പെൻസ് അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. നാല് പേരിൽ ആരാകും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അവസരം സംവിധായകനായ സിബി മലയിൽ പ്രേക്ഷകർക്കാണ് നൽകിയത്. എന്നാൽ അത് ആരെന്ന് അതിൽ അഭിനയിച്ച താരങ്ങൾക്ക് പോലും അറിയില്ലെന്ന് പറയുകയാണ് മഞ്ജു വാര്യർ. പണ്ട് സ്ഥിരം ഈ ചോദ്യം കേൾക്കാറുണ്ടായിരുന്നു. പലരും അത് എന്നോട് ചോദിച്ചിട്ടിട്ടുണ്ട്.

പൂച്ചയെ ആരാണ് അയച്ചതെന്ന് അന്നും അറിയില്ല, ഇന്നും അറിയില്ല. ഇപ്പോഴും അത് എഴുതിയ രഞ്ജിത്ത് ചേട്ടനും സംവിധാനം ചെയ്ത സിബി സാറിനും മാത്രമേ അറിയൂ. ആരെയെങ്കിലും അവർ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുമോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും എന്റെ അറിവിൽ അതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

പ്രണയവർണങ്ങളുടെ ഒരു പാട്ട് ചിത്രീകരിക്കുന്നതിനായി മഞ്ജു അടക്കം തങ്ങളെല്ലാം ചെന്നൈയിലായിരുന്നുവെന്നും സിബി മലയിൽ പറഞ്ഞിരുന്നു. അവിടെ വച്ചാണ് മഞ്ജുവിനോട് സമ്മർ ഇൻ ബത്ലഹേമിന്റെ കഥ പറയുന്നത്, ആ ഘട്ടത്തിൽ തമിഴ് ചിത്രമാണ് ആലോചനയിൽ, തമിഴിലേക്കാണ് മഞ്ജുവിനെ വിളിക്കുന്നതും. കഥ മഞ്ജുവിന് ഇഷ്ടമായി, പക്ഷേ ഈ സമയത്ത് ഒരു അന്യഭാഷ സിനിമ ചെയ്യുന്ന കാര്യം ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ‘ഞാൻ ഒരു റിലേഷൻഷിപ്പിലാണ് , അദ്ദേഹത്തോട് കൂടി ചോദിക്കാതെ പുതിയ ഒരു സിനിമ കമ്മിറ്റ് ചെയ്യാനാകില്ല, പ്രത്യേകിച്ച് മറ്റൊരു ഭാഷയിൽ, മാത്രമല്ല, ഉടനെ വിവാഹമുണ്ടാകും, അഭിനയം നിർത്തുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്’…എന്നുമായിരുന്നു മഞ്ജുവിന്റെ മറുപടിയെന്നും സിബി മലയിൽ പറഞ്ഞിരുന്നു.

ഒരൊറ്റ രംഗത്തിലെ പ്രത്യേക്ഷപ്പെടുന്നുള്ളൂവെങ്കിലും പ്രേക്ഷകരെ പിടിച്ചുകുലുക്കുന്നതായിരുന്നു സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രം. അന്ന് ആ കഥാപാത്രത്തിനായി മോഹൻലാലിന് പകരം രജനീകാന്തിനേയും കമൽഹാസനേയുമെല്ലാം ആലോചിച്ചിരുന്നുവെന്ന് പറയുകയാണ് സിബി മലയിൽ . സ്റ്റാർഡം കൊണ്ട് സുരേഷ് ഗോപിക്കും ജയറാമിനും മുകളിൽ നിൽക്കുന്ന നടൻ എന്നായിരുന്നു ചിന്ത. അങ്ങനെയാണ് പല പേരുകൾ ചർച്ചയായത്. ഒടുവിൽ മോഹൻലാലിലേക്ക് ചർച്ചയെത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പെട്ടെന്ന് തുടങ്ങിയ സിനിമയായത് കൊണ്ട് തന്നെ ലൊക്കേഷനിൽ ഇരുന്നാണ് രഞ്ജിത്ത് തിരക്കഥ എഴുതിയിരുന്നത്. അതിനിടയിലാണ് നിരഞ്ജൻ എന്ന കഥാപാത്രവും വരുന്നത്. സ്റ്റാർഡം കൊണ്ട് സുരേഷ് ഗോപിക്കും ജയറാമിനും മുകളിൽ നിൽക്കുന്ന ഒരാളാകാണം നിരഞ്ജൻ, എന്നാൽ മാത്രമേ പ്രേക്ഷകർ സ്വീകരിക്കൂവെന്ന് ഉറപ്പായിരുന്നു, ആ ആലോചനയാണ് മോഹൻലാലിലേക്ക് എത്തുന്നത്. അന്ന് ബാംഗ്ലൂരിൽ ആയൂർവേദ ചികിത്സയിലായിരുന്നു മോഹൻലാൽ. ഞാനും രഞ്ജിത്തും കൂടി അവിടെ പോയി കണ്ടു. കഥ ഒന്നും ചോദിച്ചില്ല, പറഞ്ഞുമില്ല, ‘രണ്ട് ദിവസത്തെ കാര്യമല്ലേ, ഇവിടെനിന്ന് ഇറങ്ങിയാൽ പിറ്റേദിവസം തന്നെ ചെയ്യാമെന്നായിരുന്നു ലാലിന്റെ പ്രതികരണം.

ഒരു മാസം ചികിത്സയിലായിരുന്നത് കൊണ്ട് തന്നെ താടിയൊക്കെ വളർത്തി ഒരു സാത്വിക ഭാവത്തിൽ കഥാപാത്രത്തിന് വേണ്ട അതേ ലുക്കിലായിരുന്നു ലാൽ. ‘ഇങ്ങനെ തന്നെ വന്നാൽ മതി ലുക്ക് മാറ്റരുതെ’ന്ന് മാത്രമേ ഞാൻ ആവശ്യപ്പെട്ടുള്ളൂ. അവിടെ നിന്ന് ഇറങ്ങി പിറ്റേദിവസം ലാൽ വന്നു, ഒരു ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയാക്കി. പക്ഷേ സമ്മർ ഇൻ ബത്ലഹേമിന്റെ ഷോ സ്റ്റീലർ മോഹൻലാലാണ്. നിരഞ്ജനെ മോഹൻലാൽ അവിസ്മരണീയമാക്കി.

അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ ഈ സിനിമയുടെ രണ്ടാം ഭാ​ഗത്തെ കുറിച്ച് സിബി മലയിൽ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. പന്ത്രണ്ട് വർഷം മുൻപാണ്, സമ്മർ ഇൻ ബത്ലഹേമിന് രണ്ടാംഭാഗം ആലോചിച്ചാലോ എന്ന് രഞ്ജിത്ത് ചോദിക്കുന്നത്. അന്ന് മഞ്ജു സിനിമയിലേക്ക് തിരികെ വന്നിട്ടില്ല. മഞ്ജു വിദേശത്ത് എവിടെയെങ്കിലും ആണെന്ന നിലയിൽ ശബ്ദസാന്നിധ്യമായി നിലനിർത്താനായിരുന്നു ആലോചന. പക്ഷേ സുരേഷ് ഗോപി താൽപ്പര്യമില്ലെന്ന് പറഞ്ഞു, അദ്ദേഹത്തിന് സമ്മർ ഇൻ ബത്ലഹേം കരിയറിൽ നെഗറ്റീവായി എന്നൊരു വിലയിരുത്തലാണ്. ‌‌‌

അതുകൊണ്ട് രണ്ടാംഭാഗവുമായി സഹകരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. കാരണം എന്താണെന്ന് അറിയില്ല. സുരേഷ് ഗോപിയും ജയറാമും ഇല്ലാതെ രണ്ടാംഭാഗം ആലോചിക്കാനേ ആകില്ല. അതുകൊണ്ട് അത് നടന്നില്ല. ഇനി ഒരു രണ്ടാംഭാഗം നടക്കുമോയെന്ന് അറിയില്ല, ആദ്യ ചിത്രത്തെക്കാൾ മികച്ചൊരു കഥയില്ലെങ്കിൽ രണ്ടാംഭാഗം എടുക്കരുതെന്നാണ് എന്റെ നിലപാട് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം, ചിത്രം പുറത്തിറങ്ങി 23 വർഷം പിന്നിട്ട വേളയിൽ സുരേഷ് ​ഗോപി കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു, ‘മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം.”എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന, എനിക്ക് പൂർണ്ണതൃപ്തി നൽകിയ ഒരു കഥാപാത്രമാണ് ബെത്‌ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചുവെന്നാണ് സുരേഷ് ഗോപി കുറിച്ചത്.

കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്റെ കഥ വേണു നാഗവള്ളിയുടേതാണ് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്. ആദ്യം ഈ ചിത്രം തമിഴിൽ ചെയ്യാനാണ് സംവിധായകൻ സിബി മലയിൽ തീരുമാനിച്ചിരുന്നത്. എന്നാൽ നിർമാതാവുമായുള്ള പ്രശ്‌നം കാരണം അത് മുടങ്ങുകയായിരുന്നു. പ്രഭു, ജയറാം, മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് സമ്മർ ഇൻ ബത്‌ലഹേം തമിഴിൽ ഒരുക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ നിർമാതാവുമായുള്ള പ്രശ്നത്തെ തുടർന്ന് ചിത്രം മുടങ്ങുകയായിരുന്നു. പിന്നീട് സിയാദ് കോക്കർ ചിത്രം നിർമിക്കാൻ തീരുമാനിച്ചതോടെ അത് മലയാളത്തിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രഭുവിന് പകരം സുരേഷ് ഗോപി സിനിമയിലെത്തി. പിന്നെ നേരത്തേ തീരുമാനിച്ചതു പോലെ കലാഭവൻ മണി, സംഗീത, മയൂരി, ശ്രീജയ, മഞ്ജുള എന്നിവരും ചിത്രത്തിന്റെ ഭാഗമായി. രണ്ടു സീൻ മാത്രമാണ് ഉള്ളതെങ്കിലും ഏറെ ആഴവും പരപ്പുമുള്ള കഥാപാത്രമാണ് നിരഞ്ജൻ.

ഒരു അസാധാരണ നടൻ തന്നെ അതു ചെയ്യണമെന്ന് സിബി മലയിലിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കമൽഹാസനെയാണ് ആദ്യം ചിത്രത്തിൽ പരിഗണിച്ചത്. അതിനു ശേഷം മലയാളത്തിലേക്ക് മാറിയപ്പോൾ മോഹൻലാൽ നിരഞ്ജനായി. 2003 ൽ പ്രിയദർശൻ സമ്മർ ഇൻ ബത്‌ലഹേമിനെ ലേസാ ലേസാ എന്ന പേരിൽ ചെറിയ മാറ്റങ്ങളൊക്കെ വരുത്തി ശ്യാം, മാധവൻ, വിവേക്‌, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിൽ ഒരുക്കിയിരുന്നു.

മഞ്ജു വാര്യർസിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. 1998 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ടാം വരവിൽ മലയാളവും കടന്ന് തമിഴകത്ത് സജീവ സാന്നിധ്യമാവുകയാണ് മഞ്ജു വാര്യർ. വിവാഹ ശേഷം സിനിമയിൽ നിന്ന് മഞ്ജു വാര്യർ ദീർഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവിൽ 2014ൽ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർയു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top