മലയാളിയ്ക്ക് സംഗീതമെന്നാല്‍ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേര്‍ത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകന് എന്നതിലുപരി മറ്റെന്തെല്ലാമോ കൂടിയാണ് ആ മനുഷ്യന്. തന്റെ സുഖ ദുഃഖങ്ങളിലും സന്തോഷ സന്താപങ്ങളിലുമെല്ലാം കൂട്ടായി എത്തുന്ന ഗാനങ്ങള്‍, അവയ്ക്ക് പിന്നിലെ സ്വര മാധുര്യം, മണ്ണിലെ ഗാനഗന്ധര്വന്. ആ അപൂര്‍വ സുന്ദര സ്വരമാധുരി നുണയാത്തവരായി ആരുമുണ്ടാകില്ല.
പതിറ്റാണ്ടുകള്‍ക്കിപ്പുറം മാറ്റിവയ്ക്കാനാകാത്ത ശീലമായി മലയാളിക്ക് യേശുദാസ് മാറിക്കഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത വികാരം, അതാണ് ആ ശബ്ദത്തിന്റെ മാറ്റ് കൂട്ടുന്നത്. വാക്കുകള്‍ മതിയാകാതെ വരും ആ സ്വരമാധുരിയ്ക്ക് വിശേഷണങ്ങള്‍ തീര്‍ക്കാന്‍. തലമുറകളെ തന്റെ ആരാധകരാക്കിയ ഇന്ദ്രജാലം ദാസേട്ടന് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. മലയാളികള്‍ ഉള്ളിടത്തോളം കാലം കെ ജെ യേശുദാസും ആ ശബ്ദവും നിലനില്ക്കും.
ശതാഭിഷിക്തനാകുന്ന പ്രിയഗായകന് യു.എസിലെ ഡാലസിലെ വീട്ടിലാണ് ജന്മദിനം ആഘോഷിക്കുന്നത്. കോവിഡിനുശേഷം അദ്ദേഹം ഇതുവരെയും കേരളത്തില്‍ എത്തിയിരുന്നില്ല. മൂകാംബിക ദേവിയുടെ ഭക്തനായ അദ്ദേഹം പിറന്നാളിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി കീര്‍ത്തനം ആലപിക്കുന്നത് വര്‍ഷങ്ങളായി പതിവാണ്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണത്താല്‍ പതിവ് മുടങ്ങി. മൂകാംബികയില്‍ യേശുദാസിനായി പിറന്നാള്‍ ദിനത്തില്‍ പ്രത്യേക പൂജകള്‍ ചെയ്യുന്നുണ്ട്. അതേസമയം ഇപ്പോഴിതാ ഗാനഗന്ധര്‍വന്റെ അമേരിക്കന്‍ ജീവിതത്തെ കുറിച്ച് ബിനോയി സെബാസ്റ്റ്യന്‍ എന്ന വ്യക്തി എഴുതിയ ലേഖനം ശ്രദ്ധിക്കപ്പെടുകയാണ്.
താരജാഡകളില്ലാതെ സാധാരണക്കാരനായി ഭാര്യ പ്രഭയ്ക്കൊപ്പം വാര്‍ധക്യം ആസ്വദിക്കുന്ന യേശുദാസിനെ കുറിച്ചാണ് ബിനോയി സെബാസ്റ്റ്യന്‍ എഴുതിയിരിക്കുന്നത്. ‘ലാന്റാനയെന്ന ചെറുനഗരത്തിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറുകയായിരുന്നു ഞാന്‍. അടുത്തെത്തിയപ്പോള്‍ വെളുത്ത ഷോര്‍ട്സും ടീഷര്‍ട്ടുമിട്ട് പലക മിനുക്കുകയാണ് അദ്ദേഹം. വീടിന്റെ രണ്ടാം നിലയില്‍ സ്വന്തം രൂപകല്പനയില് പണിയുന്ന ഹോംതിയറ്ററിന് വേണ്ടിയാണത്.’
‘ഒരു ലളിതസുന്ദരഗാനം പോലെയായിരുന്നു ആ കാഴ്ച. ഇന്ത്യയില്‍ സെലിബ്രിറ്റികളുടെ സെലിബ്രിറ്റിയായ യേശുദാസ് ലാളിത്യത്തിന്റെ ലാളിത്യത്തോടെയാണ് ഇവിടെ ജീവിതം നയിക്കുന്നത്. എണ്പത്തിനാലാം വയസിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിതാന്തപരിശ്രമവും ആദരണീയവും അനുകരണീയവുമാണ്.’ ‘ആയിരം പൂര്‍ണചന്ദ്രനെ ദര്‍ശിച്ച അദ്ദേഹം ഇപ്പോള്‍ ശാന്തസുന്ദരമായ ജീവിതം ആസ്വദിക്കുന്നു.
ഒരു സമ്പൂര്‍ണ യോഗിവര്യന്റെ സംയമനത്തോടെ. ഗായകനായ യേശുദാസിനെ നാം തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കാം. പക്ഷെ ഒരു ചിത്രകാരന്, ശില്പി തുടങ്ങിയ നിലകളിലെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം എത്ര പേര് മനസിലാക്കിയിട്ടുണ്ട്… സ്വന്തം വീടിന്റെ രണ്ടാം നിലയില്‍ സ്വയം നിര്‍മിച്ച സ്റ്റുഡിയോയിലാണ് വടക്കും നാഥന് എന്ന സിനിമയിലെ ഗംഗേ… എന്ന ഗാനം അദ്ദേഹം പാടി റെക്കോര്‍ഡ് ചെയ്തത്. അദ്ദേഹം തന്നെ പണിതെടുത്ത ഹോം തിയറ്ററിന്റെ ഭംഗിയും പ്രൗ!ഢിയും ആ പ്രതിഭയുടെ മറ്റൊരുദാഹരണമാണ്. നര്‍മം നന്നായി ആസ്വദിക്കുകയും പറയുകയും ചെയ്യുന്ന വ്യക്തിത്വമാണ് യേശുദാസിന്റേത്.’
‘വേദങ്ങളിലും പുരാണങ്ങളിലും ആദിമഗ്രന്ഥങ്ങളിലുമുള്ള വേദാര്‍ഥങ്ങള്‍ ഗ്രഹിച്ചിട്ടുള്ള അദ്ദേഹം മനുഷ്യര്‍ ഉള്‍പ്പെടുന്ന പ്രകൃതിയെ സ്നേഹിക്കുന്നു. ഒരു പാട്ട് ഒരു സിനിമയില്‍ പാടുവാന്‍ അവസരം കിട്ടിയാല്‍ പിറ്റേന്ന് മുതല്‍ സെലിബ്രിറ്റി കുപ്പായമിടുന്നവര്‍ക്കിടയില്‍ ഇന്ത്യയുടെ മഹാപ്രതിഭയായ ദാസേട്ടന് വേറിട്ട് നില്ക്കുന്നു’, എന്നാണ് ബിനോയി സെബാസ്റ്റ്യന്‍ കുറിച്ചത്.
തന്റെ 21ാം വയസിലായിരുന്നു കെ ജെ യേശുദാസിന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുളള കടന്നുവരവ്. 1961 നവംബര്‍ 14, സംഗീത ലോകത്ത് ഒരു അത്ഭുതം പിറവികൊണ്ട ദിനം. അന്നാണ് ‘കാല്പാടുകള്’ എന്ന സിനിമയ്ക്കായി യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ വച്ചായിരുന്നു റെക്കോര്‍ഡിങ്.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്…’ ശ്രീനാരായണ ഗുരുവിന്റെ വിഖ്യാതമായ നാലുവരി ശ്ലോകം എംപി ശ്രീനിവാസന് ചൊല്ലിക്കൊടുത്ത ഈണത്തില്‍ പാടി ആ യുവാവ് അരങ്ങേറ്റം ഗംഭീരമാക്കി. പിന്നെ ഇന്ത്യന്‍ സംഗീതലോകം സാക്ഷ്യംവഹിച്ചത് അത്ഭുതകരമായ ഒരു വളര്‍ച്ചയ്ക്കാണ്. 84ാം വയസിലും പകരക്കാരനില്ല യേശുദാസിന്. ഇന്നും കര്‍ണാടക സംഗീതത്തിന്റെ ഒരംശം മാത്രമേ തനിക്ക് സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് പരിഭവിക്കുന്ന യേശുദാസ്, താന്‍ വിദ്യാര്‍ഥി മാത്രമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...