Connect with us

ദയവു ചെയ്ത് ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക, ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടി; അടൂരിനെതിരെ അതിജീവിതയുടെ സഹോദരന്‍

News

ദയവു ചെയ്ത് ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക, ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടി; അടൂരിനെതിരെ അതിജീവിതയുടെ സഹോദരന്‍

ദയവു ചെയ്ത് ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക, ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടി; അടൂരിനെതിരെ അതിജീവിതയുടെ സഹോദരന്‍

മലയാള സിനിമയില്‍ എന്നു മാത്രമല്ല, കേരളമൊട്ടാകെ വലിയ ഞെട്ടലിന് വഴിതെളിച്ച സംഭവമായിരുന്നു കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം. ഷൂട്ടിംഗ് കഴിഞ്ഞ് സിനിമ ലൊക്കേഷനില്‍ നിന്ന് മടങ്ങി വരികയായിരുന്ന നടിയെ ഓടുന്ന കാറില്‍ വെച്ച് പീ ഡിപ്പിക്കുകയും അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ ആദ്യദിനങ്ങളില്‍ തന്നെ പിടികൂടിയെങ്കിലും അക്രമത്തിന് പിന്നില്‍ ഗൂഡാലോചനയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ആദ്യ കുറ്റപത്രത്തിലും ഇത് സംബന്ധിച്ച സൂചകങ്ങളൊന്നുമുണ്ടായില്ല. പിന്നീട് കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച യോഗത്തില്‍ നടി മഞ്ജു വാര്യറാണ് ആദ്യമായി ഗൂഡാലോചനയെന്ന സംശയം മുന്നോട്ട് വെക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് നേരെയുള്ള സംശയങ്ങള്‍ ആദ്യ ആഴ്ചകളില്‍ തന്നെ ഉയര്‍ന്ന് വന്നിരുന്നു.

പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്നും അയച്ച കത്തിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപിനെതിരായ കുരുക്കുകള്‍ പൊലീസ് മുറുക്കിയത്. പിന്നീട് ജനപ്രിയ താരത്തെ എട്ടാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഞെട്ടുകയായിരുന്നു. അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തിനടുത്താണ് റിമാന്‍ഡില്‍ കഴിഞ്ഞത്.

മലയാള സിനിമയില്‍ ദിലീപ് ശക്ത സാന്നിധ്യമായി നില്‍ക്കുന്നതിനിടയിലായിരുന്നു കേസും അറസ്റ്റുമെല്ലാം. അതേസമയം സംഭവത്തില്‍ നടനെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിനിമയിലെ പകുതിയിലധികം താരങ്ങളും സ്വീകരിച്ചിരുന്നത്. ചിലര്‍ ദിലീപിനെതിരെയും രംഗത്തെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്നും നടനെതിരെ യാതൊരു തെളിവുമില്ലെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിനോട് വ്യക്തിപരമായി ഇടപെട്ട ആളെന്ന നിലയില്‍ അയാള്‍ അങ്ങനെയൊന്നും ചെയ്യാന്‍ സാധ്യത ഇല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അടൂരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ സഹോദരന്‍. കേസില്‍ അങ്ങയുടെ പ്രതികരണം കണ്ടപ്പോള്‍ ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന സഹതാപത്തോടെ നോക്കിക്കാണുകയാണെന്ന് അതിജീവിതയുടെ സഹോദരന്‍ വിമര്‍ശിച്ചു.

‘കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കില്‍ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത് കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാര്‍ത്ഥം’, അതിജീവിതയുടെ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;

ബഹുമാനപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ അറിയുന്നതിന്.

നടി ആക്രമിച്ച കേസില്‍ അങ്ങയുടെ പ്രതികരണം കണ്ടപ്പോള്‍ ആദ്യം പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണുകയായിരുന്നു. പിന്നെ ഇപ്പോള്‍ പ്രതികരിക്കാനുള്ള കാരണം, താങ്കളെപ്പോലുള്ളവര്‍ ഇത്തര കുപ്രചരണം നടത്തുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കാതിരിക്കുന്നത് ഞങ്ങളുടെ കയ്യിലുള്ള തെറ്റ് കൊണ്ടാണോ അല്ലെങ്കില്‍ താങ്കളെപ്പോലുള്ളവരെ ഭയപ്പെടുന്നത് കൊണ്ടാണോ എന്നൊരു ചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ന്നുവരുന്നത് കൊണ്ടാണ്.

കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കില്‍ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത് കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാര്‍ത്ഥം. അങ്ങ് ആദ്യം പറഞ്ഞ കാര്യത്തിനോട് ഞാന്‍ ഒരുതരത്തിലും എതിരല്ല.

വ്യക്തിപരമായ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പേരിലാണെങ്കില്‍ പോലും ഓരോ വ്യക്തിക്കും ആരെ സ്വീകരിക്കണം ആരെ തള്ളിക്കളയണം എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഉണ്ട്. താങ്കളെപ്പോലുള്ളവരുടെ അഭിപ്രായത്തിന് മലയാളികള്‍ അത്രയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ തെറ്റായ ഒരു പ്രതികരണം നടത്തുന്നത് താങ്കള്‍ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന പേരിനും പ്രശസ്തിക്കും വരെ മങ്ങല്‍ ഏല്‍പ്പിച്ചേക്കാം.

അങ്ങയുടെ വ്യക്തിത്വത്തിന് അത്തരമൊരു കളങ്കം ഏറ്റു കാണാന്‍ അങ്ങയുടെ ചലച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞുപോയ കാലങ്ങളിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ അങ്ങേക്ക് ഞാന്‍ പറയുന്നതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാവുന്നതേയുള്ളൂ.

അതുകൊണ്ടുതന്നെ അങ്ങയോടുള്ള എല്ലാ ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയുകയാണ് പ്രസ്തുത കേസിന്റെ ഇതുവരെയുള്ള നാള്‍വഴികള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ അങ്ങ് പറയുന്നതില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അങ്ങേയ്ക്ക് തന്നെ ബോധ്യപ്പെടുന്നതാണ്. ദയവു ചെയ്ത് ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക. എന്റെ ഈ മറുപടി കൊണ്ട് അങ്ങേക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുവെങ്കില്‍ ഞാനതിന് നിരുപാധികം മാപ്പ് ചോദിക്കുകയാണ്. അങ്ങയ്ക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top