
Malayalam
അമ്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ജീവിതത്തിലെ കയറ്റങ്ങളും ഇറക്കങ്ങളും…, വരാനിരിക്കുന്നത് കണ്ണഞ്ചപ്പിക്കുന്ന തിരിച്ചു വരവ്!
അമ്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ജീവിതത്തിലെ കയറ്റങ്ങളും ഇറക്കങ്ങളും…, വരാനിരിക്കുന്നത് കണ്ണഞ്ചപ്പിക്കുന്ന തിരിച്ചു വരവ്!
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍, സിനിമാ പാരമ്പര്യമൊന്നുമില്ലാതെ മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വെച്ച ഗോപാലകൃഷ്ണന് എന്ന ആ ചെറുപ്പക്കാരന്റെ എക്കാലത്തെയും സ്വപ്നം സിനിമയായിരുന്നു.
എന്നാല്‍ നടനാവുക എന്ന സ്വപ്നവും ഉള്ളില്‍ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ അയാളെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു. പതിയെ ചെറിയ ചെറിയ വേഷങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ് തനിക്കു കിട്ടുന്ന കൊച്ചുകൊച്ചു വേഷങ്ങളിലൂടെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 1992ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായത്.

പിന്നീട് അങ്ങോട്ട് കണ്ണടച്ചു തുറക്കും മുമ്പായിരുന്നു ഗോപാലകൃഷ്ണന് എന്ന ദിലീപിന്റെ വളര്‍ച്ച. കലാഭവന്റെ മിമിക്രിവേദികളില്‍ നിന്ന് അയാള്‍ സഹസംവിധായകനും, സഹനടനും, നായകനും നിര്‍മ്മാതാവും പിന്നീട് സിനിമകളുടെ റിലീസിങ് വരെ തീരുമാനിക്കുന്ന ഉയരങ്ങളിലേയ്ക്കും പറന്നു.
ഒരു സിനിമ പാരമ്പര്യവും ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത ഒരുത്തന് മലയാള സിനിമയില്‍ വന്ന് പലതിന്റേയും ചുമതലകള്‍ വഹിച്ച് തലപ്പത്ത് ഇരിക്കുക എന്നത് ചില്ലറ കാര്യമല്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍ ദിലീപിനായി. പിന്നീട് തുടരെത്തുടരെ സൂപ്പര്‍ഹിറ്റുകളുമായി വെള്ളിത്തിരയില്‍ കുതിച്ചുയര്‍ന്ന ദിലീപിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

പല സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളും തിയേറ്ററില്‍ കൂപ്പുക്കുത്തിയപ്പോഴും ജനപ്രിയന്റെ ചിത്രങ്ങള്‍ ബോക്സോഫീസ് തൂത്തുവാരിയതൊന്നും മലയാള സിനിമാ ചരിത്രത്തില്‍ മറക്കുവാനാകില്ല. കോമഡിയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നടനും അവിടെ നിന്നും സൂപ്പര്‍താര സിംഹാസനവും ദിലീപ് കൈയിലാക്കി. പിന്നീട് ദിലീപ് മലയാള സിനിമയിലെ ശക്തമായ സ്വാധീനമുള്ള ഒരാളായി മാറുകയായിരുന്നു.
ദിലീപ് നിര്‍മ്മിച്ച ട്വന്റി20 എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം താരസംഘടനയായ അമ്മയ്ക്ക് വലിയ മുതല്‍ക്കൂട്ടായി. ഏഴു കോടി മുതല്‍ മുടക്കി 33 കോടിയോളം ബോക്സ് ഓഫീസ് കളക്ഷന്‍ വാരിയ ഈ ചിത്രം ‘അമ്മ’യുടെ ഖജനാവ് നിറയ്ക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. സിഐഡി മൂസ, കഥാവശേഷന്, പാണ്ടിപ്പട, മലര്‍വാടി ആര്‍ട്സ് ക്ലബ്, ദി മെട്രോ, ലവ് 24*7, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നു തുടങ്ങി നിരവധി ചിത്രങ്ങളിലും ദിലീപ് നിര്‍മ്മാതാവായി.

മറ്റു സൂപ്പര്‍ താരങ്ങളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരനായി സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു. നിരവധി പേരെ സാമ്പത്തികമായി ദിലീപ് സഹായിച്ചിരുന്നു. നടി കെപിഎസി ലളിതയും കൊച്ചിന് ഹനീഫയുടെ ഭാര്യയും കൊല്ലം തുളസിയുമെല്ലാം ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. സിനിമയ്ക്ക് അകത്ത് മാത്രമല്ല, പുറത്തും ദിലീപിന്റെ സഹായഹസ്തങ്ങളുണ്ട്. ഒരുകാലത്ത് ഹേറ്റേഴ്സ് ഇല്ലാത്ത ഒരേ ഒരു നടനായിരുന്നു ദിലീപ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ആരാധകരോടുള്ള പെരുമാറ്റവും തന്നെയായിരുന്നു കാരണം.
ഇന്നിപ്പോള്‍ ദിലീപിനെ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. എന്നിരുന്നാലും, 2002 ല്‍ പുറത്തിറങ്ങിയ കുഞ്ഞിക്കൂനന്, 2006 ല്‍ പുറത്തിറങ്ങിയ ചക്കരമുത്ത്, ചാന്ത്പൊട്ട്, മായാമോഹിനി, സൗണ്ട് തോമ, പച്ചക്കുതിര എന്ന് തുടങ്ങി പല നടന്മാരും ഏറ്റെടുക്കാന്‍ മടിക്കുന്ന കഥാപാത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച് അതിന്റെ, നൂറില്‍ നൂറ്റിപ്പത്ത് ശതമാനവും പെര്ഫക്ഷനില് പ്രേക്ഷകരിലേയ്ക്ക് എത്തിക്കാന്‍ ദിലീപിന് ആകും എന്നത് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.

ഇതിനിടയില്‍ കുടുംബ ജീവിതത്തില്‍ തിരിച്ചടികളും 2014ല്‍ മഞ്ജുവാര്യരുമായുള്ള വിവാഹ മോചനവും കഴിഞ്ഞ ശേഷം കാവ്യാ മാധവനുമായുള്ള വിവാഹവും ദിലീപിനെ വിവാദ നായകനാക്കി. തുടര്‍ന്ന് നടി ആക്രമിക്കപ്പെടുന്ന കേസിലും ദിലീപിന്റെ പേരുയര്‍ന്നുവന്നു. 85 ദിവസത്തോളം ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു. എന്നിരുന്നാലും അദ്ദേഹം മലയാള സിനിമയില്‍ ശക്തമായ തിരിച്ചു വരവ് നടത്തി. വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമിടയില്‍ നിന്നുകൊണ്ടു തന്നെ അദ്ദേഹം തന്റെ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പിറന്നാള്‍ ദിനം കൂടി കടന്നു പോകുമ്പോള്‍ എല്ലാവര്ഷത്തെയും പോലെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഫാന്‍സ് പേജുകളിലും അല്ലാതെയുമെല്ലാം ജനപ്രിയന് ആശംസാപ്രവാഹമാണ്. മകള്‍ മീനാക്ഷിയും അച്ഛന് പിറന്നാള്‍ ആശംസകളുമായി എത്തി. ‘കുട്ടി മീനാക്ഷിയെ’ കയ്യിലെടുത്തിരിക്കുന്ന ദിലീപിന്റെ ചിത്രം പങ്കുവെച്ചാണ് തന്റെ പ്രിയപ്പെട്ട അച്ഛന് മീനാക്ഷി പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ ഒരു മാസത്തെ ജീവകാരുണ്യ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.
അദ്ദേഹത്തിന്റെ ഫാന്‍ പേജായ ദിലീപ് ഓണ്‍ലൈനില്‍ വന്ന ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു;
”ഇന്ന് അദ്ദേഹം കടന്നു പോകുന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞവയാണ് ആ കഷ്ടപ്പാടില്‍ നിന്നും ഒരു മോചനമില്ലെന്ന് പലരും വിധിയെഴുതുമ്പോള്‍ അവരോര്‍ക്കുന്നില്ല അമ്പലപ്പറമ്പില്‍ താരാനുനുകരണം നടത്തി ജീവിതം മുന്പോട്ട് കൊണ്ട് പോയിരുന്ന മെലിഞ്ഞ് ഈര്‍ക്കില്‍ രൂപത്തിലുള്ള ആ പയ്യന്റെ നടനാകണം എന്നുള്ള ആഗ്രഹത്തെ അന്ന് പലരും പുച്ഛിച്ചു തള്ളിയപ്പോള്‍ അയാള്‍ നടന്നു കയറിയത് മലയാള സിനിമയുടെ തലപ്പത്തേക്ക് ആയിരുന്നു എന്ന്.
ഇഷ്ട താരങ്ങള്‍ക്ക് സൂപ്പര്‍, മെഗാ സ്റ്റാര്‍ പട്ടങ്ങള്‍ മാത്രം ചാര്‍ത്തി കൊടുത്തിരുന്ന മലയാളി അയാള്‍ക്ക് പുതിയൊരു പട്ടം ചാര്‍ത്തി നല്കി ‘ജനപ്രിയനായകന്’. അതെ അയാള്‍ ജനപ്രിയന് തന്നെയാണ് പ്രായഭേദമന്യേ ഒരു ജനത അയാളെ ആഘോഷമാക്കിക്കൊണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. ഏതൊരു തരം വിഷമ ഘട്ടത്തിലും അയാളുടെ സിനിമകള്‍ കണ്ടാല്‍ അവയൊക്കെ ഞൊടിയിടയില്‍ അകലുന്നൊരു കാലമുണ്ടായിരുന്നു.

മലയാള സിനിമ തുടര്‍ പരാജയങ്ങളിലേക്ക് കൂപ്പു കുത്തിയ പല സന്ദര്‍ഭങ്ങളിലും തിയ്യേറ്ററില്‍ നിന്നും അകന്ന് നിന്ന കുടുംബ പ്രേക്ഷകരെ അയാളായിരുന്നു തിരികെ കൊണ്ട് വന്ന് സിനിമാ മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കിയിരുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളേയും അണിനിരത്തി ഒരു സിനിമയൊരുക്കാന്‍ ചുക്കാന്‍ പിടിച്ചത് അയാളാണ്, അയാള്‍ക്ക് അല്ലാതെ മറ്റൊരാള്‍ക്കും അതിന് കഴിയില്ല എന്നത് പരസ്യമായി തന്നെ പലരും സമ്മതിച്ചതാണ്.
ഏറ്റവും കൂടുതല്‍ പണം വാരി ചിത്രങ്ങള്‍ അയാളുടേതായി തുടര്‍ച്ചയായി പുറത്ത് വന്നുകൊണ്ടിരിന്നു. ഉത്സവ സീസണുകളില്‍ അയാളുടെ സിനിമകള്‍ ഇല്ലെങ്കില്‍ കുടുംബ പ്രേക്ഷകര്‍ അകന്ന് നിന്ന സമയം പോലും ഉണ്ടായിരുന്നു. അത്രമേല്‍ ജനപ്രിയനായിരുന്നു ആ മനുഷ്യന്.

ഒന്നുമില്ലായ്മയില്‍ നിന്നും ഇതിലും വലിയ കല്ലും മുള്ളുമൊക്കെ ചവിട്ടി അതൊക്കെ പൂമെത്തകളാക്കി മാറ്റി തന്നെയാണ് അയാള്‍ അയാളുടെ സിംഹാസനം അലങ്കരിച്ചിരുന്നത്. ഇപ്പൊ അയാള്‍ മറ്റൊരു മോശം സമയത്തിലൂടെ കടന്നു പോകുകയാണ് ഇതും കടന്ന് പോകും. ആരാണ് ശരിയും തെറ്റുമെന്നുമൊക്കെ നിയമവും കാലവും തെളിയിക്കട്ടെ.
അമ്പലപ്പറമ്പില്‍ ശബ്ദാനുകരണം നടത്തി ജീവിച്ചിരുന്ന ആ ഗോപാലകൃഷ്ണനെന്ന പയ്യന് മലയാള സിനിമയുടെ ജനപ്രിയനായകന് ദിലീപ് ആയി മാറിയത് ഒരു സുപ്രഭാതത്തില്‍ സംഭവിച്ച അത്ഭുതമല്ല, കഷ്ടപ്പാടുകള്‍ സഹിച്ചു തന്നെയാണ്. അയാളുടെ സിനിമയിലെ ഡയലോഗ് തന്നെ കടമെടുത്താല്‍ മുറിച്ചാല്‍ മുറി കൂടെ വരുന്ന ജന്മമാണ് അയാള്‍. പഴയ പ്രതാപത്തോടെ തന്നെ തിരിച്ചു വരുമെന്നാണ് വിശ്വാസവും പ്രതീക്ഷയും. കാത്തിരിക്കുന്നു അതിനായ്. പ്രിയപ്പെട്ട ദിലീപേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്” എന്നായിരുന്നു.
ദിലീപിന്റെ വമ്പന്‍ തിരിച്ചുവരവിനായി ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചുരുക്കിപറഞ്ഞാല്‍ അമ്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ജീവിതത്തില്‍ കയറ്റങ്ങളും ഇറക്കങ്ങളും ധാരാളം കണ്ട വ്യക്തിയാണ് ദിലീപ്. അതുകൊണ്ടു തന്നെ ശക്തമായ ഒരു തിരിച്ച് വരവ് ദിലീപും ആഗ്രഹിക്കുന്നുണ്ട്. താരത്തിന്റേതായി പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രം വിജയമായിരുന്നുവെങ്കിലും പ്രതീക്ഷത്ര വിജയം കൈവരിച്ചില്ലാ എന്നതും ദിലീപിന്റെ കരിയറിലൊരു പോരായ്മയായി.
അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷ നല്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇനി ദിലീപിന്റേതായി പുറത്തെത്താനുള്ളത്. അതിലൊന്നാണ് വോയിസ് ഓഫ് സത്യനാഥന്. വര്‍ഷങ്ങള്‍ക്ക് ശേഷം റാഫി-ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥന്’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
അടുത്തതായി അണിയറയില്‍ ഒരുങ്ങുന്നത് രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി- ദിലീപ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ്. ദിലീപിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരു തമന്നയാണ് ചിത്രത്തിലെ നായിക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
അതുമാത്രമല്ല, നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കകാലത്ത് എല്ലാവരാലും ദിലീപ് കല്ലെറിയപ്പെട്ടിരുന്ന ഒരു സാഹചര്യത്തിലായിരുന്നു അരുണ്‍ ഗോപിയുടെ രാമലീല പുറത്തെത്തുന്നത്. ഇത്രയേറെ പ്രതിസന്ധിയിലും ഈ ഒരു സിനിമ കാരണം ദിലീപിന് തന്റെ പ്രതിഛായ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇപ്പോഴും ബാന്ദ്രയും വോയിസ് ഓഫ് സത്യനാഥനും തന്നെ കൈവിടില്ലെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് കടുത്ത ഈശ്വരവിശ്വാസി കൂടിയായ ദിലീപ്. അതുകൊണ്ടു തന്നെ ഈ പിറന്നാളോടെ ദിലീപിന്റെ രാജയോഗം തെളിയുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്.

