മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ദിനംപ്രതി പുറത്ത് വരുന്ന റിപ്പോർട്ടുകൾ എടുത്ത് നോക്കിയാൽ ദുരൂഹത വർധിക്കുകയാണ്. ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മിസ് കേരള മത്സര ജേതാക്കളായ മോഡലുകളെ അപകടത്തിനു മുൻപുള്ള ദിവസങ്ങളിലും അജ്ഞാത വാഹനം പിന്തുടർന്നതായി ക്രൈംബ്രാഞ്ചിന് ഇപ്പോൾ വിവരം ലഭിച്ചിരിക്കുകയാണ്.
ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിനു മുൻപിൽ ഇതേ വാഹനം കണ്ടു ഭയന്നാണു പാർട്ടി പൂർത്തിയാകും മുൻപു സുഹൃത്തുക്കൾക്കൊപ്പം മോഡലുകൾ ഹോട്ടൽ വിട്ടുപോയതെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.
അന്ന് ഇവരെ പിൻതുടർന്ന സൈജു തങ്കച്ചന്റെ വാഹനം തന്നെയാണോ മുൻപുള്ള ദിവസങ്ങളിലും മോഡലുകളെ പിന്തുടർന്നതെന്നു ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. തൃശൂർ കൊടകരയ്ക്കു സമീപം അഞ്ജനയുടെ കാറിനെ അജ്ഞാതവാഹനം പിന്തുടർന്നതു ശ്രദ്ധയിൽപെട്ടതായി തൃശൂരിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
കൊല്ലപ്പെട്ട തൃശൂർ സ്വദേശി അഞ്ജന ഷാജന്റെ ബന്ധുക്കൾ ഇക്കാര്യങ്ങൾ വിശദീകരിച്ചു ക്രൈംബ്രാഞ്ചിനു പരാതി നൽകിയിട്ടുണ്ട്. അഞ്ജനയെ പിന്തുടർന്ന വാഹനത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. മിസ് കേരള പട്ടം നേടിയ അൻസി കബീറിനെ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് ഇതേ വാഹനം പിൻതുടർന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പാർട്ടി നടന്ന ഒക്ടോബർ 31 നു രാത്രിയിൽ ഇതേ വാഹനം നമ്പർ 18 ഹോട്ടലിൽ എത്തിയതിനു തെളിവാകുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കമാണു ഹോട്ടലുടമയും ജീവനക്കാരും ചേർന്നു നശിപ്പിച്ചത്.
അൻസിയും അഞ്ജനയും ഉപയോഗിച്ചിരുന്ന ഫോൺനമ്പറുകളിലേക്കു 2 മാസത്തിനിടയിൽ വിളിച്ച മുഴുവൻ നമ്പറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഡലുകളെ പിന്തുടർന്ന വാഹനത്തിന്റെ ഉടമയെ കണ്ടെത്തുന്നതോടെ ഈ കേസിലെ നിർണായക അറസ്റ്റുണ്ടാവും.
അതേസമയം മോഡലുകളുടെ അപകടമരണത്തിന്റെ വസ്തുതകൾ പുറത്തുവരാൻ ഇവർ സഞ്ചരിച്ച കാറിന്റെ ഫൊറൻസിക് പരിശോധനയ്ക്ക് അന്വേഷണസംഘം ഒരുങ്ങുന്നു. ഡ്രൈവർ മദ്യപിച്ചു വണ്ടിയോടിച്ചുണ്ടായ സാധാരണ അപകടമരണത്തേക്കാൾ ഗൗരവം കേസിനു ലഭിച്ചതോടെയാണു വൈകിയാണെങ്കിലും പൊലീസിന്റെ നീക്കം.
കൊല്ലപ്പെട്ട മോഡലുകൾ അടക്കം 4 പേർ സഞ്ചരിച്ച കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. റഹ്മാന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ടോയെന്നു കണ്ടെത്താൻ ഫൊറൻസിക് പരിശോധന നിർണായകമാണ്. ഓട്ടത്തിനിടയിൽ കാറിന്റെ ബ്രേക്ക് ഫ്ലൂയിഡ് ചോർന്നതായി സംശയമുണ്ട്. ഹോട്ടലിന്റെ പാർക്കിങ് യാഡിൽ ഈ കാർ കിടന്ന സ്ഥലത്തിന്റെ പരിശോധനയും നിർണായകമാണ്. മോഡലുകൾ പങ്കെടുത്ത പാർട്ടി നടന്ന ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ സംഭവം നടന്ന ഒക്ടോബർ 31നു രാത്രിയിൽ ഹോട്ടലിൽ ഉണ്ടായിരുന്ന മുഴുവൻ പേരുടെയും മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണു ക്രൈംബ്രാഞ്ച്.
പാർട്ടി നടന്ന സമയം ഹോട്ടലിലെ മുറികളിലൊന്നിൽ വിഐപി താമസിച്ചിരുന്നെന്ന വാർത്ത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഈ വിഐപി ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ഈ ഉദ്യോഗസ്ഥന്റെ സാന്നിധ്യം മറയ്ക്കുന്നതിനാണു ഹോട്ടലുടമ റോയ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കുകൾ നീക്കം ചെയ്യാൻ നിർദേശം നൽകിയതെന്നും സൂചനയുണ്ട്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...