Malayalam
സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം! സിദ്ദിഖിന്റെ അജ്ഞാത വാസം പൊലീസിന്റെ നിരീക്ഷണത്തിൽ
സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം! സിദ്ദിഖിന്റെ അജ്ഞാത വാസം പൊലീസിന്റെ നിരീക്ഷണത്തിൽ
ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. ഫോട്ടോയിൽ കാണുന്ന ഫിലിം ആർട്ടിസ്റ്റ് സിദ്ദിഖ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിലവിലുള്ള കേസിലെ പ്രതിയും ഒളിവിൽ പോയിട്ടുള്ളയാളും ആണ്. ഇയാളെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം’–നോട്ടിസിൽ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ (9497996991) , റെയ്ഞ്ച് ഡിഐജി ( 9497998993), നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ (9497990002), മ്യൂസിയം പൊലീസ് സ്റ്റേഷൻ (0471–2315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് നോട്ടിസ്. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. സിദ്ദിഖിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്നാഴ്ച മുൻപ് എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചിൽ നോട്ടിസ് നൽകിയിരുന്നു. യുവനടിയുടെ പരാതിയിൽ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നാണു നടി പൊലീസിനോടു വെളിപ്പെടുത്തിയത്.
എന്നാൽ നടനെ ഇതുവരെ അറസ്റ്റു ചെയ്യാത്തത് വിമർശങ്ങൾ ഉയരുന്നുണ്ട്. എന്നാൽ സിദ്ദിഖിന്റെ അജ്ഞാത വാസം പൊലീസിന്റെ നിരീക്ഷണത്തിലെന്നും സൂചനയുണ്ട്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അറസ്റ്റിനു മുൻപു സുപ്രീം കോടതിയെ സമീപിക്കാൻ അവസരം വേണമെന്ന സിദ്ദിഖിന്റെ അഭ്യർഥന പൊലീസ് വകവച്ചു കൊടുത്തെന്ന വിവരമാണു പുറത്തുവരുന്നത്. മുൻകൂർ ജാമ്യം തള്ളുന്നതുവരെ പൊതുസമൂഹത്തിന്റെ മുന്നിലുണ്ടായിരുന്ന സിദ്ദിഖ് അന്നു മുഴുവൻ കേരളത്തിലുണ്ടായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. അന്നു സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ബുധനാഴ്ച രാവിലെ മുതൽ ഫോൺ വീണ്ടും ഓണായി. സിദ്ദിഖിന്റെ ലൊക്കേഷൻ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണെങ്കിൽ കഴിഞ്ഞ 48 മണിക്കൂറിൽ പൊലീസിന് അവസരമുണ്ടായിരുന്നു. സംസ്ഥാന പൊലീസിന്റെ ഇപ്പോഴത്തെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചാൽ നിസ്സാരമായി ചെയ്യാവുന്ന കാര്യത്തിനു പോലും തുനിയാത്തത്, സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജിയിൽ സുപ്രീം കോടതി വിധി പ്രതികൂലമായാൽ മാത്രം അറസ്റ്റ് മതിയെന്ന നിർദേശത്തെ തുടർന്നാകാനാണു സാധ്യത. ബുധനാഴ്ച സിദ്ദിഖ് ഫോൺ സ്വിച്ച് ഓൺ ചെയ്തതു പൊലീസ് നിർദേശം അനുസരിച്ചാവാനുള്ള സാധ്യതപോലും തള്ളിക്കളയാൻ കഴിയില്ല.
അതേസമയം സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി 30ന് പരിഗണിച്ചേക്കും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ രഞ്ജിത റോഹത്ഗി സുപ്രീം കോടതി റജിസ്ട്രാർക്ക് കത്തു നൽകി. പരാതിക്കാരിക്കും കേരള സർക്കാരിനും പുറമേ, സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ മറ്റൊരു തടസ്സഹർജിയും സുപ്രീം കോടതിയിലെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ദേശീയ വനിതാ കമ്മിഷന് പരാതി നൽകിയ അജീഷ് കളത്തിലാണ് ഹർജിക്കാരൻ.
