ലണ്ടനിലെ സ്റ്റോക്ക് പാർക്ക് ഹൗസിൽ വച്ച് ചടങ്ങുകൾ! അനന്ത്–രാധിക വിവാഹചടങ്ങുകളിലേക്ക് ബോളിവുഡിലെ താരങ്ങൾക്ക് ക്ഷണം
അടുത്തിടെ ഇന്ത്യയിൽ ശ്രദ്ധനേടിയ ആഘോഷമായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍. ജാംനഗറിൽ മൂന്നു ദിവസമായി നടന്ന ചടങ്ങിൽ മാർക്ക് സക്കർബർഗടക്കമുള്ള നിരവധി പ്രമുഖരാണ് പങ്കെടുത്തത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം അനന്ത് രാധിക വിവാഹത്തിലെ ഒരു പരിപാടി ലണ്ടനിലും നടക്കുമെന്നാണ്. വിവാഹം ജൂലൈയിലാണ്. ലണ്ടനിലെ സ്റ്റോക്ക് പാർക്ക് ഹൗസിൽ വച്ചായിരിക്കും ചടങ്ങുകൾ. ഇതിനായി ബോളിവുഡിലെ ചില താരങ്ങളെ ക്ഷണിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. നിത അംബാനിയുടെ മേൽനോട്ടത്തിലാണ് തയാറെടുപ്പുകൾ നടത്തുന്നത്.
നേരത്തേ പ്രീവെഡ്ഡിങ് ചടങ്ങിൽ അമ്മയാണ് വിവാഹത്തിന്റെ എല്ലാ ആസുത്രണങ്ങൾക്കും പിന്നിലെന്ന് അനന്ത് പറഞ്ഞിരുന്നു. ജാംനഗറിൽ മൂന്നു ദിവസം നടന്ന ആഘോഷ ചടങ്ങുകൾ സെലിബ്രറ്റികളുടെ പങ്കാളിത്തം കൊണ്ടും ആഘോഷത്തിലെ വ്യത്യസ്തത കൊണ്ടുമെല്ലാം ശ്രദ്ധേയമായിരുന്നു. അതിഥികൾക്കായി ഡ്രസ് കോഡും തീമുമെല്ലാം ഉണ്ടായിരുന്നു. ആഘോഷത്തിനെത്തുന്നവർക്കായി സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് സേവനവും കുടുംബം ഒരുക്കി നൽകിയിരുന്നു. ലണ്ടനിലും ഇത്തരത്തിൽ ഗംഭീരമായി ആഘോഷം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്തിലെ ജാംനഗറിൽ മൂന്നുദിവസം നീണ്ടുനിന്ന ആഘോഷത്തിന് ഏകദേശം 1250 കോടി രൂപ ചെലവായെന്നാണ് കണക്കുകൾ.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്ലാക്ക്റോക്ക് സിഇഒ ലാരി ഫിങ്ക്, ബ്ലാക്സ്റ്റോണ്‍ ചെയര്മാന് സ്റ്റീഫന്‍ ഷെവര്‍സ്മന്‍, ഡിസ്നി സിഇഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, മോര്ഗന് സ്റ്റാന്‍ലി സിഇഒ ടെഡ് പിക്, ബാങ്ക് ഓഫ് അമേരിക്ക ചെയര്മാന് ബ്രിയാന്‍ തോമസ് മോയ്നിഹാന്‍ തുടങ്ങി സിനിമാ കായിക രംഗത്തെ പ്രമുഖരും പരിപാടിക്കെത്തിയിരുന്നു.
