മുൻ ഭാര്യയുടെ പരാതി പ്രതികാരത്തിന്റെ ഭാഗമായി, മകൾക്ക് എന്നെ വേണ്ടെങ്കിൽ എനിക്ക് മകളേയും വേണ്ടെന്ന് ബാല വ്യക്തമാക്കിയതാണ്; നടന്റെ അഭിഭാഷക
ബാലയ്‌ക്കെതിരെയുള്ള പരാതി വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളിലാണെന്ന് നടന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്. മുൻ ഭാര്യയുടെ പരാതി പ്രതികാരത്തിന്റെ ഭാഗമായാണെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. നടന്റെ ആരോഗ്യനില മോശമാണെന്നും അടിയന്തര മെഡിക്കൽ സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും ഫാത്തിമ വ്യക്തമാക്കി. പൊലീസുമായി സഹകരിക്കുന്നൊരാളാണ് ബാലയെന്നും 41 എ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ മതിയായിരുന്നുവെന്നും അവർ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടി വരും. യഥാർത്ഥത്തിൽ 41 എ ചുമത്തി നോട്ടീസ് നൽകേണ്ട സാഹചര്യമേ ഉണ്ടായിരുന്നുള്ളൂ.
അദ്ദേഹം സഹകരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. തളർന്ന അവസ്ഥയിലാണ്. അതിരാവിലെ മരുന്ന് കഴിക്കേണ്ടതുണ്ട്. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആളാണ്. മരുന്നിലാണ് അദ്ദേഹം ജീവിക്കുന്നത്. പ്രത്യേക തരത്തിലുള്ള ഭക്ഷണങ്ങളും പാലിച്ച് വരികയാണ്.
ബാല പരാതിയെ കുറിച്ച് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പരാതി ലഭിച്ചത് എന്നാണ് മനസിലാക്കാൻ സാധിച്ചത്. ഈ കേസ് നിലനിൽക്കാൻ സാധ്യത ഇല്ലാത്തതാണ്. അദ്ദേഹത്തിന് കുഞ്ഞിനോടുള്ള സ്നേഹം എല്ലാവർക്കും അറിയാം. കുഞ്ഞിന് താത്പര്യമില്ലെങ്കിൽ പിന്നെ അദ്ദേഹത്തിന് അതിൽ നിന്നും വിട്ടുനിന്നല്ലേ പറ്റൂ.
വിവാഹമോചനം എന്നത് ഇവരുടെ വ്യക്തിപരമായ വിഷയം മാത്രമായിരുന്നു. പക്ഷെ ഇപ്പോൾ ക്രിമിനൽ കേസുമായി മുന്നോട്ട് പോയിരിക്കുകയാണ്. തീർച്ചയായും ആ രീതിക്കെ നമ്മുക്കും മുന്നോട്ട് പോകാൻ സാധിക്കൂ. കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും’, അഭിഭാഷക പറഞ്ഞു.
