ബാലുവിന്റെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയാൻ ഇനി ദിവസങ്ങൾ മാത്രം… ഡ്രൈവിംഗ് സീറ്റിൽ കണ്ടെത്തിയ രക്തക്കറയും മുടിയും ആരുടേത്?
By
2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തില്‍പ്പെട്ട ദിവസം വഴിപാട് നടത്തിയ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും താമസിച്ച ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. പാലക്കാട്ടെ തിരുവോഴിയോട്ടുള്ള പൂന്തോട്ടം ആയുര്‍വേദ ആയുര്‍വേദ ആശുപത്രിയിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാലയ്ക്ക് വേണ്ടിയാണ് ക്ഷേത്രത്തില്‍ ‘കൂത്ത്’ വഴിപാട് നടത്തിയത്.
ഇത് കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടമുണ്ടായത്. വഴിപാട് ബുക്ക് ചെയ്തത് പാലക്കാട്ടുകാരിയായ ഈ സ്ത്രീയാണെന്നും അപകടശേഷം ആശുപത്രിയിലെ ഇവരുടെ സാന്നിധ്യം സംശയാസ്പദമാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തൃശൂരില്‍ ഹോട്ടല്‍ റൂം ബുക്ക് ചെയ്തിട്ടും അവിടെ തങ്ങാതെ ബാലഭാസ്കറും കുടുംബവും രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചതും ദുരൂഹതയുണ്ടാക്കിയിരുന്നു. ഇവരെ അന്ന് തന്നെ തിരിച്ചയച്ചത് ഈ സ്ത്രീയാണെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. അതേസമയം, ബാലഭാസ്കറിന്റെ അപേക്ഷപ്രകാരമാണ് വഴിപാടുകള്‍ നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി.
അതേസമയം ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിനു പിന്നിലെ ദുരൂഹത ഈയാഴ്ച തന്നെ തീരുമെന്ന് ക്രൈംബ്രാഞ്ച്. എല്ലാ സംശയങ്ങളും തീര്‍ക്കത്തക്ക വിധത്തിലുള്ള നിരവധി ശാസ്ത്രീയ പരിശോധനകള്‍ ക്രൈംബ്രാഞ്ച് നടത്തിയിട്ടുണ്ട്. ഇവയുടെയെല്ലാം പരിശോധനാ ഫലം ഈയാഴ്ച ലഭിക്കുമെന്ന് അന്വേഷണസംഘത്തലവന്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന് പറഞ്ഞു.കാറോടിച്ചതാരാണെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തതയുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി ഉറപ്പിക്കാനാണ് സീറ്റ് ബെല്‍റ്റുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയത്. ഡ്രൈവിംഗ് സീറ്റില്‍ ആരാണെന്ന് ഉറപ്പാക്കാന്‍ ഡ്രൈവര്‍ അര്‍ജുന്റെയും ബാലുവിന്റെ മാതാപിതാക്കളുടെയും രക്തസാമ്ബിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഡ്രൈവിംഗ് സീറ്റിലെ രക്തക്കറ ക്രൈംബ്രാഞ്ച് നേരത്തേ പരിശോധനയ്ക്കയച്ചിരുന്നു. ഇപ്പോള്‍ ശേഖരിച്ച രക്തസാമ്ബിളുകളുടെ ഡി.എന്‍.എ പരിശോധനയിലൂടെ, കാറോടിച്ചത് ആരാണെന്ന് ഉറപ്പിക്കാനാവും. ഡ്രൈവിംഗ് സീറ്റില്‍ നിന്നു ശേഖരിച്ച മുടിയും ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കും.പരിക്കുകളുടെ സ്വഭാവം കണക്കിലെടുക്കുമ്ബോള്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ കണ്ടെത്തല്‍. എന്നാല്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന് അര്‍ജുന്റെ മൊഴിയുമുണ്ട്. അതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തുക. ഇതിനു വേണ്ടിക്കൂടിയാണ് വാഹനത്തിന്റെ സീറ്റ് ബെല്‍റ്റുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബാലഭാസ്കറിന്റെ സഹായികളായിരുന്ന പ്രകാശന് തമ്ബിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്.
