Malayalam
നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്- ദുൽഖർ
നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്- ദുൽഖർ
45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്മാന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. 45 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.’ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനൊപ്പം യാത്രക്കിടെയെടുത്ത മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മകള്‍ മറിയത്തിനും ഉമ്മ സുല്‍ഫത്തിനും പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയത്തിന്റെ പിറന്നാള്‍ മെയ് അഞ്ചിനും സുല്‍ഫത്തിന്റെ പിറന്നാള്‍ മെയ് നാലിനുമാണ്. മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികം മെയ് ആറിനുമാണ്. അടുത്തടുത്ത് മൂന്ന് ആഘോഷങ്ങള്‍ വരുന്നതിന്റെ സന്തോഷത്തെ കുറിച്ച് ദുല്‍ഖര്‍ നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരാകുന്നത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986-ല്‍ മകന് ദുല്‍ഖറിനേയും ഇരുവരും വരവേറ്റു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ- കോമഡി ചിത്രമാണ് ടർബോ. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തില്‍ ജോസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയായ ‘ടർബോ’ മെയ് 23ന് തിയറ്ററുകളിലെത്തും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. കണ്ണൂർ സ്ക്വാഡ്, കാതൽ ദ് കോർ തുടങ്ങിയ സിനിമകളുടെ വൻ വിജയത്തിന് പിന്നാലെ മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ടർബോ’. ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. നേരത്തെ ടർബോയുടെ കഥയെ സംബന്ധിച്ച വിവരങ്ങള്‍ സോഷ്യൽ മീഡിയയില്‍ ചർച്ചയായിരുന്നു. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റിൽ വന്ന പ്ലോട്ടാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ടർബോയിൽ ഒരു ജീപ്പ് ഡ്രൈവർ ആയാണ് മമ്മൂട്ടി എത്തുന്നതെന്നും ജോസ് എന്നാണ് ഇയാളുടെ പേരെന്നും പറയുന്നു. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജസ്റ്റിൻ വർഗ്ഗീസിന്റെതാണ് സംഗീതം. വിഷ്ണു ശർമയാണ് ഛായാഗ്രഹകൻ.
