കേന്ദ്ര മന്ത്രിയായ ശേഷം വിവിഐപി പരിവേഷവുമായി വീണ്ടും! കാല്‍ നൂറ്റാണ്ടിന് ശേഷം ‘അമ്മ’ യുടെ ജനറല്‍ ബോഡിയില്‍ സുരേഷ് ഗോപി എത്തിയപ്പോൾ ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍
കൊച്ചിയില്‍ ഇന്ന് നടന്ന മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി എത്തി. 27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് സുരേഷ് ഗോപി അമ്മയുടെ ജനരല്‍ ബോഡിയില്‍ പങ്കെടുത്തത്. കേന്ദ്ര മന്ത്രിയായ ശേഷം വിവിഐപി പരിവേഷവുമായാണ് സുരേഷ് ഗോപി എത്തിയത്. സംഘടനയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുന്‍പാണ് സുരേഷ് ഗോപി എത്തിയത്. തുടര്‍ന്ന് സുരേഷ് ഗോപി വോട്ടുരേഖപ്പെടുത്തുകയും ചെയ്തു.
സുരേഷ് ഗോപിയെ ഉപഹാരം നല്‍കിയാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വരവേറ്റത്. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ താരസംഘടന ആദരിക്കുകയും ചെയ്തു. പുതുക്കിയ അംഗത്വ കാര്‍ഡും സുരേഷ് ഗോപിക്ക് നല്‍കി. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് 1997ല്‍ സുരേഷ് ഗോപി അമ്മയില്‍ നിന്ന് വിട്ടുനിന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ അമ്മ സംഘടിപ്പിച്ച ഉണര്‍വ് എന്ന മെഡിക്കല്‍ ക്യാമ്പില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. എന്നാല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കുന്നത് കാല്‍നൂറ്റാണ്ടിന് ശേഷമാണ്.
താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയന്‍ ചേര്‍ത്തല, ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിര്‍വാഹക സമിതിയിലേക്ക് അനന്യ, അന്‍സിബ ഹസന്‍, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.ഇടവേള ബാബു ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, സിദ്ദിഖ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിച്ചു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രന്‍, ബാബുരാജ് എന്നിവര്‍ മത്സരിച്ചു.കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുപ്പതാമത് വാര്‍ഷിക പൊതുയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.ബി. ഗണേശ് കുമാര്‍ എന്നിവരും പങ്കെടുത്തു. യു.കെയിലായതിനാല്‍ മമ്മൂട്ടി എത്തിയില്ല. ദേശീയ പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിച്ചു.
അമ്മയുടെ ഭാരവാഹിത്വത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇടവേള ബാബു പദവി ഒഴിഞ്ഞു. ജോയിന്റ് സെക്രട്ടറിയായി ഇന്നസെന്റിനൊപ്പമാണ് ബാബു ഭാരവാഹിയാകുന്നത്. മൂന്നു തവണ ജനറല്‍ സെക്രട്ടറിയായി. കഴിഞ്ഞ തവണ സ്ഥാനമൊഴിയാന്‍ താത്പര്യം അറിയിച്ചെങ്കിലും മമ്മൂട്ടി ഉള്‍പ്പെടെ നിര്‍ബന്ധിച്ചതോടെ തുടരുകയായിരുന്നു. ഇനിയും തുടരില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്ന് ബാബു പറഞ്ഞു. അമ്മയ്ക്ക് കൊച്ചി കലൂരില്‍ സ്വന്തം ആസ്ഥാനമന്ദിര നിര്‍മ്മാണം, അംഗങ്ങള്‍ക്കായി വിവിധ ക്ഷേമപദ്ധതികള്‍, സഹായം തുടങ്ങിയവ നടപ്പാക്കുന്നതില്‍ ഇടവേള ബാബു പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.
