സിനിമ അവരെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കും! അച്ഛൻ മരിച്ച് 24 വർഷങ്ങൾക്കു ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് ബിനു പപ്പു
ഇരുപത്തിനാലു വർഷങ്ങൾക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ ദേവദൂതൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ‘മണിച്ചിത്രത്താഴ്’ വീണ്ടും തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 17-നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. അതിനിടയിൽ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി . കുതിരവട്ടം പപ്പു അവതരിപ്പിച്ച കാട്ടുപറമ്പന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പു പങ്കുവച്ച ഹൃദ്യമായ കുറിപ്പും വൈറലാകുകയാണ്.
അച്ഛൻ മരിച്ച് 24 വർഷങ്ങൾക്കു ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ അതിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്യാൻ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നൽകുന്ന കാര്യമാണ്… സിനിമയുടെ സൗന്ദര്യവും, ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങൾക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അഛ്ചനേപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാർ എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നിൽ വന്നു കൊണ്ടേയിരിക്കും… കലാകാരൻമാർക്ക് മരണമില്ല… ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും , ചിന്തിപ്പിച്ചും സിനിമ അവരെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കും. എന്ന് കുറിച്ചാണ് താരം പോസ്റ്റർ പങ്കുവച്ചത്.