രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് തിരുവനന്തപുരത്ത്! വിജയ് എത്തുന്നവിവരം അതീവ രഹസ്യമായി സൂക്ഷിച്ച് അണിയറ പ്രവർത്തകർ
തമിഴ് സൂപ്പർതാരം വിജയ് നായകനാവുന്ന ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട്) എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം 18ന് തിരുവനന്തപുരത്ത് ആരംഭിക്കും. രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. രാത്രിയിലാണ് ഏറെയും ചിത്രീകരണം. തിരുവനന്തപുരത്ത് തന്റെ ആരാധകരെ വിജയ് കാണുന്നുണ്ട്. വിജയ് എത്തുന്നവിവരം അതീവ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു മാസം മുൻപ് രജനികാന്ത് ചിത്രം വേട്ടയ്യയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സയൻസ് ഫിക്ഷൻ ചിത്രമാണ്. വിദേശത്താണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ക്ലൈമാക്സ് രംഗങ്ങൾ ശ്രീലങ്കയിൽ ചിത്രീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വിജയ്യുടെ കരിയറിലെ 68-ാമത് ചിത്രമാണിത്. 69-ാമത്തെ ചിത്രത്തോടെ വിജയ് അഭിനയ രംഗം പൂർണമായും ഉപേക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗോട്ടിൽ രണ്ടു ലുക്കിൽ വിജയ് പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ലീൻ ഷേവിലുള്ള ചിത്രം ഇതിനകം ഏറെ ശ്രദ്ധനേടി. വിജയ്യും വെങ്കട് പ്രഭുവും ആദ്യമായാണ് ഒരുമിക്കുന്നത്. തെലുങ്ക് നടി മീനാക്ഷി ചൗധരി ആണ് നായിക. നടൻ പ്രശാന്തിന്റെ തിരിച്ചുവരവു കൂടിയാണ് ഗോട്ട്. പ്രഭുദേവ, ജയറാം, അജ്മൽ, സ്നേഹ, ലൈല തുടങ്ങി നീണ്ട താരനിരയുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. തമിഴിലെ പ്രശസ്തമായ എ.ജി.എസ് എന്റർടെയ്ൻമെന്റാണ് നിർമ്മാണം.
