മതി, എനിക്കിപ്പോ തൃപ്തിയായി’’… ഇന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ല! വികാരനിർഭരമായ കുറിപ്പുമായി സംഗീത് പ്രതാപ്
പ്രേമലു എന്ന ചിത്രത്തിലെ അമൽ ഡേവീസ് ആയി എത്തിയ താരമാണ് സംഗീത് പ്രതാപ്. നടനാകും മുൻപേ എഡിറ്ററായി സിനിമയിൽ എത്തിയ സംഗീതിന് പുരസ്കാരം ലഭിച്ചത് ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന സിനിമയിലെ എഡിറ്റിങ്ങിനാണ്. മ്യൂസിക്കൽ റൊമാന്റിക് കോമഡി വിഭാഗത്തിലെ സിനിമയിൽ പരീക്ഷണ രീതിയിലുള്ള എഡിറ്റിങ്ങിനാണു പുരസ്‌കാരം. ഇപ്പോഴിതാ സംഗീത് പ്രതാപ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. നടന്മാരായ സൂര്യ, നാനി, വിൽ സ്മിത്ത് തുടങ്ങിയവരുടെ ചില സിനിമകളിലെ വിജയമുഹൂർത്തങ്ങൾ കോർത്തിണക്കിയ വിഡിയോയോടൊപ്പമാണ് സംഗീത് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചത്.
‘ഇന്നലെ എന്റെ അച്ഛൻ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത രണ്ട് നിമിഷങ്ങൾ എന്നോട് പങ്കുവച്ചു. ആദ്യത്തേത് 1982 ഓഗസ്റ്റ് 10-ന് അച്ഛന്റെ ഗുരുവായ ജയനൻ വിൻസെന്റിൽ നിന്ന് തന്റെ ആദ്യ ചിത്രമായ അടിയൊഴുക്കുകളുടെ ഭാഗമാകാൻ ലഭിച്ച ടെലിഗ്രാമിനെക്കുറിച്ചായിരുന്നു. രണ്ടാമത്തേത് ഇന്ന് ഓഗസ്റ്റ് 16ന് അച്ഛൻ ബാങ്കിൽ നിൽക്കുമ്പോൾ ടിവിയിൽ ‘‘സംഗീത് പ്രതാപ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് നേടി’’ എന്ന വാർത്ത കേട്ടതും. അതുകഴിഞ്ഞ് അച്ഛൻ എന്നോട് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ് ‘‘മതി, എനിക്കിപ്പോ തൃപ്തിയായി’’. ഇന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ല. സമരത്തിന്റെ എണ്ണമറ്റ ഉറക്കമില്ലാത്ത രാത്രികളിൽ നിന്ന് സന്തോഷത്തിന്റെ ഒരു ഉറക്കമില്ലാത്ത രാത്രിയിലേക്ക്. എന്റെ നിലവിലെ മാനസികാവസ്ഥ ഈ വീഡിയോയിലുണ്ട്. എന്നിങ്ങനെയായിരുന്നു ആ കുറിപ്പ്.