Uncategorized
നാല് വർഷത്തിന് ശേഷം യേശുദാസ് കേരളത്തിലേക്ക്! സൂര്യ ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ആദ്യ സംഗീതക്കച്ചേരി
നാല് വർഷത്തിന് ശേഷം യേശുദാസ് കേരളത്തിലേക്ക്! സൂര്യ ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ആദ്യ സംഗീതക്കച്ചേരി
നാല് വർഷത്തിന് ശേഷം യേശുദാസ് കേരളത്തിലേക്ക് എത്തുകയാണ്. കോവിഡ് കാലത്തെത്തുടർന്നു 4 വർഷമായി യുഎസിൽ കഴിയുന്ന കെ.ജെ.യേശുദാസ് ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തിന്റെ കൂടി നേതൃത്വത്തിൽ ആരംഭിച്ച സൂര്യ ഫെസ്റ്റിവലിലാകും അദ്ദേഹത്തിന്റെ ആദ്യ സംഗീതക്കച്ചേരി. ചെന്നൈയിലെ മാർഗഴി ഫെസ്റ്റ് ഉൾപ്പെടെ പതിവായ സംഗീത വേദികളിലെല്ലാം വീണ്ടും പാടാൻ ലക്ഷ്യമിട്ടാണ് എത്തുന്നത്. സൂര്യ ഫെസ്റ്റ് ആരംഭിക്കുന്ന ഒക്ടോബർ ഒന്നിനാണ് യേശുദാസിന്റെ കച്ചേരിയെന്നു സൂര്യ കൃഷ്ണമൂർത്തി അറിയിച്ചു. 2019 നു ശേഷം യേശുദാസ് ഫെസ്റ്റിന് എത്തിയിട്ടില്ല. 47 വർഷമായി തുടരുന്ന സൂര്യ ഫെസ്റ്റിൽ കഴിഞ്ഞ 4 വർഷമൊഴികെ എല്ലാത്തവണയും ആദ്യം കച്ചേരി നടത്തിയത് യേശുദാസാണ്. 84–ാം വയസ്സിലും യുഎസിലെ വീട്ടിൽ സംഗീത പരിശീലനം മുടങ്ങാതെ തുടരുകയാണ് അദ്ദേഹം. ഇടയ്ക്ക് അവിടത്തെ വേദികളിൽ കച്ചേരി അവതരിപ്പിച്ചിരുന്നു.
കുറച്ച് വർഷങ്ങളായി അമേരിക്കയിൽ മകനോടൊപ്പം താമസിക്കുകയാണ് യേശുദാസും ഭാര്യ പ്രഭയും. പിറന്നാൾ ദിനത്തിൽ പോലും ഗായകൻ കേരളത്തിലേക്ക് വരാത്തതിൽ ആരാധകർക്ക് നിരാശയുണ്ടായിരുന്നു. ഫോർട്ട് കൊച്ചിയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം കേരളത്തിൽ കുറച്ച് കാലമേ ജീവിച്ചിട്ടുള്ളൂ. കേരളം അദ്ദേഹത്തെ ദൈവ തുല്യമായി കൊണ്ട് നടക്കുന്ന സംസ്ഥാനമാണ്. പക്ഷെ സിനിമാ ലൈഫ് തുടങ്ങിയപ്പോൾ മദ്രാസിലായിരുന്നു. യേശുദാസ് അമേരിക്കയിൽ കഴിയുന്നതിനെക്കുറിച്ച് മകൻ വിജയ് യേശുദാസ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. മൂന്ന് വർഷമായി യുഎസിലാണുള്ളത്. എല്ലാ വർഷവും ആറ് മാസം അവിടെ പോയി വരാറായിരുന്നു പതിവ്. എന്നാൽ കൊവിഡിന് ശേഷം സുരക്ഷയ്ക്കായി അവിടെ തന്നെ നിൽക്കുകയായിരുന്നെന്നായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്.
പിതാവ് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ച് ജീവിക്കുകയാണെന്നും വിജയ് യേശുദാസ് പറഞ്ഞിട്ടുണ്ട്. എപ്പോഴും അമ്മ അടുത്ത് വേണം. ടെന്നിസ് കാണലാണ് പ്രിയ വിനോദം. സിനിമകളും കാണാറുണ്ട്. ഇടയ്ക്ക് പുതിയ പാട്ടുകളുടെ അഭിപ്രായം ചോദിക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച യേശുദാസിന്റെ കഴിഞ്ഞ പിറന്നാൾ ആഘോഷത്തിൽ വിജയ് യേശുദാസാണ് കേക്ക് മുറിച്ചത്. ദിലീപ്, സിദ്ദിഖ്, മനോജ് കെ ജയൻ, സത്യൻ അന്തിക്കാട്, ജെറി അമൽദേവ്, ഔസേപ്പച്ചൻ തുടങ്ങിയ പ്രമുഖർ പിറന്നാൾ ദിന ആഘോഷത്തിൽ പങ്കെടുത്തിരുന്നു. സംഗീതത്തിന് ജാതിയും മതവും ഇല്ലെന്നാണ് ജീവിതം പഠിപ്പിച്ചതെന്നും ലോകം മുഴുവനും ശാന്തിയും സമാധാനവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നെന്നും യേശുദാസ് ചടങ്ങിനിടയിൽ വീഡിയോ കോളിൽ എത്തി സംസാരിച്ചിരുന്നു.