Social Media
എന്റെ അനിയത്തിമാര്‍, അനിയന്മാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍…; മലയാളികള്‍ക്ക് നന്ദി പറഞ്ഞ് വിജയ്
എന്റെ അനിയത്തിമാര്‍, അനിയന്മാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍…; മലയാളികള്‍ക്ക് നന്ദി പറഞ്ഞ് വിജയ്
തമിഴ് നാട്ടിലേതു പോലെ കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) ക്ലൈമാക്‌സ് ചിത്രീകരണത്തിനായി വിജയ് രണ്ടുദിവസം മുമ്പാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ താരത്തെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് വിമാനത്താവളത്തിലെത്തിയത്.
അദ്ദേഹം പോകുന്ന വഴിയിലെല്ലാം പിന്നെ വലിയ ജനകൂട്ടമാണ് രൂപപ്പെട്ടത്. ഇപ്പോഴിതാ കേരളത്തിന്റെ സ്‌നേഹത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് വിജയ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയിലൂടെയാണ് വിജയ് കേരളത്തിലെ ആരാധകരോട് തന്റെ നന്ദിയും സ്‌നേഹവും അറിയിച്ചിരിക്കുന്നത്.
എന്റെ അനിയത്തിമാര്‍, അനിയന്മാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍… എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി എന്നാണ് വിജയ് സെല്‍ഫിക്കൊപ്പം കുറിച്ചത്. പോസ്റ്റുവന്ന് ഒരുമണിക്കൂറായപ്പോഴേക്കും പത്തുലക്ഷത്തിലേറെയാളുകളാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ലൈക്ക് ചെയ്തത്. അറുപത്തെണ്ണായിരം പേര്‍ കമന്റുംചെയ്തു.
വിജയ്‌യുടെ, എന്‍ നെഞ്ചില്‍ കുടിയിരുക്കും എന്ന പ്രശസ്തമായ ഡയലോഗാണ് നടന്‍ കാളിദാസ് ജയറാം കമന്റ് ചെയ്തത്. സ്‌മൈലികളായിരുന്നു നടി അനു സിതാരയുടെ കമന്റ്. നേരത്തേ വിമാനത്താവളത്തില്‍നിന്നുള്ള യാത്രാമധ്യേ ആരാധകരുടെ തിരക്കുകാരണം വിജയ് സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകര്‍ന്നിരുന്നു.
വെങ്കട് പ്രഭുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്യുന്നത്.ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന രംഗങ്ങളാണ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്. ക്ലൈമാക്‌സ് രംഗത്തില്‍ മൂവായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ആദ്യമായി ചിത്രീകരിക്കുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവരും ചിത്രത്തിലുണ്ട്. ടൈം ട്രാവല്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകള്‍ നല്‍കിയിരുന്നു. ജയറാം, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവര്‍ക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
