Actor
234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങും; രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ സംരംഭവുമായി വിജയ്
234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങും; രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ സംരംഭവുമായി വിജയ്
കുറേ നാളുകളായി ചര്‍ച്ചയാകുന്ന വിഷയമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയുടെ രാഷ്ട്രീയ പ്രവേശനം. എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ ഭാഗമായി പുതിയ ഒരു സംരംഭം കൂടി തുടങ്ങുകയാണ് നടന്. സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം.
ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം നേതൃത്വത്തിലാണ് വായനശാലകള്‍ നടത്തുക. ഇതിനുള്ള പുസ്തകങ്ങള്‍ വാങ്ങിക്കഴിഞ്ഞുവെന്നും ഉടന്‍ വായനശാല പ്രവര്‍ത്തനം തുടങ്ങുമെന്നും വിജയ് മക്കള്‍ ഇയക്കം ചുമതലക്കാര്‍ അറിയിച്ചു.
എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷന്‍കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ ആരംഭിച്ചിട്ടുണ്ട്. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച മാര്‍ക്കുവാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.
പുതിയ ചിത്രം ‘ലിയോ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തില്‍ 2026 നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന നല്‍കിയിരുന്നു. വിജയ് മക്കള്‍ ഇയക്കത്തിന് ബൂത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
