News
നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണം; ഒരുകോടി രൂപ സംഭാവന ചെയ്ത് നടന് വിജയ്
നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണം; ഒരുകോടി രൂപ സംഭാവന ചെയ്ത് നടന് വിജയ്
തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരുകോടി രൂപ സംഭാവന ചെയ്ത് നടന് വിജയ്. നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാലാണ് ഇക്കാര്യം അറിയിച്ചത്. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശാല്‍ വിജയ്ക്ക് നന്ദിയറിയിച്ചു.
നിങ്ങള്‍ക്ക് നന്ദി എന്നത് രണ്ട് വാക്കുകള്‍ മാത്രമാണെന്ന് വിശാല്‍ പറഞ്ഞു. പക്ഷേ അദ്ദേഹം അത് സ്വന്തം ഹൃദയത്തില്‍ത്തട്ടിയാണ് ചെയ്തത്. പ്രിയപ്പെട്ട നടനും സഹോദരനുമായ വിജയ് യേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നടികര്‍ സംഘം കെട്ടിടനിര്മാണത്തിലേക്ക് അദ്ദേഹം ഒരുകോടി രൂപ സംഭാവന നല്കിയിരിക്കുന്നു. നിങ്ങളുടെ പിന്തുണയും പങ്കാളിത്തവുമില്ലാതെ ആ കെട്ടിടം അപൂര്‍ണ്ണമാകുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. എത്രയും വേഗം അത് സാധ്യമാക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് ഇന്ധനം നല്കി സഹോദരാ എന്നാണ് വിശാല്‍ കുറിച്ചത്.
നേരത്തെ കമല്‍ഹാസനും കെട്ടിട നിര്‍മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു. 2017ലാണ് നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണം ആരംഭിച്ചെങ്കിലും നിരവധി തിരിച്ചടികള്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമയിലെ മുന്‍നിര താരങ്ങള്‍ കെട്ടിട നിര്‍മാണത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.
തമിഴ് സിനിമാ മേഖലയിലെ അഭിനേതാക്കള്‍ക്കായി രൂപീകരിച്ച യൂണിയന് ഫിലിം ബോഡിയാണ് നടികര്‍ സംഘം അഥവാ സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഇവര്‍ ഒരു ഓഫീസ് കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടം പണിയുമെന്ന വാഗ്ദാനവുമായാണ് അസോസിയേഷന്റെ നിലവിലെ ഭാരവാഹികള്‍ അധികാരമേറ്റത്.
