Actor
നവാഗത സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യില്ല, മിനിമം ഒരു സിനിമയെങ്കിലും സംവിധാനം ചെയ്തിരിക്കണം; വിജയ് ദേവരക്കൊണ്ട
നവാഗത സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യില്ല, മിനിമം ഒരു സിനിമയെങ്കിലും സംവിധാനം ചെയ്തിരിക്കണം; വിജയ് ദേവരക്കൊണ്ട
നവാഗത സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട. തന്റെ പുതിയ ചിത്രമായ ഫാമിലി സ്റ്റാറിന്റെ പ്രമോഷന്‍ വേദിയില്‍ വച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. കുറഞ്ഞത് ഒരു സിനിമയെങ്കിലും സംവിധാനം ചെയ്തവര്‍ക്കൊപ്പം സിനിമ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും വിജയ് വെളിപ്പെടുത്തി.
‘ഞാന്‍ ഇപ്പോള്‍ നവാഗത സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാറില്ല. ചുരുങ്ങിയത് ഒരു സിനിമയെങ്കിലും സംവിധാനം ചെയ്തവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് എനിക്ക് താല്‍പര്യം. സിനിമയുടെ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഞാന്‍ പ്രധാനമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. കൂടാതെ സംവിധായകനെ കുറിച്ചുള്ള ഓരോ കാര്യവും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.’
‘ഒരു സിനിമയുമായി സമീപിക്കുന്ന സംവിധായകന് എന്നെ എല്ലാത്തരത്തിലും ഉപയോഗിക്കാന്‍ കഴിവുള്ള ആളായിരിക്കണം. ഒരു സിനിമയെങ്കിലും ചെയ്തിട്ടുള്ള സംവിധായകനാണെങ്കില്‍ ചെയ്യാന്‍ പോകുന്ന സിനിമയെ കുറിച്ച് അയാള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകും. സംഗീതം, എഡിറ്റിംഗ്, കഥ പറയുന്ന രീതി ഇതെല്ലാം പരിചയ സമ്പന്നനായ സംവിധായകന്‍ ശ്രദ്ധിക്കും’. എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.
അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിജയ് ദേവരക്കൊണ്ട. ഗീതാഗോവിന്ദം അടക്കം നിരവധി ഹിറ്റുകള്‍ നടന്‍ ഇതിനോടകം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളികള്‍ക്കും ഏറെ സുപരിചിതനാണ് താരം. സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ തിരഞ്ഞെടുത്ത് മാത്രം സിനിമ ചെയ്യുന്ന ഒരു താരം കൂടിയാണ് വിജയ്.
പരശുറാം പെറ്റ്‌ല സംവിധാനം ചെയ്യുന്ന ഫാമിലി സ്റ്റാറാണ് വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രം. ബോളിവുഡ് താരം മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക. ഏപ്രില്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. രണ്ടാം തവണയാണ് വിജയ് ദേവരക്കൊണ്ടയും പരശുറാം പെറ്റ്‌ലയും ഒരുമിക്കുന്നത്. ഗീതാഗോവിന്ദം ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.
