Bollywood
നല്ല റിവ്യൂ പറയാന്‍ കൈക്കൂലി ചോദിച്ചു; ആരോപണവുമായി നടന് വിദ്യുത് ജവാല്‍
നല്ല റിവ്യൂ പറയാന്‍ കൈക്കൂലി ചോദിച്ചു; ആരോപണവുമായി നടന് വിദ്യുത് ജവാല്‍
ബോളിവുഡില്‍ ഈ അടുത്ത ഇറങ്ങിയ ചിത്രം ക്രാക്കിന് മികച്ച റിവ്യൂ പറയാന്‍ കൈക്കൂലി ചോദിച്ചെന്ന് നടന് വിദ്യുത് ജവാല്‍. സിനിമാ നിരൂപകനായ സുമിത് കേഡല്‍ കൈക്കൂലി ആവശ്യപ്പെട്ടതായി വിദ്യൂത് എക്സില്‍ വെളിപ്പെടുത്തിയിരുന്നു. എക്സില്‍ സുമിത് തന്നെ ബ്ലോക്ക് ചെയ്യുന്നതായി കാണിക്കുന്ന ഒരു സ്ക്രീന്‍ഷോട്ടും വിദ്യുത് പങ്കുവച്ചിട്ടുണ്ട്.
‘കൈക്കൂലി ചോദിക്കുന്നതും ഒരു കുറ്റമാണ്, കൊടുക്കുന്നതും ഒരു കുറ്റമാണ്, ഞാന്‍ ഇവിടെ ചെയ്യുന്ന കുറ്റം നല്‍കുന്നില്ല എന്നതാണ്. കുറ്റവാളിയെ ഞങ്ങള്‍ക്കറിയാം’, വിദ്യുത് എക്സില്‍ കുറിച്ചു. വിദ്യുതിന്റെ ട്വീറ്റിന് മുമ്പ് സുമിത് നടന്റെ പേര് വെളിപ്പെടുത്താതെ ചില എക്സ് പോസ്റ്റുകള്‍ നടത്തിയിരുന്നു ‘ജനപ്രീതി അഹങ്കാരമായി മാറുമ്പോള്‍, അതൊരു തകര്‍ച്ചയാണ്.
നെപ്പോട്ടിസം ടാഗുകള്‍ ഉണ്ടായിരുന്നിട്ടും, അത്തരം താരങ്ങള്‍ പലപ്പോഴും വിനയം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇന്ന് വളരെ മോശമായി പെരുമാറുന്ന ഒരു ‘ഔട്ട്സൈഡറെ’ കണ്ടുമുട്ടി. എന്ത് കൊണ്ടാണ് സിനിമ രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നത് എന്ന് അതില്‍ നിന്നും മനസിലായി’, എന്നാണ് സുമിത് കുറിച്ചത്.
അതേസമയം, ക്രാക്കിന്റെ വാര്‍ത്ത സമ്മേളനത്തില്‍ തന്നെ വിളിക്കുകയും ഒരു ചോദ്യം ചോദിച്ചതിന് തന്നെ അപമാനിക്കുന്ന തരത്തില്‍ വിദ്യുത് ജവാല്‍ സംസാരിച്ചെന്നും അതിനാലാണ് താന്‍ എക്സില്‍ പോസ്റ്റിട്ടതെന്നും സുമിത് പറഞ്ഞു. താന്‍ പണം ചോദിച്ചു എന്ന തരത്തിലുള്ള വാര്‍ത്ത ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ബോളിവുഡിലെ പെയ്ഡ് റിവ്യൂ ചര്‍ച്ച വര്‍ധിച്ചിരിക്കുകയാണ്.
