News
തൃശൂര്‍ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരും; സുരേഷ് ഗോപി
തൃശൂര്‍ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരും; സുരേഷ് ഗോപി
നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് നടന്‍. തൃശൂര്‍ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരില്‍ രണ്ട് വര്‍ഷമായി ശക്തമായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും, ഒരു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള കര്‍മ്മം മാത്രമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വീര സവര്‍ക്കര്‍ വന്നാലും ബിജെപി ജയിക്കില്ലെന്ന ടിഎന്‍ പ്രതാപന്‍ എംപിയുടെ പ്രസ്താവനയ്ക്കും സുരേഷ് ഗോപി മറുപടി നല്‍കുകയുണ്ടായി. വീര സവര്‍ക്കര്‍ വന്നാല്‍ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ജനങ്ങളാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വീര സവര്‍ക്കര്‍ വന്നാല്‍ ജയിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ ഒരിക്കലും പറയില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂരില്‍ സുരേഷ് ഗോപിക്കായി ബിജെപി ശക്തമായ പ്രചാരണം തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായുള്ള ബിജെപി ബൂത്ത് തല യോഗങ്ങള്‍ക്ക് തുടക്കമാവുകയാണ്. നാല് മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ബൂത്ത് തല യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നാണ് സൂചന.
പുതുക്കാട്, ഒല്ലൂര്‍, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. കേന്ദ്ര ഫണ്ട് മുഖേന നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകും സുരേഷ് ഗോപിയുടെ ശ്രമം.
അതേസമയം, കേരളത്തില്‍ ഏറ്റവും വ്യക്തമായ മത്സര ചിത്രം തെളിഞ്ഞ മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍ എന്നതാണ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന് തുടക്കം കുറിച്ചതും, സുരേഷ് ഗോപിയുടെ സാന്നിധ്യവും മണ്ഡലത്തെ താരപരിവേഷമുള്ളതാക്കുന്നു. ബിജെപി ഏറ്റവും ജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം കൂടിയാണിത്.
