Malayalam
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾക്ക് ദിലീപിനോടുള്ള ഇഷ്ടം കുറയില്ല; ശാന്തിവിള ദിനേശ്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾക്ക് ദിലീപിനോടുള്ള ഇഷ്ടം കുറയില്ല; ശാന്തിവിള ദിനേശ്
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.
നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രമായി ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. 2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല.
ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ദിലീപ്.
ഇപ്പോഴിതാ പ്രിൻസ് ആന്റ് ഫാമിലി എന്ന സിനിമ ദിലീപിനെ വെച്ച് ചെയ്യാൻ തയ്യാറായ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ അംഗീകരിക്കണമെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലിസ്റ്റിൽ വിചാരിച്ചാൽ പൃഥ്വിരാജ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ എന്ന് വേണ്ട ഏത് സൂപ്പർ താരങ്ങളുടേയും ഡേറ്റ് കിട്ടും. എന്നാൽ ദിലീപിനെ വെച്ച് അദ്ദേഹം സിനിമ എടുത്തു. അതും പുതിയ സംവിധായകൻ, ആ ചിത്രം വിജയിപ്പിക്കുകയും ചെയ്തു എന്ന് പറഞ്ഞാൽ അത് ചെറിയ കാര്യമല്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രിൻസ് ആന്റ് ഫാമിലി ഞാനാണ് കൊണ്ടുവന്നതെങ്കിൽ എനിക്ക് വിജയിപ്പിച്ചെടുക്കാനാകില്ല. എനിക്ക് നല്ല തീയറ്റുകൾ കിട്ടില്ല, പ്രമോഷൻ ഇതുപോലെ ചെയ്യാനാകില്ല, എന്തിന് സാറ്റലൈറ്റ് റൈറ്റ് പോലും കിട്ടില്ല. പ്രത്യേകിച്ച് ദിലീപ് തകർച്ചയുടെ വക്കിൽ നിൽക്കുന്ന സമയത്ത് കൂടി. ഇപ്പോൾ ലിസ്റ്റിന് ലോട്ടറി അടിച്ചു, 10 കോടിക്കാണ് പടം വിൽക്കാൻ വെച്ചതെങ്കിൽ 30 കോടി കിട്ടും. അയാൾ രക്ഷപ്പെട്ടു. അയാളുടെ മനസുകൊണ്ടാണ് ഇങ്ങനെ ഭാഗ്യം ഉണ്ടായത്. പൃഥ്വിരാജാണ് ദിലീപിന്റെ ഏറ്റവും വലിയ എതിരാളി എന്നാണ് പറയുന്നത്.
ആ എതിരാളിയുടെ ഏറ്റവും അടുത്ത ആളായ വ്യക്തി തന്നെ ദിലീപിനൊരു റീ എൻട്രി കൊടുത്തു. ഇപ്പോൾ മോഹൻലാലിനും ദിലീപിനും കിട്ടി റീ എൻട്രി കിട്ടി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾക്ക് ദിലീപിനോടുള്ള ഇഷ്ടം കുറയില്ല. . ദിലീപിനെ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയ നിർമ്മാതാവാണ് ലിബർട്ടി ബഷീർ.
അയാളാണ് പറഞ്ഞത് തുടരുമിന് പിന്നാലെ ദിലീപിന്റെ സിനിമക്ക് കൂടുതൽ ടിക്കറ്റുകൾ ഒന്നിച്ച് പോകുന്നു. ലിബർട്ടി ബഷീറിന് പോലും ദിലീപിനെ കുറിച്ച് പറയേണ്ടി വന്നു. അതുകൊണ്ട് തന്നെ ഇത് ദിലീപിന്റെ പുനഃർജൻമമാണ്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ചെയ്യാനിരിക്കുന്ന ചിത്രം കൂടി വിജയിച്ചാൽ വീണ്ടും അദ്ദേഹം ഒന്നാം സ്ഥാനക്കാരനായി ആണിയടിക്കപ്പെടും. മോഹൻലാൽ പിന്നാക്കം പോയെന്ന് ചില യുട്യൂബ് ചാനലുകാർ പറഞ്ഞിരുന്നു. എന്നാൽ താനെങ്ങും പോയില്ലെന്ന് മോഹൻലാൽ തെളിയിച്ചത് പോലെ ദിലീപും ജനപ്രിയ നായകമായി തന്നെ തുടരും. മോഹൻലാലിന് എതിരാളികൾ ഇല്ലെന്നതാണ് അദ്ദേഹം നേരിടുന്ന പ്രധാന പ്രശ്നം. കാരണം മമ്മൂട്ടിയില്ല, സുരേഷ് ഗോപിയില്ല, ജയറാമില്ല, ദിലീപില്ല ഇയാൾ ഒറ്റക്കായി.
കോമഡി ചെയ്യാൻ ദിലീപിനോളം കഴിവുള്ള ഒരു നടനും ഇല്ല. പ്രിൻസ് ആന്റ് ഫാമിലി കണ്ടപ്പോൾ തോന്നിയത് മലയാള സിനിമയിൽ ദിലീപിനെ പോലെ കോമഡി ചെയ്യാൻ എതിരാളികൾ ഇല്ലെന്നതാണ്. സീരിയസ് വേഷങ്ങൾ കുടുംബത്തിന് വേണ്ടി ചെയ്യാൻ മോഹൻലാലും തമാശ ചെയ്യാൻ ദിലീപും മാത്രമാണ് ഉള്ളത്. ഇവർക്ക് രണ്ടുപേർക്കും എതിരാളികൾ ഇല്ലെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു..
നടി ആക്രമിക്കപ്പെട്ട കേസിൽ ബന്ധപ്പെട്ട് ദിലീപിനെതിരെ ശക്തമായി നിലകൊണ്ടവരിൽ ഒരാളാണ് നിർമ്മാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. ചാനൽ ചർച്ചകളിലടക്കം നിരന്തരം ലിബർട്ടി ബഷീർ ദിലീപിനെതിരെ തുറന്നടിച്ചിരുന്നു. ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചടക്കം ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. മാത്രമല്ല ദിലീപിനെതിരെ ലിബർട്ടി ബഷീർ 10 കോടിയുടെ മാനനഷ്ടക്കേസും കൊടുത്തിരുന്നു. കേസിൽ തന്നെ പ്രതിയാക്കിയതിന് പിന്നിൽ ലിബർട്ടി ബഷീർ ഉണ്ടെന്ന് ദിലീപ് പറഞ്ഞതിനെതിരെയായിരുന്നു മാനനഷ്ടക്കേസ്.
ഈ വേളയിലാണ് ലിബർട്ടി ബഷീർ ദിലീപ് ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനാണ് ലിബർട്ടി ബഷീറിന്റെ ആശംസാ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്. കുറേക്കാലത്തിന് ശേഷം തുടരും എന്ന പടത്തിനാണ് പതിനഞ്ചും ഇരുപതും ഒക്കെ ടിക്കറ്റുകൾ ഒരുമിച്ച് വിറ്റ് പോകുന്നത് കാണുന്നത്.
അതേ പോലെ തന്നെ കഴിഞ്ഞ നാലഞ്ച് ദിവസമായി പതിനഞ്ചും ഇരുപതും ടിക്കറ്റുകൾ കൂട്ടത്തോടെ ഫാമിലികളിൽ നിന്നാണ് വിളിച്ചിട്ട് എടുക്കുന്നത്. അത് നല്ല സിനിമയുടെ ഒരു ലക്ഷണം തന്നെയാണ്. പ്രിൻസ് ആൻഡ് ഫാമിലി തന്നെ പടം തന്നെയാണ്. അവസാനത്തെ 20 മിനുറ്റൊക്കെ സൂപ്പറായിട്ടുണ്ട് എന്നാണ് പറയുന്നത്. ദിലീപിന്റെ ഈ പടം വന്നതിന് ശേഷം രാത്രി 11 മണിക്കും 12 മണിക്കുമൊക്കെ ശേഷവും തിയറ്ററുകൾ ഫുൾ ആണെന്നത് പടത്തിന്റെ വിജയത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്.
രാത്രി 12 മണിക്ക് ശേഷം അഡീഷണൽ ഷോ ഇടേണ്ടി വരുന്നുണ്ട്. അത് തന്റെ തിയറ്ററിൽ മാത്രമല്ല, ഈ പടം കളിക്കുന്ന കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ വിജയമാണ്. ഈ പടത്തിനും വരാൻ പോകുന്ന എല്ലാ പടങ്ങൾക്കും ദിലീപിനും മാജിക് ഫ്രെയിംസിനേയും ആശംസകൾ അറിയിക്കുന്നു, എന്നും ലിബർട്ടി ബഷീർ പറഞ്ഞു.
ദിലീപിന്റെ വരാനിരിക്കുന്ന ഭഭബ എന്ന സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ സന്തോഷം നിരവധി പേർ പങ്കുവെച്ചിരുന്നു. തുടരും എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെയും പ്രിൻസ് ആൻഡ് ദി ഫാമിലിയിലൂടെ ദിലീപിന്റെയും സാമ്പിൾ വെടിക്കെട്ട് കഴിഞ്ഞു.
ഇനി വരാൻ പോകുന്നത് തൃശൂർ പൂരമാണ്. തിയേറ്ററുകൾ പൂര പറമ്പ് ആകാൻ ഭഭബയുമായി ദിലീപിന്റെ ഒന്നൊന്നര വരവുണ്ട്. എന്നെല്ലാമാണ് ചിലർ കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. ട്വൻ്റി 20, ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈന ടൗൺ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
ഗോകുലം മൂവീസിന്റെ ബാനറിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’യുടെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറക്കിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിന് ലഭിച്ചത്. വിനീത് ശ്രീനിവാസൻറെ ഡയലോഗ് ഉൾകൊള്ളിച്ചാണ് ഫസ്റ്റ് ലുക്ക് വിഡിയോ. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ്. വിനീത് ശ്രീനിവാസൻ, വൈശാഖ് തുടങ്ങിയ ഹിറ്റ് സംവിധായകരുടെ അസ്സോസിയേറ്റ് കൂടിയായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ധനഞ്ജയ് ശങ്കർ.
വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയൻ റെഡ്‌ഡിങ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്,ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം പ്രിൻസ് ആന്റ് ഫാമിലി റിലീസ് ചെയ്തത് മുതൽ തുടർച്ചയായി എല്ലാ ദിവസവും ഒരു കോടിക്ക് മുകളിലാണ് കളക്ഷൻ നേടുന്നത . പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം ഒൻപ് ദിവസം കൊണ്ട് ചിത്രം ആകെ നേടിയ കളക്ഷൻ 11.73 കോടിയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ദിലീപ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു.
150-ാമത്തെ സിനിമ ആകുമ്പോൾ വലിയ സിനിമ ചെയ്യേണ്ടേയെന്ന് എന്നോട് പലരും ചോദിച്ചു. എന്നാൽ എന്നെ പിന്തുണച്ചത് കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവർക്ക് കൂടി വേണ്ടി കുടുംബ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി ചെയ്തത്. ഇപ്പോൾ മൊത്തത്തിൽ സിനിമ മാറി എന്ന് പറയുന്നുണ്ട്. സിനിമയുടെ ട്രീറ്റ്മെന്റിൽ പറയുന്ന രീതിയിൽ, കണ്ടന്റുകളിൽ വ്യത്യാസം വരുന്നുണ്ട്. നമ്മൾ കഴിഞ്ഞ 30 വർഷമായി പലതരം സിനിമ ചെയ്തു. ഹ്യൂമറിന്റെ പീക്ക് ചെയ്ത് കഴിഞ്ഞു, നമ്മളെ സംബന്ധിച്ച് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയുണ്ട്.
ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഹ്യൂമർ നമ്മുടെ മുൻപിലേക്കും വരുന്നില്ല. ലാലേട്ടൻ അടക്കമുള്ളവരെ കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം കഴിഞ്ഞ 30 വർഷമായി പല തരത്തിലുള്ള സിനിമകൾ കണ്ടുകഴിഞ്ഞു. ഇനി പുതിയതായി നിങ്ങളിൽ നിന്ന് എന്ത് എന്ന് ചോദിക്കുമ്പോൾ ഞങ്ങളും ചോദിക്കുന്നത് അതാണ്, പുതിയതായി എന്താണ് എന്ന് , വേറൊരാർ കൊണ്ടുവരികയാണല്ലോ. ഞങ്ങളുടെ പഴയ ദിലീപ് എന്ന് പറയുമ്പോൾ അത് വേണ്ട, അതിന് ഞാൻ തെറി കേൾക്കുമെന്ന് പറയും എന്നുമായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.
