Actor
ആരോപണം അടിസ്ഥാന രഹിതം; എനിക്ക് വേണ്ടി സംസാരിക്കാൻ വേണ്ടി ഞാനല്ലേയുള്ളൂ, ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയം ഉണ്ട്; നിവിൻ പോളി
ആരോപണം അടിസ്ഥാന രഹിതം; എനിക്ക് വേണ്ടി സംസാരിക്കാൻ വേണ്ടി ഞാനല്ലേയുള്ളൂ, ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയം ഉണ്ട്; നിവിൻ പോളി
കഴിഞ്ഞ ദിവസമായിരുന്നു നടൻ നിവിൻ പോളിയ്ക്കെതിരെ ഗുരുതര പീ ഡന ആരോപണവുമായി യുവതി രംഗത്തെത്തിയത്. നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. പരാതി പുറത്ത് വന്നതിന് പിന്നാലെ തന്നെ നടൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. പിന്നാലെ വാർത്താസമ്മേളനവും വിളിച്ചു ചേർത്തിരുന്നു.
ഇങ്ങനെയൊരു പെൺകുട്ടിയ തനിക്ക് അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നുമാണ് നിവിൻ പറയുന്നത്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും നടൻ പറഞ്ഞു. ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും.
എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത് എന്നാണ് നിവിൻ പറയുന്നത്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബ്ലാക്ക്മെയിൽ ആണോ എന്നാണ് സംശയമെന്നും നടൻ പറയുന്നു.
ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽനിന്ന് സി.ഐ വിളിച്ചത്. അന്നത്തെ എഫ്.ഐ.ആർ.ഫോൺ വിളിച്ച് വായിച്ചു കേൾപ്പിച്ചതാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കിൽ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നും പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോൾ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു മറുപടി.
ഓഡിഷനുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾതന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്. ഇവരെക്കുറിച്ച് എനിക്ക് അറിയില്ല. ഇവർ ആരാണെന്നറിയില്ല. ഫോൺ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തിൽ ഒരു തരത്തിലുള്ള ബന്ധവുമില്ല.
പലയിടത്തും പോകുമ്പോൾ പലരും സെൽഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായില്ലാ എന്ന് നിവിൻ ആവർത്തിക്കുന്നു. അന്വേഷണത്തെ ബഹുമാനിക്കുന്നുണ്ട്. വ്യാജപരാതിയാണ് എന്ന കാര്യം തെളിയിക്കണം.
പെട്ടെന്ന് വാർത്ത കണ്ടപ്പോൾ ബാധിച്ചു. നമുക്ക് കുടുംബം ഉള്ളതല്ലേ. എൻറെ ഭാഗത്ത് ന്യായമുണ്ട്. ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. ഓടി ഒളിക്കേണ്ട കാര്യമില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായി നേരിടും. എത്ര നാളാണെന്ന് അറിയില്ല. ഏതറ്റം വരെയും പോരാടും.
ആരോപണം സത്യമല്ലെന്ന് തെളിയിക്കും. എൻറെ കെെയ്യിൽ തെളിവില്ല. പക്ഷെ, ഇവിടെ എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും വരാം. അവർക്ക് വേണ്ടി കൂടെയാണ് സംസാരിക്കുന്നത്. പ്രതികരിച്ചില്ലെങ്കിൽ നീണ്ടു നീണ്ടു പോകും. ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും നിവിൻ പോളി പറയുന്നു.
എനിക്ക് വേണ്ടി സംസാരിക്കാൻ വേണ്ടി ഞാനല്ലേയുള്ളൂ. നാളെ സത്യം തെളിഞ്ഞാൽ നിങ്ങൾ എന്റെ കൂടെ നിൽക്കണം. ഇതിന്റെ മറുവശം എന്താണെന്നുവെച്ചാൽ ആരെക്കുറിച്ചും എപ്പോൾ വേണമെങ്കിലും പരാതി വരാം എന്ന തരത്തിലാണ്. ഇതിന് ഒരറുതി വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിയമത്തിന്റെ ഏതറ്റം വരെ പോകാൻ പറ്റുന്നുവോ അതുവരെ പോകും. ഞാൻ പോരാടും. എനിക്കുവേണ്ടി മാത്രമല്ല, ഇതേപോലെ വ്യക്തിത്വത്തെ നശിപ്പിക്കാൻ തരത്തിൽ പരാതികളുയരാൻ സാധ്യതയുള്ളതിനെതിരേയാണ് പോരാട്ടമെന്നും നടൻ പറഞ്ഞു.
