News
യുട്യൂബറിന്റെ പരാതിയില്‍ നടന്‍ ബാലക്കെതിരെ പൊലീസ് കേസെടുത്തു, മൂന്ന് വകുപ്പുകള്‍ ചുമത്തി
യുട്യൂബറിന്റെ പരാതിയില്‍ നടന്‍ ബാലക്കെതിരെ പൊലീസ് കേസെടുത്തു, മൂന്ന് വകുപ്പുകള്‍ ചുമത്തി
യുട്യൂബര്‍ ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന അജു അലക്സിന്റെ പരാതിയില്‍ നടന്‍ ബാലക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയുമാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. വീടിന് അകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. സംഭവത്തില്‍ ബാലയെ കണ്ട് മൊഴി രേഖപ്പെടുത്തും.
വീട്ടിൽ അതിക്രമിച്ചുകയറി എന്നാണ് അജുവിന്റെ പരാതിയിൽ പറയുന്നത്. ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ആറാട്ട് അണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. സുഹൃത്തിനുനേരെയാണ് ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. തന്നെയും തനിക്കൊപ്പം താമസിച്ചാൽ സുഹൃത്തിനേയും വകവരുത്തുമെന്നാണ് പറഞ്ഞതെന്നും അജു അലക്സ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം.
എന്നാൽ ബാലയെക്കുറിച്ചും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് ഫ്‌ളാറ്റിലെത്തിയതെന്ന് ബാല സംഭവം വിശദീകരിച്ച് രംഗത്തെത്തി. അജു അലക്‌സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്റെ മുറിയില്‍ എത്തിയ തന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്ന് ബാല പറയുന്നു.
