Hollywood
മേഗൻ മാർക്കിളിന്റെ പുതിയ ഷോ വിത്ത് ലവ് മേഗൻ വിമർശനത്തിൽ
മേഗൻ മാർക്കിളിന്റെ പുതിയ ഷോ വിത്ത് ലവ് മേഗൻ വിമർശനത്തിൽ
രാജപദവികളെല്ലാം ഉപേക്ഷിച്ച് ഹാരി രാജകുമാരൻ ബക്കിങ്ഹാം പാലസിന്റെ പടിയിറങ്ങിയിട്ട് അഞ്ച് വർഷമാകുകയാണ്. പലപ്പോഴും വിമർശനങ്ങളും അദ്ദേഹത്തെ പിന്തുടർന്നിട്ടുണ്ട്. ഇപ്പോഴിതാ നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത, മേഗൻ മാർക്കിളിന്റെ പുതിയ ഷോ ‘വിത്ത് ലവ് മേഗനും വിമർശനം ഏറ്റു വാങ്ങുകയാണ്.
മേഗന്റെ ദൈനംദിന ജീവിതം ആസ്പദമാക്കിയുള്ളതാണ് ഷോ. വീട്ടിൽ വിരുന്നുകാർക്കായി മേഗൻ നടത്തുന്ന തയ്യാറെടുപ്പുകളും ജീവിതത്തെ കുറിച്ചുള്ള മേഗന്റെ കാഴ്ചപ്പാടുകളുമൊക്കെയാണ് ഷോയിൽ കാണിക്കുന്നത്. കാലിഫോർണിയയിലെ മോണ്ടെസീറ്റോയിൽ ഹാരിക്കും കുട്ടികൾക്കുമൊപ്പം അത്യാഡംബര വസതിയിലാണ് മേഗൻ താമസിക്കുന്നത്.
സുരക്ഷാകാരണങ്ങളാൽ ഈ വീട് ഒഴിവാക്കി, ഇവിടെ തന്നെയുള്ള ഒരു ഫാം ഹൗസിലാണ് ഷോയുടെ ചിത്രീകരണം. ഷോയിൽ മേഗൻ തീരെ റിയലിസ്റ്റിക് അല്ലെന്നും ഇത്രയും നാൾ മേഗൻ പുറത്ത് കാണിച്ചിരുന്നത് വ്യാജ വ്യക്തിത്വമാണെന്നുമാണ് പ്രധാന വിമർശനം. രാജപദവികൾ ഉപേക്ഷിച്ച് പോന്നതിനാൽ മേഗൻ ആ പദവി പേരിനൊപ്പം ചേർക്കേണ്ട ആവശ്യമില്ലെന്നും വിമർശനമുണ്ട്.
ഇടയ്ക്ക് കൊട്ടാരത്തിലെ രീതികളെ ഷോയിൽ മേഗൻ കളിയാക്കുന്നുമുണ്ട്. ഷോയിൽ ഹാരി കടന്നുവന്നപ്പോളായിരുന്നു ഇത്. കൊട്ടാരത്തിലെ മറ്റ് അംഗങ്ങളെ വണങ്ങുന്ന രീതി മേഗൻ തമാശ രൂപേണ അവതരിപ്പിക്കുമ്പോൾ, ചെറുതായൊന്ന് ചിരിച്ച് ആ രംഗം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് ഹാരി. ഇതെല്ലാം വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
