Malayalam
എല്ലാം അവസാനിച്ചു എന്നിടത്തു നിന്നും അവിശ്വസനീയമായി തിരികെ വന്നു; വൈറലായി മഞ്ജു വാര്യരെ കുറിച്ചുള്ള കുറിപ്പ്
എല്ലാം അവസാനിച്ചു എന്നിടത്തു നിന്നും അവിശ്വസനീയമായി തിരികെ വന്നു; വൈറലായി മഞ്ജു വാര്യരെ കുറിച്ചുള്ള കുറിപ്പ്
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.
അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
മോഹൻലാലിനെ നായികനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രമാണ് മഞ്ജുവിന്റേതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. ഈ സിനിമയിൽ അതിപ്രധാനമായ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സമകാലീനരായ മറ്റ് നായികമാരുമായി താരതമ്യം ചെയ്യുമ്പോൾ എന്നും ശക്തമായ കഥാപാത്രങ്ങൾ മഞ്ജു വാര്യറെ തേടിയെത്തിയിട്ടുണ്ട്. അല്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ മഞ്ജു വാര്യറിൽ സുരക്ഷിതമായിരുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സനൽകുമാർ പത്മനാഭൻ എന്നയാൾ മൂവി സ്ട്രീറ്റ് മലയാളം എന്ന സിനിമ ആസ്വാദകരുടെ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്.
സനൽകുമാർ പത്മനാഭന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
“ആണൊന്നു വാരിപ്പിടിച്ചാൽ തളർന്നു പോകുന്ന വെറുമൊരു പെണ്ണാണ് നീ “(മഹായാനം ), ‘നീ ഒരു പെണ്ണായി പോയി വെറും പെണ്ണ്’ (ദി കിംഗ് ). ഇങ്ങനെ
നായക കഥാപാത്രങ്ങൾക്ക് വാചക കസർത്ത് നടത്തി തീയറ്ററിൽ കയ്യടി നേടുവനായി മാത്രം എതിർ വശത്ത് നിൽകുവാനായി അതീവ ദുർബല സ്ത്രീ വേഷങ്ങൾ തിരക്കഥയിൽ മനഃപൂർവം തുന്നി ചേർത്തിരുന്ന ഒരു കാലത്ത്…
ആളുകളെ ചിരിപ്പിക്കണം എന്നതിനു വേണ്ടി മാത്രം ഓഫിസർ വേഷത്തിൽ വരുന്ന സ്ത്രീ കഥാപാത്രങ്ങളെ കൊണ്ടു ‘പാന്റിന്റെ സിബ് ‘ ഇടുവാൻ മറന്നു പോകുന്ന സീനുകൾ തിരുകി കയറ്റിയിരുന്ന കാലത്ത് (പ്രജ ),
സുരേഷ് ഗോപി, ബിജു മേനോൻ, മുരളി, എൻ എഫ് വർഗീസ് തുടങ്ങിയ ആണവതാരങ്ങളുടെ പൂർണതയുള്ളവർ ഇടിവെട്ടു ഡയലോഗുകളുമായി നിരന്നു നിന്നു കയ്യടി വാങ്ങി കൊണ്ടിരുന്ന സിനിമയിൽ…
ജോസഫ് വാഴകാലി എന്ന കാക്കിയിട്ട അതികായനെ നടുറോഡിൽ തടഞ്ഞു നിർത്തി വാക്കുകൾ കൊണ്ടു അനങ്ങാനാകാത്ത വിധം തളച്ചിട്ട, തീപ്പൊരി പോലൊരു പെണ്ണിനെ തിരശീലയിൽ കാണിച്ചു തന്നു കൊണ്ടു കാണികളുടെ പക്കൽ നിന്നും “നായകന്മാർക്ക് മാത്രം സ്വന്തമായിരുന്ന കയ്യടികൾ” ചോദിച്ചു വാങ്ങിയൊരാളുണ്ട് (പത്രം ).
തന്റെ അനിയത്തിയുടെ പിറകെ നടന്നു ഒരുത്തൻ ശല്യപെടുത്തുന്നത് കണ്ടു ഒറ്റ ചവിട്ടിനു അവനോടൊപ്പം അവന്റെ സൈകിളിനെയും മറിച്ചിട്ട ശേഷം വാക്കത്തി എടുത്ത് വീശി കൊണ്ടു “പഠിക്കാൻ പോകുന്ന പെൺകുട്ടികളുടെ നേരെ വേഷം കെട്ടു കാണിക്കാൻ ഇറങ്ങിയാൽ വെട്ടി നുറുക്കി കളയും നിന്നെ, കേട്ടോടാ പന്ന ” എന്നൊരു ഡയലോഗോടെ കാണികളുടെ വിസിലടിയും വാരി കൊണ്ടു പോയൊരാൾ (കന്മദം) തന്നെ ആക്രമിക്കുവാനായി പിന്തുടരുന്നവരുടെ മുന്നിലേക്ക് ചിരിച്ചു കൊണ്ടു ഇറങ്ങി നിന്നിട്ടു, അപ്രതീക്ഷിതമായി പിസ്റ്റൽ എടുത്ത് എതിരാളികളിലൊരുവന്റെ കൈവിരൽ ചിതറിച്ചു കൊണ്ടു പ്രേക്ഷകരിൽ നിന്നും വീണ്ടും ആർപ്പ് വിളികൾ നേടിയെടുത്തോരാൾ (തുനിവ് )…
മലയാളം കണ്ട ഏറ്റവും വലിയ താരം നായകനായ പുതിയ സിനിമയിലും പ്രിയദർശിനി രാംദാസ് എന്ന വേഷത്തെ അത്യുജ്വലം ആക്കികൊണ്ട് ഒരിക്കൽ കൂടി അവർ കാഴ്ചകാരുടെ കയ്യടികൾ ഏറ്റു വാങ്ങുകയാണ്. കൂടെ നിൽക്കുന്നവർക്ക് വേണ്ടിയും, സ്നേഹിക്കുന്നവർക്കും വേണ്ടിയും വിട്ടു വീഴ്ചകളേറെ ചെയ്തു ഒടുവിൽ ആർക്കും വേണ്ടാതെ, എവിടെയും എത്താതെ, പുറംതള്ള പെട്ടു പോയി, ഭാവിയെകുറിച്ച് പ്രതീക്ഷകളേതുമില്ലാതെ ഭൂ തകാലത്തിന്റെ നിറമുള്ള ഓർമകളെ തഴുകി കാലം കഴിക്കുന്ന ഒരുപാട് പേരേ അടുത്തറിഞ്ഞിട്ടുള്ളത് കൊണ്ടാകാം.
എല്ലാം അവസാനിച്ചു എന്നിടത്തു നിന്നും അവിശ്വസനീയമായി തിരികെ വന്നു മോളിവുഡ് കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്ന സിനിമയിൽ വിജയത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായി തന്റെ പേരിനെയും അടയാളപ്പെടുത്തുന്ന അവരെ കാണുമ്പോൾ ഒരുപാട് സന്തോഷം- എന്നാണ് കുറിപ്പിൽ പറയുന്നത്. പിന്നാലെ നിവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
നമ്മൾ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു അഭിനേതാവിന്റെ സ്ക്രീൻ പ്രെസൻസും ഡയലോഗ് ഡെലിവറിയുമൊക്കെ കാണുമ്പോൾ ഒരു പ്രേക്ഷകന്റെ ഉള്ളിൽ അവൻ അറിയാതെ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു സാധനം ഉണ്ട്….അത് അവർ ഇതിൽ ഉണ്ടാക്കും……എന്താണെന്നു മനസ്സിലായോ???? രോമാഞ്ചം അല്ലെ..??? ആ അതുതന്നെ……..പ്രിയദർശിനി രാംദാസ് എന്നായിരുന്നു ഒരു കമന്റ്.
ഇൻഡയറക്റ്റലി സ്റ്റീഫൻ പറയുന്ന പോലെ പ്രവർത്തിക്കുന്ന ഒരാളായി മുരളി എഴുതി വെച്ച ഒരു കഥാപാത്രം ആയാണ് L2 വിലും പ്രദർശിനി രംദാസിനെ തോന്നിയത്. അതിനു മുൻപ് ലൂസിഫറിൽ മോസ്റ്റ് ഓഫ് ടൈം ബോബിയുടെ കയ്യിലെ ടോയ് പോലെ. ഇങ്ങനെയൊന്നും ആകാത്ത
ധാരാളം മഞ്ജു കഥാപാത്രങ്ങൾ കണ്ടത് കൊണ്ടാകാം. ഒരു Wow factor പ്രിയദർശിനിയിൽ കാണാൻ കഴിഞ്ഞില്ല. എത്രയോ കാലത്തിന് മുമ്പ് തന്നെ ഇന്നത്തെ പോലും സാമൂഹ്യ സാഹചര്യം ഇല്ലാത്തൊരു കാലത്തു മേൽ പറഞ്ഞ Wow factor ഉണ്ടാക്കിയെടുത്ത ആൾ ആണെന്ന് ഓർക്കണം മഞ്ജുന്റെ ഭാനുവും അഭിരാമയും ഉണ്ണിമായയും ഒക്കെ.
അങ്ങനെ നോക്കുമ്പോളാണ് പ്രിയദർശിനി രം ദാസിനെസിമ്പിളായി ഒരു പാവയായ് ഉപയോഗിക്കുന്നതായി കാണാൻ കഴിയുന്നത്. ഒന്ന് ആലോചിച്ചു നോക്കിയേ. First പാർട്ടിൽ സ്റ്റീഫനെ തെറ്റി ധരിക്കുന്ന പൊട്ടി പെണ്ണ്.. പിന്നെ ബോബി ചതിക്കുക ആയിരുന്നു എന്ന് വളരെ വൈകി മാത്രം തിരിച്ചറിയുന്ന മണ്ടിപെണ്ണ്.. L2 വിൽ ജതിൻ രംദാസ് പോകരുത് എന്ന് പറഞ്ഞാൽ ഞാൻ പോകില്ലേ എന്ന് നിഷ്കളങ്കമായി പറയേണ്ടി വരുന്ന നിഷ്കു ചേച്ചി പെണ്ണ്.. (പിന്നെ ജതിൻ ഭീഷണിയുടെ സ്വരം എടുത്തപ്പോ മാത്രം ആണ് പാവത്തിന് കാര്യം മനസിലായത് ).
പാവം..അതും കഴിഞ്ഞു പ്രിയദർശിനി രംദാസിനു മുന്നോട്ട് പോകാൻ വീണ്ടും ഒരാളുടെ അസ്സിസ്സ്റ്റ് വേണം എന്നായി. എന്തിന് ആദ്യം സ്റ്റേജിൽ സംസാരിക്കുന്ന ഡയലോഗ് ക്രഡിറ്റ് പോലും മോൾ എടുക്കുന്നു. PK യുടെ മോൾ തന്നെയല്ലേ പ്രിയ. അപ്പോൾ ഇത്രയും ആശ്രയം വേണം എന്ന് തോന്നിയില്ല. അതു കൊണ്ട് തന്നെ പേർസണലി ബോൾഡ് പെർഫോമൻസ് ആണെന്ന് തോന്നിയില്ല. ആക്ടിങ് വാസ് സൂപ്പർബ് എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
ഭയങ്കര സ്ക്രീൻ presence ആയിരുന്നു എമ്പുരാനിൽ.. ചിലപ്പോഴൊക്കെ അത് പൃഥ്വിയ്ക്കും മോഹൻലാലിനും മുകളിൽ സ്കോർ ചെയ്തപോലെ വ്യക്തിപരമായിട്ട് തോന്നി… ഡയലോഗ് ഡെലിവറി ഒക്കേ സൂപ്പർബ് ആയിരുന്നു…വെറും പെണ്ണല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ചവൾ ആണ് മഞ്ജു വാര്യരെന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.
അതേസമയം, എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.
എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.
താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ മുമ്പ് പറഞ്ഞിരുന്നത്. പ്രിയദർശിനിയെ നിങ്ങൾക്ക് പുതിയതായി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലൂസിഫറിൽ നിങ്ങളെല്ലാവരും കണ്ടതാണ്, സ്‌നേഹിച്ചതാണ്, പ്രിയദർശിനിയെ. പികെ രാംദാസ് എന്ന വലിയ ഒരു രാഷ്‌ട്രീയ നേതാവിൻറെ മകളായ പ്രിയദർശിനി പല ഘട്ടങ്ങളിലും അതൊക്കെ മറന്നുവച്ച് മാറ്റിവച്ച് കൊണ്ട് മകൾക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയുമൊക്കെ ജീവിച്ച വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള വളരെ എലഗൻറ് ആയിട്ടുള്ള സ്‌ത്രീയാണ്.
പ്രിയദർശിനിയുടെ യാത്ര ലൂസിഫറിന് ശേഷം ഇപ്പോൾ എമ്പുരാനിലും തുടരുകയാണ് എന്നുള്ള വലിയ സന്തോഷം എനിക്കുണ്ട്. ഇതുവരെ ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്‌തമായിട്ടുള്ളൊരു കഥാപാത്രമാണ് പ്രിയദർശിനി എന്നുള്ളത് നിസ്സംശയം എനിക്ക് പറയാൻ സാധിക്കും. അതിനെനിക്ക് മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത് പൃഥ്വിരാജ്, മുരളി ഗോപി, ആൻറണി പെരുമ്പാവൂർ, എല്ലാറ്റിനും ഉപരി ബഹുമാനപ്പെട്ട ലാലേട്ടനോടും കൂടിയാണ്.
ലാലേട്ടനോടൊപ്പം ഞാൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ എന്നും എനിക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രത്യേക സ്ഥാനം തന്നിട്ടുള്ള കഥാപാത്രങ്ങളാണ്. എൻറെ ഓരോ കഥാപാത്രങ്ങളുടെയും പേരുകൾ എടുത്തുപറയുമ്പോൾ പലകഥാപാത്രങ്ങളും ലാലേട്ടനോടൊപ്പം അഭിനയിച്ച സിനിമകളിലേതാണ്. അതിലെനിക്ക് മനസ്സറിഞ്ഞ് സന്തോഷമുണ്ട്. വീണ്ടും ലാലേട്ടനോടൊപ്പം എമ്പുരാനിൽ വർക്ക് ചെയ്യാൻ സാധിച്ചതിൽ.
കഥയെ പറ്റി കൂടുതലൊന്നും പുറത്തുപറയാൻ പറ്റുന്ന ഒരു അവസ്ഥ അല്ല. അതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ച് പറയാം. ഞാൻ അങ്ങേയറ്റം ആസ്വദിച്ച് ചെയ്‌തൊരു കഥാപാത്രമാണ് പ്രിയദർശിനി. പ്രിയദർശിനിയുടെ കോംപ്ലിക്കേഷൻസും സംഘർഷങ്ങളും സങ്കീർണ്ണതകളുമൊക്കെ എന്നെ എത്രമാത്രം അട്രാക്‌ട് ചെയ്‌തിട്ടുണ്ടോ അത്രമാത്രം തന്നെ വെല്ലുവിളികളും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രിയദർശിനിയെ ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും നിങ്ങൾക്കെല്ലാവർക്കും ഇഷ്‌ടപ്പെടും എന്ന് ആത്‌മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു,
