Malayalam
ചിരിയുടെ സുല്‍ത്താന്‍ കണ്ണീരോടെ വിട നല്കി കേരളം; ഇനി മായാത്ത ഓര്‍മ്മയായി ആസ്വാദക ഹൃദയങ്ങളില്‍
ചിരിയുടെ സുല്‍ത്താന്‍ കണ്ണീരോടെ വിട നല്കി കേരളം; ഇനി മായാത്ത ഓര്‍മ്മയായി ആസ്വാദക ഹൃദയങ്ങളില്‍
മലയാളുികളുടെ പ്രിയ നടന് മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടന്നു. നടന്റെ കബറടക്ക ചടങ്ങുകള്‍ കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ പൂര്‍ത്തിയായി. വീടിനു സമീപത്തെ അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ നടന്ന മയ്യത്ത് നമസ്കാരത്തിനു ശേഷമായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള കബറടക്കം. വീട്ടില്‍ പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയിരുന്നു.
രാവിലെ ഒന്‍പതു വരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. താരസംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, നടന്മാരായ ഇര്‍ഷാദ്, ജോജു ജോര്‍ജ്, കോണ്‍ഗ്രസ് നേതാവും നിര്‍മാതാവുമായ ആര്യാടന് ഷൗക്കത്ത് തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
ഇന്നലെ ഉച്ചയ്ക്ക് 1.05നായിരുന്നു മാമുക്കോയയുടെ അന്ത്യം. ഉച്ചയ്ക്ക് 3.15 മുതല്‍ രാത്രി 10 വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടന്നു. സിനിമ നാടക സാംസ്കാരികരാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവര്‍ക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരുമാണ് അവസാനമായി ആദരാഞ്ജലികളര്‍പ്പിക്കാന്‍ ടൌണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്.
മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ, ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികില്‍സയിലിരിക്കെ ബ!ുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്.
