വീണ്ടും ഒരു വിവാഹം ഉണ്ടാകുമേ എന്ന ചോദ്യത്തിന് മംമ്തയുടെ മറുപടി ഇങ്ങനെ
മലയാള സിനിമയിലെ ബോൾഡ് താരമാണ് മംമ്ത മോഹന്‍ദാസ്. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് വന്ന മംമ്ത മഹിളാരത്നത്തിന് നല്കിയ അഭിമുഖത്തില്‍ വീണ്ടും ഒരു വിവാഹം ഉണ്ടാകുമേ എന്ന ചോദ്യത്തിന് മറുപടി പറയുന്നു.. കോമഡിയും നന്നായി ചെയ്യാനാകുമെന്ന് മംമ്ത കാണിച്ചു തന്നിട്ടുണ്ട്. ഓണ്‍ സ്ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്ക്രീനിലും നായികയാണ് മംമ്ത. ജീവിതത്തിലെ പ്രതിസന്ധികളെ അതിജിവിച്ച് മുന്നോട്ട് വന്ന മംമ്തയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ്.
ക്യാന്‍സറിന്റെ രൂപത്തിലാണ് ജീവിതം മംമ്തയെ ആദ്യം പരീക്ഷിച്ചത്. ക്യാന്‍സറിനെ അതിജീവിച്ച് തിരികെ വന്ന മംമ്ത ഇപ്പോഴിതാ മറ്റൊരു ആരോഗ്യ പ്രശ്നത്തെ നേരിടുകയാണ്. ശരീരത്തിന്റെ നിറം നഷ്ടമാകുന്ന ഓട്ടോ ഇമ്യൂണ്‍ പ്രശ്നമാണ് മംമ്തയെ ഇപ്പോള്‍ അലട്ടുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല വിവാഹ മോചനവും അതിജീവിക്കേണ്ടി വന്നിട്ടുണ്ട് മംമ്തയ്ക്ക്. അതേക്കുറിച്ചെല്ലാം മഹിളാരത്നത്തിന് നല്കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് മംമ്ത.
വീണ്ടും ഒരു വിവാഹം ഉണ്ടാകുമേ എന്ന ചോദ്യത്തിന് മംമ്ത മറുപടി പറയുന്നു. ഞങ്ങള്‍ ബന്ധം വേര്‍പെടുത്തിയിട്ട് ഒമ്പത് വര്‍ഷമായി. വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. ഇപ്പോള്‍ തുണയ്ക്ക് എന്റെ മാതാപിതാക്കളുണ്ട്. ധാരാളം സുഹൃത്തുക്കളുണ്ട്. ജീവിതത്തില്‍ എന്തൊക്കെ നടക്കണമോ അതൊക്കെ നടക്കട്ടെ എന്നാണ് മംമ്തയുടെ മറുപടി.
ക്യാന്‍സര്‍ ബാധിച്ച കാലത്തെ മനസികവേദനയെക്കുറിച്ചും മംമ്ത സംസാരിക്കുന്നുണ്ട്. 24-ാമത്തെ വയസിലാണ് ക്യാന്‍സര്‍ രോഗിയായത്. ഇന്നത്തെ ധൈര്യമുള്ള മംമ്ത ആയിരുന്നില്ല അത്. സ്വതാന്ത്ര്യം, സ്വതന്ത്ര്യമായ ചുറ്റുപാടുകള്‍ ഒന്നും അനുഭവിക്കാത്ത ഒരു പെണ്ണായിരുന്നു ഞാന്‍. ഇന്ന് എന്റെ ശരീരത്തിന് ഒരു തരത്തിലുള്ള വിശ്രമവും ഞാന്‍ നല്‍കിയില്ല. എപ്പോഴും എഴുന്നേറ്റ് ഓട്ടമായിരുന്നു. ഓടിയോടി സിനിമകളില്‍ അഭിനയിച്ചുവെന്നാണ് മംമ്ത ഓര്‍ക്കുന്നത്.
എന്നാല്‍ ദിവസങ്ങള്‍ ചെല്ലുന്തോറും രോഗത്തിന്റെ കാഠിന്യം തന്നെ വേട്ടയാടാന്‍ തുടങ്ങിയെന്ന് മംമ്ത പറയുന്നു. ഒരു വര്‍ഷം കഴിഞ്ഞതോടെ ഇനി പിടിച്ച് നില്‍ക്കാനാകില്ല എന്ന അവസ്ഥയിലെത്തി. ഡോക്ടറോട് ചോദിച്ചപ്പോള്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാമെന്ന് പറഞ്ഞു. ക്യാന്‍സര്‍ ബാധിച്ച ഭാഗം മാറ്റിയാല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് ഡോക്ടര്‍ മംമ്തയ്ക്ക് നല്കിയ മറുപടി. എന്നാല്‍ അത് പരാജയത്തില്‍ കലാശിച്ചു.
ഇതോടെ രോഗം മൂര്‍ച്ഛിച്ചു. പക്ഷെ ഒടുവില്‍ ഒരു അത്ഭുതം സംഭവിച്ചുവെന്നാണ് മംമ്ത പറയുന്നത്. 2014 ല്‍ അമേരിക്കയിലുള്ള ഒരു ക്ലിനിക്കില്‍ ചികിത്സയ്ക്കായി ചെന്നു. പുതിയ നാട്, പുതിയ ഡോക്ടര്‍മാര്‍, പുതിയ വെല്ലുവിളികള്‍, ഒടുവില്‍ വിജയിച്ചുവെന്ന് മംമ്ത. ക്യാന്‍സറില്‍ നിന്നും മുക്തയായ മംമ്ത പുതിയ ആളായാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ചികിത്സയുടെ കാലത്തെ വേദനയെക്കുറിച്ചും ഏകാന്തതയെക്കുറിച്ചുമൊക്കെ മംമ്ത സംസാരിക്കുന്നുണ്ട്.
ട്രാന്‍സ്പ്ലാന്റ് സമയത്ത് അനുഭവിച്ചത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനയാണ്. നാല് ചുമരുകള്‍ക്കുള്ളില്‍ ഏകാന്തവാസം. ചികിത്സയുടെ ഭാഗമായുള്ള ശരീരവേദനയും അസഹനീയമായിരുന്നു. ട്രാന്‍സ്പ്ലാന്റ് ചികിത്സ കഴിഞ്ഞതോടെ എന്റെ ആരോഗ്യം ദൃഢമാക്കി. ഒറ്റയ്ക്ക് വിദേശത്തു പോയി ചികിത്സ നടത്താനാവും എന്ന ആത്മവിശ്വസം എനിക്ക് ലഭിച്ചു. മുമ്പൊക്കെ ഞാന്‍ വളരെ പാവമായിരുന്നു. ആരെങ്കിലും എന്നെ തൊട്ടാല്‍ കരയുമായിരുന്നു. അത്രയും സെന്‍സിറ്റീവായിരുന്നു. അതില്‍ നിന്നൊക്കെ മാറി വളരെയധികം ധൈര്യശാലിയാണ് ഇന്ന്. അത് തന്നെ വലിയ കാര്യമല്ലേയെന്ന് മംമ്ത ചോദിക്കുന്നു.
