News
ലതാ മങ്കേഷ്കറിന് വൈകാരിക ആദരാഞ്ജലി അര്‍പ്പിച്ച് സല്മാന്ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ലതാ മങ്കേഷ്കറിന് വൈകാരിക ആദരാഞ്ജലി അര്‍പ്പിച്ച് സല്മാന്ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
സിനിമാ ഗാന പ്രേമികളെ കണ്ണീരിലാഴ്ത്തിയായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ വിയോഗം. പിന്നാലെ ഇന്ത്യയുടെ പലഭാഗത്തു നിന്നുമുള്ള പലപ്രമുഖരും ലതാ മങ്കേഷ്കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാനും ആദരാഞ്ജലി അര്‍പ്പിക്കുകയാണ്.
ലതാ മങ്കേഷ്ക്കറുടെ ”ലഗ് ജാ ഗലേ” എന്ന ഗാനം പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ട്, ”ഒരാളുമില്ല, ഒരാളുമുണ്ടാവുകയുമില്ല, ലതാജി… നിങ്ങളെ പോലെ” എന്നാണ് സല്മാന് കുറിച്ചത്.
ലതാ മങ്കേഷ്കര്‍ ആലപിച്ച നിരവധി ശ്രദ്ധേയമായ ഗാനങ്ങളില്‍ ഒന്നാണ് ”ലാഗ് ജാ ഗലേ”. ‘രാജ് ഖോസ്ല സംവിധാനം ചെയ്ത ഒരു മിസ്റ്ററി ത്രില്ലര്‍ സിനിമയായ വോ കൗന്‍ തി’യില്‍ നിന്നുള്ളതാണ് ഈ ഗാനം. സാധന ശിവദാസനി, മനോജ് കുമാര്‍, പ്രേം ചോപ്ര എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. രാജാ മെഹന്ദി അലി ഖാന് എഴുതിയ ഗാനത്തിന്റെ വരികള്‍ക്ക് മദന്‍ മോഹനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
നേരത്തെ ലതയെ സല്മാന് ഓര്‍ത്തിരുന്നു. ലതയ്ക്കൊപ്പം ഒരു അവാര്‍ഡ് വേദി പങ്കിടുന്ന ഒരു ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു. പോസ്റ്റിന് അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, ”വാനമ്പാടി നിങ്ങളെ മിസ് ചെയ്യും. എന്നാല്‍ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും ….”
സല്മാന് ഖാന് ചിത്രങ്ങളായ ‘മൈനേ പ്യാര് കിയ’ (1989) മാധുരി ദീക്ഷിതുമായി അഭിനയിച്ച ‘ഹം ആപ്കെ ഹേ കോന്‍’ (1994) തുടങ്ങിയ ചിത്രങ്ങളില്‍ ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ലതാ മങ്കേഷ്കര്‍ പാടിയിട്ടുണ്ട്. ഫെബ്രുവരി ആറിനാണ് ലതാ മങ്കേഷ്കര്‍ വിടവാങ്ങിയത്.92 വയസ്സായിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്നും അറിയപ്പെടുന്ന അവര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 36 ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങളാണ് പാടിയത്.
