News
ഇന്ത്യയെന്ന അടിമപ്പേര് മാറ്റി ഭാരതം എന്നാക്കണം ; പുതിയ ആവശ്യവുമായി കങ്കണ റണാവത്ത്
ഇന്ത്യയെന്ന അടിമപ്പേര് മാറ്റി ഭാരതം എന്നാക്കണം ; പുതിയ ആവശ്യവുമായി കങ്കണ റണാവത്ത്
വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ പുതിയ ആവശ്യവുമായി എത്തിയിരിക്കുകയാണ് താരം. ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്നാണ് കങ്കണ പറയുന്നത്. സമൂഹ്യ മാധ്യമമായ കൂവിലാണ് താരം ഇക്കാര്യം കുറിച്ചത്.
‘പുരാതന ആത്മീയതയിലും ജ്ഞാനത്തിലും ഉറച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഉയര്ത്തെണീക്കാനാകൂ. അതാണ് നമ്മുടെ മഹത്തായ നാഗരികതയുടെ ആത്മാവ്. ലോകം നമ്മിലേക്ക് നോക്കുന്നുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളെ പകര്‍ത്തിയല്ല നാം ലോകത്തിന്റെ നേതാവാകേണ്ടത്. വേദങ്ങള്‍, ഗീത, യോഗയില്‍ എന്നിവയില്‍ ആഴത്തില്‍ നാം നിലകൊള്ളണം. ഇന്ത്യയെന്ന അടിമപ്പേര് മാറ്റി ഭാരതം എന്നാക്കാമോ?’ എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍.
ബ്രിട്ടീഷുകാരാണ് നമുക്ക് ഈ അടിമപ്പേര് നല്‍കിയത്. എന്ത് പേരാണിത്. ഭാരതത്തിന്റെ അര്‍ത്ഥം നോക്കൂ. ഭാവ്, രാഗ്, താല് എന്ന മൂന്ന് വാക്കില്‍ നിന്നാണ് അതുണ്ടായത്. നമ്മള് നഷ്ടപ്പെട്ട മഹത്വത്തെ തിരിച്ചുപിടിക്കണം. ഭാരതം എന്ന പേരില്‍ നിന്നു തന്നെ അതു തുടങ്ങാം എന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇതിനോടകം തന്നെ കങ്കണയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ താരത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ വലിച്ചത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമം, ഫേസ്ബുക്ക്, കൂ എന്നീ സമൂഹമാധ്യമങ്ങളിലൂടെയാണ് താരം തന്റെ അഭിപ്രായങ്ങളും, വിദ്വേഷ പ്രചരണങ്ങളും, സംഘപരിവാര്‍ അനുകൂല പ്രസ്താവനകളും അറിയിക്കുന്നത്.
