Malayalam
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യയുടെ വീട്ടിലെത്തി സന്തോഷം പങ്കുവെച്ച് ‘വെള്ളം’ അണിയറ പ്രവര്‍ത്തകര്‍
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യയുടെ വീട്ടിലെത്തി സന്തോഷം പങ്കുവെച്ച് ‘വെള്ളം’ അണിയറ പ്രവര്‍ത്തകര്‍
51ാമത് സംസ്ഥാന പുരസ്കാര വേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യയ്ക്ക് ആശംസകളുമായി വെള്ളം എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഈ സിനിമയിലെ പ്രകടനത്തിനാണ് താരം പുരസാകാരത്തിന് അര്‍ഹയായത്. സംവിധായകന് പ്രജേഷ് സെന്‍, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ രഞ്ജിത്ത് മണബ്രക്കാട്ട്, ജോസ്കുട്ടി മഠത്തിലിന്റെ പിതാവായ ജോസ് ജോസഫ് എന്നിവര്‍ ജയസൂര്യയുടെ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
കോവിഡ് മഹാമാരിക്കിടയില്‍ സിനിമാ മേഖലയും തിയേറ്റര്‍ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു ‘വെള്ളം’. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തിയേറ്ററുകളില്‍ പ്രേക്ഷകരെ നിറച്ച ചിത്രമായിരുന്നു ‘വെള്ളം’. കണ്ണൂരിലെ മുഴുക്കുടിയന്റെ കഥ പറയുന്ന ചിത്രത്തില്‍ സംയുക്ത മേനോന്, സ്നേഹ പാലിയേരി എന്നിവരാണ് നായികമാര്‍.
സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്കര്‍ പ്രിയങ്ക എന്നിവര്‍ക്കൊപ്പം ഇന്ദ്രന്‍സ് അതിഥി വേഷത്തിലെത്തുന്നു. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്.
‘വെള്ളം’ സിനിമയിലെ മുഴുക്കുടിയനായ മുരളിയായി മാറിയ ജയസൂര്യക്ക് ജീവിതത്തില്‍ നിന്നും പ്രചോദനമായത് മറ്റൊരു മുരളിയായിരുന്നു. കടുത്ത മോഹന്‍ലാല്‍ ഫാനായ മുരളി മദ്യം മൂലം ജീവിതത്തില്‍ തിരിച്ചടികള്‍ നേരിട്ട ശേഷം അതിശയിപ്പിക്കുന്ന ജീവിത നേട്ടങ്ങള്‍ എത്തിപ്പിടിക്കുകയാണ് ഉണ്ടായത്. ‘ക്യാപ്റ്റന്‍’ സിനിമയ്ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് ‘വെള്ളം’.
