Malayalam
അന്ന് ആ അപകടത്തില്‍ തന്റെ ജീവന് തന്നെ പോയേനേ..തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു; ഞെട്ടിപ്പിക്കുന്ന അനുഭവത്തെ കുറിച്ച് ഫഹദ് ഫാസില്‍
അന്ന് ആ അപകടത്തില്‍ തന്റെ ജീവന് തന്നെ പോയേനേ..തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു; ഞെട്ടിപ്പിക്കുന്ന അനുഭവത്തെ കുറിച്ച് ഫഹദ് ഫാസില്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്തമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറാന്‍ ഫഹദിനായി. ഇപ്പോഴിതാ യുഎസിലെ പഠനകാലത്ത് താന്‍ നേരിട്ട വെല്ലുവിളികള്‍ മുതല്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ അപകടം വരെയാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഫെയ്സ് ബുക്കിലൂടെയാണ് ഫഹദ് ഇതേ കുറിച്ച് പറഞ്ഞത്. മലയന്‍കുഞ്ഞിന്റെ ഷൂട്ടിനിടെ മാരക പരുക്കേറ്റ തനിക്ക് ലോക് ഡൗണ്‍ മാര്‍ച്ച് രണ്ടിന് തന്നെ തുടങ്ങിയെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു.
അപകടത്തേത്തുടര്‍ന്ന് മൂന്ന് സ്റ്റിച്ച് എന്റെ മൂക്കിലുണ്ട്. ആ അപകടത്തില്‍ നിന്നുണ്ടായ ഏറ്റവും ചെറിയ മുറിവാണത്. കുറച്ചുനാളത്തേക്ക് അല്ലെങ്കില്‍ എല്ലാക്കാലത്തേക്കും ആ പാട് എന്റെ മുഖത്തുണ്ടാകും. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖം തറയിലടിക്കുന്നതിന് മുന്നേ കൈ കുത്താന്‍ കഴിഞ്ഞതാണ് രക്ഷയായത്. വീഴ്ച്ചയുടെ ഞെട്ടലില്‍ 80 ശതമാനം പേര്‍ക്കും അത് കഴിയാറില്ല. അദ്ദേഹം കുറിച്ചു.
എപ്പോഴും പഠിച്ചു കൊണ്ടിരിക്കുക എന്നതാണ് എന്റെ ജീവിതത്തില്‍ ഞാന്‍ സ്വീകരിച്ചിട്ടുള്ള രീതി. എനിക്കറിയില്ല എന്ന് പറയാന്‍ ധൈര്യം തന്നതും അതാണ്. നസ്രിയയ്ക്കൊപ്പം ജീവിതം ആരംഭിച്ച ശേഷമാണ് എനിക്ക് നേട്ടങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാന്‍ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓര്‍ക്കുന്നു. കഥകളെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയ്ക്ക് അന്നും ഇന്നും ഒരു കഥ എങ്ങനെ അവസാനിക്കുന്നുവെന്നത് എന്നെ സംബന്ധിച്ച് ഏറെ കൗതുകകരമാണ്.
ചിലപ്പോഴെങ്കിലും ഞാന്‍ ജീവിക്കുന്ന എന്റെ കഥ അവസാനിക്കുന്നതായി തോന്നിയിട്ടുണ്ട്. പക്ഷേ അതിപ്പോഴും അവസാനിച്ചിച്ചില്ല. നേട്ടങ്ങളോടെയും കോട്ടങ്ങളോടെയും ഞാന്‍ അതില്‍ നിന്നൊക്കെ പുറത്തു വന്നു. എല്ലാ അവസാനങ്ങളും മനോഹരമായ മറ്റൊരു കഥയുടെ ആരംഭമാണ്. അതു ചിലപ്പോള്‍ നമ്മുടെയാകാം അല്ലെങ്കില്‍ നാം കൂടി ഭാഗമായിട്ടുള്ള മറ്റൊരാളുടെ കഥയാകാം. പക്ഷേ നമുക്കെല്ലാവര്‍ക്കും നമ്മുടേതായ ഭാഗങ്ങള്‍ ഉണ്ടെന്ന് ഓര്‍മിക്കുക. ഇക്കാലം നമുക്കൊക്കെ ബുദ്ധിമുട്ടേറിയതാണെന്നറിയാം. പക്ഷേ പുതിയ ഒരു ആരംഭത്തിനായി ഇതും അവസാനിക്കും എന്നും ഫഹദ് തന്റെ കുറിപ്പില്‍ പറയുന്നു.
കൊച്ചിയില്‍ ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫഹദിനു പരിക്കേല്‍ക്കുന്നത്. നവാഗതനായ സജിമോന്‍ പ്രഭാകരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മയലന്കുഞ്ഞ്. വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടിങ് നടന്നത്. ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനം പ്രമേയമാക്കുന്ന ചിത്രമെന്നാണ് ‘മലയന്‍കുഞ്ഞി’നെക്കുറിച്ച് അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന വിവരം. സംവിധായകന് മഹേഷ് നാരായണന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും അദ്ദേഹം തന്നെയാണ്. സംവിധായകന് ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിന്റെ അരങ്ങേറ്റചിത്രമായ ‘കൈയെത്തും ദൂരത്തി’ന്റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് മാറി നിന്ന സമയത്തൊക്കെ താന്‍ ഒരു തരം ആശയക്കുഴപ്പത്തിലായിരുന്നെന്നും ഏത് സിനിമ ഓടും ഏത് ഓടില്ല എന്ന വലിയൊരു മാറ്റം ഈ കാലത്തുണ്ടായെന്നും ഫാസില്‍ പറഞ്ഞിരുന്നു. മലയന്‍കുഞ്ഞിന്റെ കഥ കേട്ടപ്പോള്‍, ഒരു വെറൈറ്റി ഫീല്‍ ചെയ്തിരുന്നെന്നും ആരും ചിന്തിക്കാത്ത ഒരു കഥയാണിതെന്നുമാണ് ഫാസില്‍ പറഞ്ഞത്.
മണ്ണിടിച്ചിലും ഒരു കുട്ടിയെ രക്ഷിക്കുന്ന സെന്റിമെന്‍സുമൊക്കെ ചിത്രത്തിലുണ്ട്. മലയാള സിനിമയ്ക്ക് പറ്റിയ കഥയാണെന്ന് തോന്നി. മഹേഷ് കഥ പറഞ്ഞപ്പോള്‍ തന്നെ എന്നിലെ നിര്‍മാതാവ് ഉണര്‍ന്നു. മുഴുവന്‍ കഥയും കേട്ടപ്പോള്‍ ഞാന്‍ മഹേഷിനോട് പറഞ്ഞു, ധൈര്യമായി ഇറങ്ങിക്കോളൂ എന്ന്. അങ്ങനെ ഈ ചിത്രം സംഭവിച്ചു. സ്വിച്ച് ഓണ്‍ കര്‍മത്തിന് ഞാന്‍ പോയി. ബാക്കിയെല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടു. ചിത്രത്തില്‍ ഫഹദിനെ നായകനാക്കിയതിന് പിന്നില്‍ ഒരു പൊളിറ്റിക്സുമില്ല. ഫഹദിന് പറ്റിയ കഥാപാത്രമാണെന്ന് കഥ കേട്ടപ്പോള്‍ തോന്നിയെന്നും അവനും എക്സൈറ്റഡായെന്നും ഫാസില്‍ പറഞ്ഞിരുന്നു.
