Malayalam
വിചാരണ നീട്ടരുത്, തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല; സുപ്രിംകോടതിയെ സമീപിച്ച് ദിലീപ്
വിചാരണ നീട്ടരുത്, തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല; സുപ്രിംകോടതിയെ സമീപിച്ച് ദിലീപ്
വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലിപീന്റെ ഒന്നാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. പതിനൊന്ന് മണിക്കൂര്‍ നേരമാണ് ദിലീപിനെ അടക്കം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തത്. ചോദ്യംചെയ്യല്‍ നാളെയും തുടരും. മൂന്നുദിവസത്തേക്കാണ് ദിലീപ് അടക്കം നാല് പേരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിനായാണ് സര്‍ക്കാര്‍ സമയം തേടുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. തിങ്കളാഴ്ച സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, ദിലീപ് നല്‍കിയ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നത്. നേരത്തെ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യം റദ്ദ് ചെയ്യുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തില്‍ കഴമ്പൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണം ദിലീപ് നിഷേധിച്ചു. ജീവിതത്തില്‍ താനാരെയും ദ്രോഹിച്ചിട്ടില്ലെന്നും പ്രതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞു. കാരണം നടിയെ ആ അവസ്ഥയില്‍ കാണാന്‍ ആഗ്രഹമില്ലാത്തതിനാലാണെന്നും ദിലീപ് പറഞ്ഞതായിട്ടാണ് വിവരം.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ആരോപണ വിധേയരായ ദിലീപ് അടക്കമുള്ള പ്രതികള്‍ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ട്. എന്നാല്‍ അതിന്റെ നിജസ്ഥിതി പരിശോധിച്ചശേഷമേ സഹകരിക്കുന്നുണ്ടോ അല്ലെയോ എന്നത് പറയാനാകൂ. ദിലീപ് എന്ത് മറുപടിയാണ് നല്‍കിയതെന്ന് ഇപ്പോള്‍ പറയാനാകില്ല. പ്രതികളുടെ മൊഴികളും വിലയിരുത്താറായിട്ടില്ല. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അതെല്ലാം പിന്നീട് അറിയിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.പി.ജി എസ് ശ്രീജിത്ത് വ്യക്തമാക്കി.
ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും അത് അന്വേഷണത്തിന് സഹായകരമാണ്. അന്വേഷണത്തില്‍ സെന്‍സിറ്റിവിറ്റിയില്ല. സെന്‍സിറ്റിവിറ്റി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമാണ്. തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. സത്യം പുറത്ത് കൊണ്ടുവരും. തെളിവുകളെ പറ്റി കൂടുതലായി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല. ഇന്നലെ കോടതി നടന്നത് കണ്ടതാണല്ലോ എന്ന ചോദ്യവും എഡിജിപി മാധ്യമങ്ങളോട് തിരിച്ച് ചോദിച്ചു. എന്തൊക്കെയാണ് തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കേസില്‍ ദിലീപൊഴികെയുള്ള 3 പ്രതികളുടെ മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തെന്ന് എസ് പി മോഹന ചന്ദ്രന്‍. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഈ മാസം 13ന് നടന്ന റെയ്ഡില്‍ ദിലീപിന്റെയും അനൂപിന്റെയും ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അപ്പു, ബൈജു ചെങ്ങമനാട്, സൂരജ് എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം നാളെ ലഭിക്കും. അതും കൂടി ചേര്‍ത്താണ് നാളത്തെ ചോദ്യം ചെയ്യലെന്നും അദ്ദേഹം പറഞ്ഞു.
