Malayalam
അന്ന് രാത്രി നടി ആക്രമിക്കപ്പെട്ടത് സിനിമയിലെ ഡബ്ബിംഗ് കഴിഞ്ഞ് വരും വഴി; കാക്കനാട്ടെ സ്റ്റുഡിയോ വീണ്ടും ചര്‍ച്ചയാകുമ്പോള്‍…
അന്ന് രാത്രി നടി ആക്രമിക്കപ്പെട്ടത് സിനിമയിലെ ഡബ്ബിംഗ് കഴിഞ്ഞ് വരും വഴി; കാക്കനാട്ടെ സ്റ്റുഡിയോ വീണ്ടും ചര്‍ച്ചയാകുമ്പോള്‍…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വനിതയുടെ കവര്‍ പേജും ഇപ്പോള്‍ കാക്കനാട്ടെ സ്റ്റുഡിയോയും വീണ്ടും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. 2017 ഫെബ്രുവരി 17നു സിനിമയില്‍ സംഭാഷണം ഡബ്ബ് ചെയ്ത് കാക്കനാടു വാഴക്കാലയിലെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നും പോകും വഴിയായിരുന്നു ആക്രമണം നടന്നത്. പിന്നീട് ഈ ഡബ്ബിങ് സ്റ്റുഡിയോയെ കുറിച്ച് ഇതുവരെ മറന്നിരിക്കുകയായിരുന്നു.
കേസിന്റെ വിചാരണ അവസാനഘട്ടത്തിലേക്കു കടക്കുമ്പോഴാണ് ഒന്‍പതാം പ്രതിയായ നടന് ദിലീപിന്റെ വീട്ടില്‍ ഏറെ സ്വാതന്ത്ര്യമുണ്ടായിരുന്ന സംവിധായകന് ബാലചന്ദ്രകുമാര്‍ വിചാരണ നിര്‍ത്തിവയ്പ്പിക്കാന്‍ തക്ക ഗൗരവമുള്ളതെന്നു പ്രോസിക്യൂഷനു തോന്നിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഈ വെളിപ്പെടുത്തലിലാണു കാക്കനാട്ടെ സ്റ്റുഡിയോ വീണ്ടും കടന്നുവരുന്നത്.
എന്നാല്‍ പീഡനദൃശ്യങ്ങള്‍ സ്റ്റുഡിയോയില്‍ എത്തിച്ച് 20 ഇരട്ടി ശബ്ദവര്‍ധന നടത്തിയെന്ന ആരോപണം നിഷേധിച്ചിരിക്കുകയാണ് സ്റ്റുഡിയോ. ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതായി അറിയില്ലെന്നും കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും, വെളിപ്പെടുത്തലുമായി എത്തിയ സംവിധായകനെ സ്റ്റുഡിയോയില്‍ കണ്ടിട്ടില്ലെന്നും സ്റ്റുഡിയോയുടെ ചുമതല വഹിക്കുന്ന ഒരു വനിത പറഞ്ഞു. എന്നാല്‍ സ്റ്റുഡിയോയിലെ ദൃശ്യങ്ങളില്‍ ദിലീപ് ദൃശ്യങ്ങളുമായി വരുന്നത് കാണാമെന്നുള്ള സ്ഥിതീകരിക്കാത്ത വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
നെടുമ്പാശേരിഅങ്കമാലി റൂട്ടില്‍ വച്ചാണ് ഒന്നാം പ്രതി പള്‍സര്‍ സുനിയും ഗുണ്ടകളും നടി സഞ്ചരിച്ചിരുന്ന കാറില്‍ വണ്ടി ഇടിപ്പിച്ചു തര്‍ക്കമുണ്ടാക്കി നടിയെ ഭീഷണിപ്പെടുത്തി മറ്റൊരിടത്തേക്കു തട്ടിക്കൊണ്ടു പോയത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിലാണു നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ക്കൊപ്പം പള്‍സര്‍ സുനി പകര്‍ത്തിയ ശബ്ദങ്ങള്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. അന്വേഷണ സംഘം കണ്ടെത്തിയ ഈ ദൃശ്യങ്ങളാണു വിലപ്പെട്ട തെളിവായി കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ളത്.
ഏറെ നിയമപോരാട്ടം നടത്തിയിട്ടും പ്രതിഭാഗത്തിനു പോലും ദൃശ്യങ്ങളുടെ കോപ്പി നല്കാന് ഒരു കോടതിയും ഉത്തരവിട്ടില്ല. ഒരു തൊണ്ടി മുതലെന്നതിനപ്പുറം കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയുടെ സ്വകാര്യതയ്ക്കു വലിയ പരിഗണന നല്‍കുന്നതായിരുന്നു കോടതി വിധി. എന്നാല്‍ അടച്ചിട്ട കോടതി മുറിയില്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാനും പ്രതിഭാഗത്തിന്റെ വാദം രൂപപ്പെടുത്താനും കോടതി സമയം അനുവദിച്ചിരുന്നു.
ഇതേ ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ നടന് ദിലീപിന്റെ പക്കലുണ്ടെന്നാണു സംവിധായകന് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദത്തിനു വ്യക്തത പോരാതിരുന്നിട്ടു സാങ്കേതികമായി 20 മടങ്ങു വര്‍ധിപ്പിച്ചതാണെന്നു ദിലീപും കൂട്ടാളികളും പറഞ്ഞതായും ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്നു.
കുറ്റകൃത്യം നടന്ന ദിവസം നടി സിനിമയിലെ സംഭാഷണം ഡബ്ബ് ചെയ്യാനായി എത്താനിരുന്ന അതേ സ്റ്റുഡിയോയിലാണു നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദത്തിന്റെ വ്യക്തത 20 മടങ്ങു വര്‍ധിപ്പിച്ചതെന്നു ദിലീപിന്റെ അടുത്ത ബന്ധു ദിലീപിനോടു പറയുന്നതു താന്‍ കേട്ടെന്നും, ഇവരുടെ സംഭാഷണം ടാബില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നുമാണു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
മാധ്യമങ്ങള്‍ക്കു മുന്നിലും പൊലീസിനോടും ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു നിയമപരമായ തെളിവുമൂല്യമില്ല. എന്നാല്‍ വരുന്ന 12ന് അടച്ചിട്ട കോടതി മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ മജിസ്ട്രേട്ട് മുന്‍പാകെ മൊഴി നല്കുമ്പോഴും ഇത്തരം വെളിപ്പെടുത്തലുകള്‍ (ക്രിമിനല്‍ നടപടി ചട്ടം വകുപ്പ് 164) തെളിവു നിയമപ്രകാരം രേഖപ്പെടുത്തിയ ശേഷം അനുബന്ധ തെളിവുകളും കൈമാറിയാല്‍ ഒരു വിചാരണക്കോടതിക്കും അതിന്റെ ഉള്ളടക്കം പരിശോധിക്കാതിരിക്കാന്‍ കഴിയില്ല. പിന്നീടു ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ വിശ്വാസ്യത തലനാരിഴകീറി പരിശോധിച്ച് ഖണ്ഡിക്കേണ്ടതു പ്രതിഭാഗത്തിന്റ മാത്രം ബാധ്യതയാണ്.
ബാലചന്ദ്രകുമാര്‍ പറയുന്ന മൊഴികള്‍ വസ്തുതാപരമല്ലെങ്കില്‍ അതു തെളിയിക്കാന്‍ പ്രതിഭാഗത്തിനും അവസരമുണ്ട്. ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമായിരിക്കും ഇനി ഈ കേസിന്റെ യഥാര്‍ഥ വിധി നിര്‍ണയിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറും (പള്‍സര്‍ സുനി) ഒന്‍പതാം പ്രതി ദിലീപും തമ്മില്‍ അടുത്തബന്ധമുണ്ടെന്നും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ക്വട്ടേഷന്‍ പ്രകാരം തന്നെ ദിലീപിന്റെ പക്കല്‍ എത്തിച്ചിരുന്നെന്നുമാണു ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ സാരം.
പ്രോസിക്യൂഷന് കേസിനെ ഏറ്റവും അധികം ബലപ്പെടുത്തുന്ന ഈ മൊഴികളെ പൊളിക്കാന്‍ പ്രതിഭാഗത്തിനാകുമോയെന്നു കാത്തിരുന്നു കാണാം. വിചാരണക്കോടതിയും മേല്‍ക്കോടതികളും ഇതെല്ലാം നിയമപരമായി എങ്ങനെ വിലയിരുത്തുന്നു എന്നതിനനുസരിച്ചായിരിക്കും കേസിന്റെ അന്തിമവിധി.
