Malayalam
കാത്തിരിപ്പിന് വിരാമം, ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു, സന്തോഷവാര്‍ത്ത പങ്കിട്ട് സിനിമാ ലോകം
കാത്തിരിപ്പിന് വിരാമം, ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു, സന്തോഷവാര്‍ത്ത പങ്കിട്ട് സിനിമാ ലോകം
മലയാളക്കരയെ കുടുകുടാ ചിരിപ്പിച്ച, മലയാളത്തിന്റെ സ്വന്തം ജഗതി ശ്രീകുമാറിന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. 2012ല്‍ അപകടത്തില്‍പെട്ട് കഴിയുന്ന താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. എപ്പോള്‍ തിരിച്ചെന്നുമാണ് എല്ലാവരും ചോദിച്ചിരുന്നതും. എന്നാല്‍ ആ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിബിഐ സീരിസുകളില്‍ മമ്മൂട്ടിയ്ക്കൊപ്പം വിക്രം എന്ന സിബിഐ ഓഫീസറെയാണ് ജഗതി അവതരിപ്പിച്ചിരുന്നത്. കെ. മധുവാണ് സിബിഐ അഞ്ചാം ഭാഗം സംവിധാനം ചെയ്യുന്നത്. എസ്.എന്‍ സ്വാമിയാണ് തിരക്കഥ. ജഗതിയുടെ നിലവിലെ ആരോഗ്യ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ചിത്രത്തിലെ കഥാപാത്രമെന്നാണ് സൂചന. എന്നിരുന്നാലും ജഗതിയുടെ ആരോഗ്യസ്ഥിതി കൂടി നോക്കിയ ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. കഴിഞ്ഞ വര്‍ഷം രണ്ട് പരസ്യ ചിത്രങ്ങളില്‍ ജഗതി അഭിനയിച്ചിരുന്നു. നിരവധി സിനിമകളിലേക്കും ജഗതിയെ വിളിച്ചിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
അമല്‍ നീരദ് ഒരുക്കുന്ന ബിഗ് ബി ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാലിന്റെയും രത്തീന അര്‍ഷാദ് ഒരുക്കുന്ന മറ്റൊരു ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാകും സിബിഐ 5 ല്‍ മമ്മൂട്ടി എത്തുക. ആദ്യ സീരിസുകളില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ മുകേഷ്, സായ് കുമാര്‍ എന്നീ താരങ്ങളും അഞ്ചാം ഭാഗത്തില്‍ ഉണ്ടാകും.
